കൃഷ്ണപിള്ള സ്മാരകം സന്ദര്‍ശിക്കാനെത്തിയ എം.ടി. രമേശിനെ പോലീസ് തടഞ്ഞു

Monday 1 December 2014 11:04 pm IST

പി. കൃഷ്ണപിള്ള സ്മാരകം സന്ദര്‍ശിക്കാനെത്തിയ എം.ടി. രമേശിനെയും
ബിജെപി നേതാക്കളെയും പോലീസ് തടയുന്നു

ആലപ്പുഴ: സിപിഎമ്മുകാര്‍ തകര്‍ത്ത പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശിനെയും സംഘത്തെയും സിപിഎം ഭീഷണിയെ തുടര്‍ന്ന് പോലീസ് തടഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

സ്മാരകം സന്ദര്‍ശിക്കുമെന്നു നേരത്തെ തന്നെ ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരെ സ്മാരകത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ സിപിഎമ്മുകാര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി സ്ഥലത്ത് തമ്പടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചേര്‍ത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി.

സ്മാരകത്തില്‍ എത്തും മുമ്പ് എം.ടി. രമേശിനെയും ബിജെപി നേതാക്കളെയും പോലീസ് തടഞ്ഞു.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനെ തുടര്‍ന്ന് പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേരുമെന്നു പ്രഖ്യാപിച്ച സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ പഞ്ചായത്തംഗവുമായ എന്‍.വി. ശശി, ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറി റിജോ എന്നിവരുടെ നേതൃത്വത്തില്‍ എം.ടി. രമേശിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എന്നാല്‍ തങ്ങള്‍ സംഘര്‍ഷത്തിനില്ലെന്നു പ്രഖ്യാപിച്ച് ബിജെപി നേതാക്കള്‍ മടങ്ങുകയായിരുന്നു.

കൃഷ്ണപിള്ള ഒരു പാര്‍ട്ടിയുടെ മാത്രം നേതാവല്ലെന്നും നാടിന്റെ നേതാവാണെന്നും പിന്നീട് എം.ടി. രമേശ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. നാടിന്റെ പൊതുസ്വത്താണ് എ.കെ.ജിയും, പി. കൃഷ്ണപിള്ളയും അടക്കമുള്ള നേതാക്കള്‍. ഇവരുടെ സ്മാരകം സംരക്ഷിക്കുന്നതില്‍ പോലും സിപിഎം പരാജയപ്പെട്ടു. സ്വന്തം അണികള്‍ പാര്‍ട്ടി ആചാര്യന്മാരുടെ സ്മാരകങ്ങളും രക്തസാക്ഷി മണ്ഡപങ്ങളും അടിച്ചു തകര്‍ക്കുന്നത് നിസഹായതയോടെ കാണേണ്ട ഗതികേടിലാണ് പാര്‍ട്ടി നേതൃത്വം. കൊടിയ വഞ്ചനയാണ് പാര്‍ട്ടി നേതൃത്വം രക്തസാക്ഷികളോടും പാര്‍ട്ടിക്കു വേണ്ടി ജീവിച്ചവരോടും കാണിക്കുന്നത്.ഈ നെറികേടു കാലം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.എ. പുരുഷോത്തമന്‍, സാനു സുധീന്ദ്രന്‍, പി.കെ. വാസുദേവന്‍, ജി. ജയദേവ്, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, സെക്രട്ടറി എം.വി. ഗോപകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ പി.കെ. ബിനോയ്, ആര്‍. ഉണ്ണികൃഷ്ണന്‍, മണ്ഡലം ഭാരവാഹി എം.വി. സുഗുണന്‍, കെ.വി. അശോകന്‍ എന്നിവരും എം.ടി. രമേശിനൊപ്പമുണ്ടായിരുന്നു.
പ്രദേശത്ത് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ബിജെപി പ്രവര്‍ത്തകരെ പോരിനു വിളിക്കുകയായിരുന്നു നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം ഗുണ്ടാസംഘം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.