കൃഷ്ണപിള്ള സ്മാരകം; പ്രതികളെ സംരക്ഷിക്കുന്നതില്‍ വിഭാഗീയതയില്ല

Wednesday 3 December 2014 8:20 pm IST

ആലപ്പുഴ: സിപിഎം സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസിലെ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ വിഭാഗീയതയ്ക്ക് അതീതമായി ഉന്നതര്‍ സംരക്ഷിക്കുന്നു. ഏരിയ സമ്മേളനങ്ങളില്‍ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെയും അന്വേഷണം നടത്താത്തതിനെക്കുറിച്ചും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടും മൗനം പാലിച്ച് ജില്ലാ നേതൃത്വം. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന കേസിലെ ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രനുമായി കൃഷ്ണപിള്ള സ്മാരകം കത്തിക്കുന്നതിന് മുമ്പും ശേഷവും വിഎസ്-ഐസക് പക്ഷത്തെ പ്രമുഖന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറയപ്പെടുന്ന ലതീഷുമായി ഉന്നത നേതാവിന് എന്തു ബന്ധമാണുള്ളതെന്ന് ഇതോടെ പാര്‍ട്ടി അണികള്‍ ചോദിച്ചു തുടങ്ങി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31ന് കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനു ശേഷം ലതീഷിന് താങ്ങും തണലുമായി നിന്നത് ഔദ്യോഗിക പക്ഷത്തെ പ്രമുഖ ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. സ്മാരകം തകര്‍ക്കലിന് ശേഷം ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി തയാറാകണമെന്ന് വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തിയെങ്കിലും ഒരു വര്‍ഷത്തിലേറെയായി ഇത് അട്ടിമറിക്കാന്‍ വിഭാഗീയതയ്ക്ക് അതീതമായി ഉന്നത നേതാക്കള്‍ ഒത്തുകളിച്ചത് പാര്‍ട്ടി പ്രവര്‍ത്തതരെ ആശയക്കുഴപ്പത്തിലാക്കുന്നു. പാര്‍ട്ടി മെമ്പറായ പ്രമുഖ അഭിഭാഷകന്‍ പ്രതികള്‍ക്കായി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതും ഉന്നതരുടെ ഒത്തുകളിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പാര്‍ട്ടിയും പ്രവര്‍ത്തകരും വൈകാരികമായി കാണുന്ന കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ സഹായിക്കാന്‍ ലോയേഴ്‌സ് യൂണിയന്റെ നേതാവ് തന്നെ രംഗത്തെത്തിയത് ന്യായീകരിക്കാനാകില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ കൃഷ്ണപിള്ള വിഷയം ചര്‍ച്ചയാകാതിരിക്കാന്‍ നേതൃത്വം ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ടെങ്കിലും സമ്മേളന പ്രതിനിധികള്‍ ഈ വിഷയം എല്ലാ സമ്മേളനങ്ങളിലും ഉയര്‍ത്തുന്നുണ്ട്. സ്മാരകം തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തുകയും പ്രേരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തവര്‍ നേതൃത്വങ്ങളില്‍ തുടരുന്നതില്‍ അണികളില്‍ വ്യാപകമായി അമര്‍ഷമുണ്ട്. മുഹമ്മ കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം ബിജെപി സംസ്ഥാന പ്രസിഡന്റ് എം.ടി. രമേശ് സന്ദര്‍ശിക്കുന്നതിനെതിരെ പ്രചാരണം നടത്തി കണ്ണര്‍കാട്ടെ സിപിഎം പ്രവര്‍ത്തകരെ ഇളക്കിവിടാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുവരെ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ നേതൃത്വത്തില്‍ ആളെ ഇറക്കേണ്ടിവന്നത് നേതൃത്വത്തിലുള്ള വിശ്വാസരാഹിത്യം വ്യക്തമാകുന്നതായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.