സിപിഎമ്മിന്റേത് രാഷ്ട്രീയ പാപ്പരത്തം: ഒ. രാജഗോപാല്‍

Monday 1 December 2014 10:52 pm IST

കോഴിക്കോട് മുതലക്കുളത്ത് നടന്ന ജനശക്തി സംഗമം ബിജെപി മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്ന സിപിഎം നിലപാട് പാപ്പരത്തമാണെന്ന് ബിജെപി മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍.   കെ. ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് നടന്ന ജനശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഉപേക്ഷിക്കപ്പെട്ട ദുരാചാരത്തിന്റെ പുതിയ വക്താക്കളാണ് സിപിഎം. പിന്നാക്ക സാഹചര്യങ്ങളില്‍ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്ന നരേന്ദ്രമോദിയെ സിപിഎം അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണ്.

ത്രിപുര നിയമസഭയില്‍ സിപിഎം മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതിനെതിരെയുള്ള പാര്‍ട്ടിയുടെ നിലപാട് അയിത്താചരണത്തിന്റെ മറ്റൊരു തെളിവാണ്. ശിവഗിരിയിലും കൊച്ചിയിലെ കെപിഎംഎസ് സമ്മേളനത്തിലും നരേന്ദ്ര മോദി പങ്കെടുത്തത് രാഷ്ട്രീയ അസഹിഷ്ണുതയോടെയാണ് കോണ്‍ഗ്രസും സിപിഎമ്മും കാണുന്നത്.

മാറ്റത്തിന്റെ കാറ്റ് ഉള്‍ക്കൊള്ളാന്‍ ഈ പാര്‍ട്ടികള്‍ തയാറാകുന്നില്ല. ഭാരതത്തില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം ചരിത്രത്തിന്റെ അനിവാര്യതയാണ്. ആദ്ധ്യാത്മികതയെ അകറ്റി നിര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും അഴിമതി നിറഞ്ഞ കോണ്‍ഗ്രസിനെയും രാജ്യം തിരസ്‌കരിച്ചിരിക്കുകയാണ്.  ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പേര്‍ക്ക്  ജനശക്തി സംഗമത്തില്‍ സ്വീകരണം നല്‍കി.

പ്രശസ്ത സിനിമാ സംവിധായകന്‍ അലി അക്ബര്‍, കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി സുരേഷ് ബാലുശ്ശേരി, അഡ്വ. മുഹമ്മദ് റിഷാല്‍, പൂനം ബബിന്‍ ദേശായി, മേജര്‍ രാജന്‍ ചേവരമ്പലം, സീരീയല്‍ സിനിമാ നടി മെര്‍ളിന്‍ ചാള്‍സ്, സുനില്‍ ശങ്കര്‍ തുടങ്ങിയ പ്രമുഖരെ ഒ. രാജഗോപാല്‍ സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.ടി. വിപിന്‍, എം. പി. രാജന്‍,  എം.സി. ശശീന്ദ്രന്‍, അഡ്വ. വി.പി. ശ്രീപത്മനാഭന്‍, കര്‍ഷകമോര്‍ച്ച  അഖിലേന്ത്യാ സെക്രട്ടറി പി.സി. മോഹനന്‍ മാസ്റ്റര്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഹല്യ ശങ്കര്‍, എന്നിവര്‍ പങ്കെടുത്തു. ഇന്നലെ കാലത്ത് ജില്ലയില്‍ ബൂത്ത് തലത്തില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ശ്രദ്ധാഞ്ജലി ദിനാചരണ പരിപാടി നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.