കുമരകം സാമൂഹ്യ വിരുദ്ധ-മാഫിയ സംഘങ്ങളുടെ കേന്ദ്രമാകുന്നു

Saturday 15 October 2011 11:24 pm IST

കുമരകം: കുമരകം മേഖലയില്‍ അജ്ഞാതരുടെ അതിക്രമം വര്‍ദ്ധിക്കുന്നത്‌ തദ്ദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ടൂറിസത്തിണ്റ്റെ മറവില്‍ വാഹനങ്ങളിലെത്തുന്ന സാമൂഹ്യവിരുദ്ധരാണ്‌ കുമരകം നിവാസികള്‍ക്ക്‌ തലവേദനയാകുന്നത്‌. കഴിഞ്ഞദിവസം കുമരകം തെക്കുംഭാഗത്ത്‌ സാവിത്രി കവലയ്ക്കു സമീപം കുട്ടിയുമായി റോഡിലൂടെ നടന്നുവന്ന സ്ത്രീയെ കാറിലെത്തിയ സാമൂഹ്യവിരുദ്ധര്‍ കാറില്‍ കയറ്റാന്‍ ശ്രമം നടത്തുകയും സ്ത്രീയും കുട്ടിയും അടുത്തുള്ള പോസ്റ്റോഫീസില്‍ ഓടിക്കയറി വിവരം ധരിപ്പിച്ചതിനെത്തുടര്‍ന്ന്‌ ജീവനക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും കാറിലെത്തിയവര്‍ പെട്ടെന്ന്‌ കാര്‍ ഓടിച്ച്‌ രക്ഷപ്പെടുകയും ചെയ്തു. ഇതിനു സമാനമായ പ്രശ്നങ്ങള്‍ ഇതിനു മുന്‍പും പള്ളിച്ചിറ ഭാഗത്തും കവണാറ്റിന്‍കര ഭാഗത്തും നടന്നിട്ടുണ്ട്‌. കഴിഞ്ഞ ദിവസം കഞ്ചാവുമായി ഒരാള്‍ പള്ളിച്ചിറ കവലക്കടുത്തുവെച്ച്‌ പോലീസ്‌ പിടിയിലായിരുന്നു. കുമരകം ടൂറിസ്റ്റു കേന്ദ്രമായി ഉയര്‍ന്നതോടെ കായല്‍ തീരങ്ങളിലും റോഡരികുകളിലും ഉള്‍ഗ്രാമങ്ങളിലുമൊക്കെ വന്‍കിട-ചെറികിട റിസോര്‍ട്ടുകളും, ഹോം സ്റ്റേകളും തിരുമ്മു ചികിത്സാ കേന്ദ്രങ്ങളുമൊക്കെ ധാരാളമായി കൂണുകള്‍ മുളയ്ക്കുന്നതുപോലെ പൊന്താന്‍ തുടങ്ങി. കൂടാതെ ഹൌസ്‌ ബോട്ടുകളും ബോട്ടുകളും കായലിന്‌ ഉള്‍ക്കൊള്ളാനാകുന്നതിലുമധികമായി വര്‍ദ്ധിച്ചു. ഇതോടെ ടൂറിസത്തിണ്റ്റെ മറവില്‍ കള്ളക്കടത്തുകാര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും തീവ്രവാദികള്‍ക്കും കഞ്ചാവ്‌ മയക്കുമരുന്നു മാഫിയകള്‍ക്കും അനാശാസ്യക്കാര്‍ക്കും കുമരകം സുരക്ഷിത കേന്ദ്രമായി മാറി. വിദേശികളും സ്വദേശികളും അന്യ സംസ്ഥാനക്കാരുമായ ആയിരക്കണക്കിന്‌ ടൂറിസ്റ്റുകളാണ്‌ ദൈനംദിനം കുമരകത്ത്‌ വന്നുപോകുന്നത്‌. പക്ഷി സങ്കേതം കാണാനും കായല്‍ വിനോദസഞ്ചാരത്തിനും പ്രകൃതിയുടെ സൌന്ദര്യം നുകരാനുമെത്തുന്ന ടൂറിസ്റ്റുകളേക്കാള്‍ ഏറെ മറ്റു പല നിയമരഹിത ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ടൂറിസ്റ്റുകളെന്ന വ്യാജേന എത്തുന്നവരാണധികമെന്ന്‌ വിലയിരുത്തപ്പെടുന്നു. ടൂറിസ്റ്റുകളായി ഇവിടെയെത്തുന്നവരെ നിരീക്ഷിക്കാനോ ഇവരുടെ ഉദ്ദേശങ്ങള്‍ പടിക്കാനോ കാര്യക്ഷമമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകാത്തത്‌. മാഫിയകളായെത്തുന്നവര്‍ക്ക്‌ സഹായകമാകുന്നുണ്ട്‌. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഹോം സ്റ്റേകളിലും തമ്പടിക്കുന്നവരെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ടു പോലീസ്‌ സ്റ്റേഷനില്‍ എത്തിച്ച്‌ രേഖപ്പെടുന്നില്ല. വന്‍കിട റിസോര്‍ട്ടു കേന്ദ്രീകരിച്ചും ഹൌസ്‌ ബോട്ടുകള്‍ കേന്ദ്രീകരിച്ചും നടക്കുന്ന അനാശാസ്യ-മയക്കുമരുന്നു മാഫിയാ പ്രവര്‍ത്തനങ്ങളും ഏറെ സുരക്ഷിതമാണ്‌. ഹൌസ്ബോട്ടുകള്‍ കായലിലായതിനാല്‍ അതിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനോ കണ്ടെത്താനോ കുമരകം പോലീസിന്‌ ബോട്ടുകളോ മറ്റു സംവിധാനങ്ങളോയില്ല. വന്‍കിട ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വി.വി.ഐ.പി, വി.ഐ.പി. സാന്നിദ്ധ്യവും, ഹോട്ടല്‍, റിസോര്‍ട്ട്‌ ഉടമകളുടെ ഉന്നതങ്ങളിലുള്ള സ്വാധീനവും അതിനുള്ളില്‍ കടന്ന്‌ നിരീക്ഷണമോ റെയ്ഡോ നടത്തുന്നതില്‍നിന്നും പോലീസുദ്യോഗസ്ഥരെ പിന്‍തിരിപ്പിക്കുന്നു. ബ്ളൂഫിലും നിര്‍മ്മാണവും അനാശാസ്യ പ്രവര്‍ത്തനങ്ങളും, അക്രമ സംഭവങ്ങളും മയക്കുമരുന്നു വ്യാപാരവും ഈ മേഖലയില്‍ കൊഴുക്കുകയാണ്‌. ഇത്‌ വളര്‍ന്ന്‌ സര്‍ക്കാരിനും പോലീസിനും തദ്ദേശവാസികള്‍ക്കും തലവേദനയായി വളര്‍ന്നു പന്തലിക്കും മുന്‍പേ വേണ്ട മുന്‍കരുതലുകള്‍ വകുപ്പുതല ടൂറിസത്തിണ്റ്റെ മറവില്‍ കഞ്ചാവ്‌-മയക്കുമരുന്നു മാഫിയാകളുടെയും സാമൂഹ്യവിരുദ്ധരുടെയും തീവ്രവാദികളുടെയും അനാശാസ്യപ്രവര്‍ത്തകരുടെയും ഈറ്റില്ലമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.