ചെറായി ബീച്ച് കോണ്‍വെന്റ് പാലം; റിലേ നിരാഹാര സമരം 60 ദിവസം പിന്നിട്ടു

Wednesday 3 December 2014 12:32 am IST

പറവൂര്‍: പാലത്തിന് വേണ്ടി വീട്ടമ്മമാര്‍ നടത്തുന്ന റിലേ നിരാഹാര സമരം 60 ദിവസം പിന്നിട്ടു. ചെറായി ബീച്ച്-കോണ്‍വെന്റ് പാലത്തിനുവേണ്ടി വീട്ടമ്മമാര്‍ നടത്തുന്ന റിലേ നിരാഹാര സമരം 60 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തുവന്നു കഴിഞ്ഞു. ബീച്ച്-കോണ്‍വെന്റ് പാലത്തിനായുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. മന്ത്രിമാരും അധികാരികളും പലതവണ ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെടാതെ വന്നതാണ് വീട്ടമ്മമാരുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങാന്‍ കാരണമായത്. പാലം പണി തുടങ്ങുന്നതുവരെ ഈ റിലേ നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്ന ദൃഢനിശ്ചയത്തിലാണ് വീട്ടമ്മമാര്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സമരസമിതി നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ പാലം നിര്‍മാണത്തെപ്പറ്റി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. 60-ാം ദിവസം നടന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുനമ്പം സ്മൃതി സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകര്‍ സമരപന്തലില്‍ എത്തി. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ സി.ജി.രാജഗോപാല്‍ സമരക്കാരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അമ്മമാര്‍ നടത്തുന്ന സമരം ധാര്‍മികമായ പോരാട്ടമാണെന്നും അത് കണ്ടില്ലായെന്ന് നടിക്കാന്‍ ആര്‍ക്കും ആകില്ലായെന്നും മനുഷ്യത്വത്തിന്റെ ചെറുകണിക അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ ഈ സമരത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും രാജഗോപാല്‍ പറഞ്ഞു. സമരസമിതി നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് കളക്ടര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. നിരാഹാരമിരുന്ന ബീന സാജന് രാജഗോപാല്‍ നാരങ്ങാ നീര് നല്‍കി 60-ാം ദിവസത്തെ നിരാഹാരം അവസാനിപ്പിച്ചു. സമരസമിതി കണ്‍വീനര്‍ ഡെയ്‌സി ജോണ്‍സണ്‍ സ്മൃതി സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ കെ.ഡി.ബിജു, എ.എസ്.ബിനേഷ്, എന്‍.എം.സജീവ്, ടി. വി. ജിബി എന്നിവര്‍ പ്രസംഗിച്ചു. നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.