കോളജുകള്‍ക്ക് സ്വയംഭരണാധികാരം ബില്‍ നിയമസഭ പാസാക്കി

Monday 1 December 2014 10:45 pm IST

തിരുവനന്തപുരം: രാത്രിനീണ്ട ചര്‍ച്ചക്കൊടുവില്‍ സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭ പാസാക്കി.  കോളജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനും ഇറങ്ങിപ്പോക്കിനും ശേഷം ഏകപക്ഷീയമായി ബില്‍ പാസാക്കുകയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷം ഒടുവില്‍ ബില്ലിന്റെ കോപ്പി വലിച്ചുകീറി സഭയില്‍ എറിഞ്ഞു. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ സ്വയംഭരണ അംഗീകാര സമിതിയാണ് കോളജുകള്‍ക്ക് അനുമതി നല്‍കുന്നത്. കേരള, കാലിക്കറ്റ്, എം ജി, കണ്ണൂര്‍ സര്‍വകലാശാല വിസിമാര്‍, ഉന്നതവിദ്യാഭ്യാസം, നിയമം, ധനം വകുപ്പുകളുടെ സെക്രട്ടറിമാര്‍ ,ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ഇതില്‍ അംഗങ്ങളായിരിക്കും. സ്വയംഭരണ കോളജുകള്‍ക്ക് അക്കാദമിക് കൗണ്‍സിലും ബോര്‍ഡ് ഓഫ് സ്റ്റഡീസും ഗവേണിംഗ് കൗണ്‍സിലും രൂപവത്കരിക്കും. കോളജിന്റെ പ്രിന്‍സിപ്പല്‍ അക്കാദമിക് കൗണ്‍സിലിന്റെ ചെയര്‍മാനാകും. വകുപ്പ് മേധാവികളും സര്‍ക്കാര്‍ കോളജുകളില്‍ കോളജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടറും എയ്ഡഡ് കോളജുകളെങ്കില്‍ മാനേജരും നാമനിര്‍ദേശം ചെയ്യുന്ന നാല് അധ്യാപകരും ഗവേണിംഗ് കൗണ്‍സില്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യവസായം, വാണിജ്യം, നിയമം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, എന്‍ജിനീയറിംഗ്, ഭരണ നിര്‍വഹണം, ധനകാര്യം മേഖലകളില്‍ നിന്നുള്ള നാല് വിദഗ്ധരും സര്‍വകലാശാല നാമനിര്‍ദേശം ചെയ്യുന്ന അസോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ താഴെയല്ലാത്ത മൂന്ന് പേരും അംഗങ്ങളായിരിക്കും.കോളജിലെ അധ്യാപകര്‍ക്കിടയില്‍ നിന്ന് പ്രിന്‍സിപ്പല്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരംഗം മെമ്പര്‍ സെക്രട്ടറി ആയിരിക്കും. പഠനകോഴ്‌സുകള്‍, പാഠ്യപദ്ധതി, അക്കാദമിക് റഗുലേഷന്‍, സിലിബസ് പരിഷ്‌കരണങ്ങള്‍, ബോധനത്തിനും മൂല്ല്യനിര്‍ണ്ണയത്തിനുമുള്ള ക്രമീകരണങ്ങള്‍ വരുത്തുന്നതും അക്കാദമിക് കൗണ്‍സിലിന്റെ ചുമതലയായിരിക്കും. അക്കാദമിക് കൗണ്‍സിലില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ പുനപരിഗണനക്ക് തിരികെ നല്‍കാന്‍ പഠന ബോര്‍ഡിന് അധികാരമുണ്ടാകും. പുതിയ പാഠ്യപദ്ധതികള്‍ ആരംഭിക്കാനും സ്‌കോളര്‍ഷിപ്പുകള്‍, സ്റ്റുഡന്റ്ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, പാരിതോഷികങ്ങള്‍, മെഡലുകള്‍ നല്‍കാന്‍ ഗവേണിംഗ് കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യേണ്ടതും അക്കാദമിക് കൗണ്‍സിലാണ്. ഓരോ കോളജിലെയും കോഴ്‌സുകള്‍ ചേര്‍ത്താണ് പഠന ബോര്‍ഡ് രൂപവത്കരിക്കേണ്ടത്. അസോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ താഴെയല്ലാത്ത വകുപ്പ് തലവന്‍, പഠനബോര്‍ഡില്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ആറ് അധ്യാപകര്‍, അക്കാദമിക് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന കോളജിന് പുറത്ത് നിന്നുള്ള രണ്ടുപേര്‍, വിസി നിര്‍ദേശിക്കുന്ന ഒരാള്‍, വ്യവസായം, കോര്‍പ്പറേറ്റ് മേഖലകളില്‍ നിന്നുള്ള ഒരാള്‍, ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പൂര്‍വവിദ്യാര്‍ഥി എന്നിവരാണ് ഇതില്‍ അംഗങ്ങളാവുക. പ്രിന്‍സിപ്പലിന്റെ അംഗീകാരത്തോടെ പ്രത്യേക ക്ഷണിതാക്കളായും വിദഗ്ധരെ ഉള്‍പ്പെടുത്താം. അക്കാദമിക് വിദഗ്ധനെ ചെയര്‍മാനാക്കി സര്‍ക്കാരാണ് ഗവേണിംഗ് കൗണ്‍സില്‍ രൂപവത്കരിക്കേണ്ടത്. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും, വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് നല്‍കല്‍, വിദ്യാര്‍ഥികളുടെ ഫീസും മറ്റു ചെലവുകള്‍ നിശ്ചയിക്കല്‍ തുടങ്ങിയവ ഗവേണിംഗ് കൗണ്‍സിലിന്റെ ചുമതലയാണ്. സ്വയംഭരണ കോളജുകളിലെ പരീക്ഷാനടത്തിപ്പിന് പരീക്ഷാ കണ്‍ട്രോളറെ നിയമിക്കും. കോളജുകളുടെ ശുപാര്‍ശയനുസരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് സര്‍വകലാശാലയായിരിക്കും. സര്‍ട്ടിഫിക്കറ്റില്‍ കോളജുകളുടെ പേര് കൂടി ഉള്‍പ്പെടുത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.