ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; 13 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Monday 1 December 2014 9:37 pm IST

റായ്പൂര്‍: മനുഷ്യക്കവചം മറയാക്കി ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 13 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നക്‌സല്‍ ബാധിത ജില്ലയായ സുഖ്മയില്‍ നടന്ന ആക്രമണത്തില്‍ മരിച്ചവരില്‍ രണ്ട് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. ഒരു ഡസനിലധികം ജവാന്മാര്‍ക്ക് പരിക്കേറ്റതായും വിവരം ലഭിച്ചു. ചിന്താഗുഫ എന്ന സ്ഥലത്തു നടന്ന ആക്രമണത്തില്‍ സായുധരായ വലിയ സംഘം നക്‌സലുകളാണ് പങ്കെടുത്തതെന്ന് ഛത്തീസ്ഗഡിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. ദക്ഷിണ ബസ്തര്‍ പ്രദേശത്തെ കൊടുംകാടുകളില്‍ നിരവധി ദിവസങ്ങളില്‍ നടത്തിയ തിരച്ചിലിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന സിആര്‍പിഎഫ് സംഘത്തെയാണ് നക്‌സലുകള്‍ പതിയിരുന്ന് ആക്രമിച്ചത്. ആക്രമണത്തില്‍ ഡെപ്യൂട്ടി കമാന്റന്റ് ബി.എസ്. വര്‍മ, അസിസ്റ്റന്റ് കമാന്റന്റ് രാജേഷ് അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് നക്‌സല്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന ഛത്തീസ്ഗഡ് അഡീഷണല്‍ ഡിജിപി ആര്‍.കെ. വിജി പറഞ്ഞു. സിആര്‍പിഎഫിന്റെ ശക്തമായ തിരിച്ചടിയില്‍ നിരവധി മാവോയിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. 223, 206 ബറ്റാലിയനുകളും കോബ്ര എന്ന കമാന്റോ യൂണിറ്റുമാണ് ആക്രമണത്തിന് ഇരയായത്. ഛത്തീസ്ഗഡിലുണ്ടായ മാവോ ഭീകരാക്രമണത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ശക്തിയായ അപലപിച്ചു. കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ആഭ്യന്തരമന്ത്രി എന്തുവില കൊടുത്തും രാജ്യത്തു നിന്ന് മാവോയിസ്റ്റ് ഭീകരത തുടച്ചു നീക്കുമെന്നും പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ഹെലികോപ്ടറില്‍ ജഗദല്‍പൂരിലും പിന്നീട് സംസ്ഥാന തലസ്ഥാനത്തും എത്തിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ മാവോ വേട്ടയ്ക്കുമായി സുരക്ഷാ സൈന്യത്തെ നിയോഗിച്ചതായി ഛത്തീസ്ഗഡ് സിആര്‍പിഎഫ് ഐജി എച്ച്.എസ്. സിദ്ദു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.