ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 13 പേര്‍ക്കു പരുക്ക്

Tuesday 2 December 2014 9:54 pm IST

റാന്നി : ശബരിമല പാതയില്‍ കണമല അട്ടിവളവിനു സമീപം തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് പതിമൂന്ന് അയ്യപ്പന്മാര്‍ക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ മൂന്നു സ്വാമിമാരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാര്‍ എരുമേലിയില്‍ നിന്നും കണമല വഴി പമ്പയിലേക്കു പോകുമ്പോഴായിരുന്നു അപകടം. മുന്‍വര്‍ഷങ്ങളില്‍ ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായ അട്ടിവളവില്‍ നിയന്ത്രണം വിട്ട ബസ് റോഡരുകിലെ ക്രാഷ്ബാരിയറില്‍ ഇടിച്ചു റോഡിലേക്കു തന്നെ മറിയുകയായിരുന്നു. ക്രാഷ് ബാരിയറിനും ബസ്സിനും ഇടയില്‍പെട്ട് ഞെരിഞ്ഞാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ക്കും പരുക്കേറ്റത്. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പോലീസും ചേര്‍ന്ന് ഏറെ ശ്രമിച്ച് ക്രാഷ്ബാരിയറിന്റെ പൈപ്പ് ഇളക്കിയെങ്കിലും അപകടത്തില്‍പെട്ട ഒരു തീര്‍ത്ഥാടകനെ പുറത്തെടുക്കാനായില്ല. തുടര്‍ന്ന് കണമല പാലം നിര്‍മ്മാണ സ്ഥലത്തു നിന്നും ഗ്യാസ്‌കട്ടര്‍ എത്തിച്ച് ക്രാഷ് ബാരിയര്‍ മുറിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ക്രാഷ് ബാരിയര്‍ ഉണ്ടായിരുന്നതിനാല്‍ ബസ് കൊക്കയിലേക്കു മറിയാതെ വന്‍ അപകടം ഒഴിവായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.