കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഇന്റര്‍ സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജനുവരിയില്‍ നടക്കും. 14 ജില്ലകളില്‍ ജനുവരി 4 മുതല്‍ 20 വരെയാണ് ജില്ലാതല ടൂര്‍ണ്ണമെന്റ് നടക്കുക. സര്‍ക്കാര്‍ സിലബസ് സ്കൂളുകള്‍ക്കും സിബിഎസ്ഇ സ്കൂളുകള്‍ക്കും പ്രത്യേകമായാണ് മത്സരം.
രാജ്യത്ത് ഏറ്റവുംകൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് എന്ന നിലയില്‍ കെസിഎ നടത്തുന്ന സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടാനുള്ള നടപടിക്രമങ്ങള്ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം കെസിഎ സംഘടിപ്പിച്ച ഇന്റര്‍ സ്ക്കൂള് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ 1302 സ്കൂളുകളാണ് പങ്കെടുത്തിരുന്നത്.
ആണ്-പെണ് വിഭാഗങ്ങളില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ 2001 സെപ്തംബര്‍ ഒന്നിനോ, അതിന് മുമ്പോ ജനിച്ച ആണ്‍കുട്ടികള്‍ക്കും പത്താം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ചെറുപ്രായത്തില്‍ തന്നെ മികച്ച പ്രതിഭകളെ കണ്ടെത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇന്റര്‍സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ടൂര്‍ണ്ണമെന്റ് സംഘാടക സമിതി ചെയര്മാന് റോങ്കഌന്‍ ജോണ്‍ അറിയിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്ലാതലത്തില്‍ 15 ഓവറും സോണല്‍തലത്തില്‍ 25 ഓവറും സംസ്ഥാന തലത്തില്‍ 30 ഓവറുമാണ് മത്സരങ്ങള്‍. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്ലാതലത്തില്‍ 15 ഓവറും സംസ്ഥാന തലത്തില്‍ 30 ഓവറുമാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: