മനുഷ്യജീവിതം എന്ത്

Monday 1 December 2014 8:11 pm IST

ഇന്ന് ഗീതാദിനമാണ്. ഗീത ആത്മീയതയുടെ സംഗീതമാണ്. കര്‍മമാര്‍ഗങ്ങള്‍ നേടാനുള്ള ആഹ്വാനമാണ് ധര്‍മസന്ദേശങ്ങളുടെ ചെപ്പാണ്. ആത്മചൈതന്യത്തെ സമൃദ്ധമാക്കുന്ന ചിന്തകളുടെ പ്രവാഹമാണ്.അഭിനവ ഗീതാചാര്യനെന്ന് ഏവരാലും പുകഴ്ത്തപ്പെട്ട ചിന്മയാനന്ദ സ്വാമികളുടെ ഗീതാജ്ഞാനയജ്ഞങ്ങള്‍ ധാര്‍മികപുനരുദ്ധാരണത്തിനുള്ള ഒരു മഹത്തായ കര്‍മപരിപാടി ആയിരുന്നു. മനുഷ്യജീവിതം എന്തെന്ന് കാണിച്ച് തരുവാന്‍ സ്വാമിജി പറഞ്ഞ ഒരു കഥ ഇവിടെ ഉദ്ധരിക്കാം. ഗീതാദിനത്തില്‍ സ്വാമിജിയെ സ്മരിച്ച ഫലവും ലഭിക്കും.മനുഷ്യജീവിതം എല്ലാം വേണമെന്ന് ഉള്ള ആഗ്രഹം മാത്രമാണ്. ഘോരമായ വനത്തിലൂടെ പേടിച്ചരണ്ട് ജീവന്‍ കയ്യില്‍ പിടിച്ച് ഒരു മനുഷ്യന്‍ ഓടുന്നു. തൊട്ടുപിന്നില്‍ അലറി അടുക്കുന്ന ഒരു സിംഹം. പ്രാണഭയത്തോടെ ഓടുന്ന മനുഷ്യന്‍ വെപ്രാളത്തിനിടയില്‍ ഒരു പൊന്തക്കുള്ളില്‍ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റിലേക്ക് വീഴുന്നു. ആഴമുള്ള കിണറ്റില്‍ വെള്ളമില്ല. പാറക്കെട്ടുകള്‍ മാത്രം. പാറക്കെട്ടില്ലാത്ത പുല്‍ത്തകിടുള്ള ഒരു ഭാഗം ഉണ്ട്. അവിടെ ഒരു ഉഗ്രന്‍ സര്‍പ്പം തല ഉയര്‍ത്തി നില്‍ക്കുന്നു. കിണറ്റില്‍ നിലംപതിച്ചാല്‍ ഒന്നുകില്‍ പാറകെട്ടില്‍ തട്ടി തലതകരും അല്ലെങ്കില്‍ ആഞ്ഞുകൊത്താന്‍ പാകത്തില്‍ നില്‍ക്കുന്ന സര്‍പ്പത്തിന്റെ മുമ്പില്‍പ്പെടും. രണ്ടായാലും ഫലം ഒന്നുതന്നെ. അനായാസേന മരണം!! വീഴ്ചക്കിടയില്‍ കിണറ്റിനകത്തുള്ള ഒരു കാട്ടു ചെടിയുടെ കൊമ്പില്‍ പിടികിട്ടി മനുഷ്യന്‍ തല്‍ക്കാലം രക്ഷനേടി. ഒന്ന് കിണഞ്ഞേന്തിയാല്‍ കൈകൊണ്ട് പിടിച്ച് മുകളിലേക്ക് കയറാം. പക്ഷെ അവിടെയും രക്ഷയില്ല. സിംഹം കാത്തുനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് താന്‍ പിടിച്ച കൊമ്പ് ഭാരം സഹിക്കാനാവാതെ മെല്ലെ മെല്ലെ നിലംപൊത്തിക്കൊണ്ടിരിക്കുന്നതായി സാധു മനുഷ്യന്‍ മനസ്സിലാക്കുന്നത്. താഴത്തേക്കുള്ള പതനം ഇനി നിമിഷങ്ങള്‍ക്കകം. ഈ ബഹളത്തിനിടയില്‍ ഒരു ദുരന്തംകൂടി കൂട്ടിനെത്തി. രക്ഷപ്പെടുവാനുള്ള വെപ്രാളത്തിനിടയില്‍ ചെടിയില്‍ എവിടേയോ കൈ തട്ടിയപ്പോള്‍, അതിന്മേല്‍ ഉണ്ടായിരുന്ന തേനീച്ചക്കൂട്ടം ഒന്നായി ഇളകി. അയാളുടെ മുഖത്തും ശിരസ്സിലും ശരീരത്തും കുത്താന്‍ തുടങ്ങി. ഭീകരമായ ഒരു അവസ്ഥ-ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ!! അതിനിടെ തേനീച്ചക്കൂട്ടില്‍നിന്ന് തേന്‍ ഇറ്റ് വീഴാന്‍ തുടങ്ങി. ഒരു തുള്ളി തേന്‍ സാധു മനുഷ്യന്റെ ചുണ്ടിന്റെ മുകളിലും വീണു.മരണം!! അക്ഷരാര്‍ത്ഥത്തില്‍ മുകളിലും താഴേയും കാത്തുനില്‍ക്കുന്നു. ആ അവസ്ഥയിലും വിഡ്ഢിയായ നമ്മുടെ മനുഷ്യന്‍ നാവ് നീട്ടുകയാണ്, ആ ഒരു തുള്ളി തേന്‍ നുകരാന്‍. മനുഷ്യജീവിതത്തിന്റെ പ്രതീകാത്മകമായ ഒരു ചിത്രം നാമെല്ലാവരും ഈ കഥയിലെ ആ മനുഷ്യനാണെന്ന് സ്വാമിജി പറഞ്ഞു. അതാണ് ജീവിതം! ഇന്ന് നൂറുനൂറു പ്രശ്‌നങ്ങളാണ് ചുറ്റും. ബാങ്ക് വായ്പ തിരിച്ചടക്കാത്തതിന്റെ നോട്ടീസ്, വീട്ട് വാടക കുടശിക സംബന്ധിച്ച ഭീഷണി, അയല്‍ക്കാരന്റെ ശല്യം, ആഫീസില്‍ മേലധികാരിയുടെ കോപം, സ്‌കൂളില്‍ മകന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതി, പഞ്ചസാരയുടെ ഉപദ്രവം മൂലം മധുരം കഴിക്കാന്‍ വയ്യല്ലോ എന്ന വ്യഥ, അദ്ധ്വാനിക്കാതെ ലക്ഷണങ്ങള്‍ നേടാം എന്ന വ്യാമോഹം തകര്‍ന്ന നിരാശ അങ്ങനെ പോകുന്നു ആ പട്ടിക. എന്നിട്ടും അപ്രതീക്ഷിതമായി ഒരു നല്ല പടം ടിവിയില്‍ ഉണ്ടെന്നറിഞ്ഞാല്‍ എല്ലാം മറന്ന് സ്വയം ടിവിക്ക് മുമ്പില്‍ നാം പ്രതിഷ്ഠിക്കുന്നു. മരണവെപ്രാളത്തിനിടയില്‍ തേന്‍ നുകരാന്‍ നാവ് നീട്ടുന്ന മനുഷ്യന്റെ അതേ ആര്‍ത്തിയോടെ അതാണ് ജീവിതം!! മമധര്‍മ-ഗീതാസന്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.