ചക്കുളത്തുകാവില്‍ പൊങ്കാല നാളെ

Wednesday 3 December 2014 8:15 pm IST

ചക്കുളത്തുകാവു ക്ഷേത്രത്തില്‍ പൊങ്കാലയിടുന്നതിനായി ഭക്തര്‍ കാലേകൂട്ടി എത്തിച്ച മണ്‍കലങ്ങള്‍ നിരത്തുന്നു

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നാളെ നടക്കും. പൊങ്കാല അര്‍പ്പിക്കുന്നതിന് ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം തുടങ്ങി. നാളെ പുലര്‍ച്ചെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. ദേവീ സ്തുതികളും പൂജാദ്രവ്യങ്ങളുമായി ആയിരക്കണക്കിന് സ്ത്രീകള്‍ ദേവീ കടാക്ഷത്തിനായി പൊങ്കാല അര്‍പ്പിക്കും.

പുലര്‍ച്ചെ നാലിന് ഗണപതിഹോമം, നിര്‍മ്മാല്യദര്‍ശനം, എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, രാവിലെ ഒമ്പതിന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരും. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിക്കും. മാതൃഭൂമി എംഡി: എം.പി. വീരേന്ദ്രകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.

11ന് അഞ്ഞൂറിലധികം വേദ പണ്ഡിതന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം വഹിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ജീവത എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തില്‍ എത്തിയാലുടന്‍ ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി ജ്വലിപ്പിക്കും. പൊങ്കാലയ്ക്കുള്ള വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. തകഴി, തിരുവല്ല, ചെങ്ങന്നൂര്‍, മാന്നാര്‍, വീയപുരം, മുത്തൂര്‍ എന്നിവിടങ്ങളിലെല്ലാം പൊങ്കാലയിടുന്നതിന് സൗകര്യം ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.