കുരുമുളകിന് വൈറസ് രോഗം; കര്‍ഷകര്‍ ആശങ്കയില്‍

Tuesday 2 December 2014 10:36 pm IST

വടക്കഞ്ചേരി: മലയോരമേഖലയില്‍ കുരുമുളകിന് വൈറസ് രോഗം പടരുന്നു. ഇലകളില്‍ മഞ്ഞളിപ്പു നിറഞ്ഞ് കുരുമുളകു കൊടികള്‍ നശിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. വേരു കേടുവന്ന് നശിക്കുന്നതാണ് ഇല മഞ്ഞളിപ്പിനു കാരണമാകുന്നത്. കടപ്പാറ, തളികകല്ല്, കുഞ്ചിയാര്‍പതി, പാലക്കുഴി തുടങ്ങിയ മലയോരങ്ങളിലാണ് രോഗം കണ്ടുതുടങ്ങിയിട്ടുള്ളത്. ഓരോ തോട്ടങ്ങളിലും മുപ്പതും അമ്പതുംകൊടികള്‍ നശിച്ചിട്ടുണ്ട്. പുതിയതായി കൃഷിചെയ്ത കൊടികള്‍ക്കും രോഗബാധയുണ്ട്. ഒരുമാസം കഴിഞ്ഞാല്‍ വിളവെടുപ്പിന് പാകമാകുന്നതിനിടെയാണ് പുതിയ രോഗബാധ പടരുന്നത്. കാലാവസ്ഥ വ്യതിയാനങ്ങളും മറ്റുമായി ഈ വര്‍ഷം വിളവു കുറയാനുള്ള സാധ്യത നിലനില്‌ക്കേയാണ് വൈറസ് ബാധ കര്‍ഷകരെ ആശങ്കയിലാക്കുന്നത്. രണ്ടുവര്‍ഷമായി കുരുമുളകിന് ഉയര്‍ന്ന വില നിലനില്ക്കുന്നതിനാല്‍ മലയോരമേഖലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഈ വര്‍ഷം കുരുമുളക് കൃഷി ആരംഭിച്ചിട്ടുണ്ട്. റബര്‍വില കുത്തനെ കുറഞ്ഞപ്പോള്‍ കുരുമുളകിലെ വരുമാനമായിരുന്നു കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി വൈറസ് രോഗം കര്‍ഷകരുടെ നടുവൊടിക്കാന്‍ എത്തിയിട്ടുള്ളത്. വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തരം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ അവിടെനിന്നും കുരുമുളക് തണ്ട് കൊണ്ടുവന്ന് ഇവിടെ കൃഷി ചെയ്യുന്നതും രോഗംപടരാന്‍ കാരണമാകുമെന്നും ഇതിനാല്‍ കര്‍ഷകന്‍ ജാഗ്രത പാലിക്കണമെന്നും വടക്കഞ്ചേരി കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന വിള ആരോഗ്യ പരിപാലനകേന്ദ്രം അധികൃതര്‍ പറഞ്ഞു. വൈറസ് രോഗബാധ സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും അതിനുശേഷം മാത്രമേ രോഗത്തെക്കുറിച്ച് വ്യക്തത വരുത്താനാകൂവെന്നും അവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.