അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് രാമകൃഷ്ണന്റെ മറുപടി

Sunday 16 October 2011 4:11 pm IST

കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്ന പി. രാമകൃഷ്ണന്‍ കെ.പി.സി.സിയുടെ കാരണംകാണിക്കല്‍ നോട്ടീസിന്‌ മറുപടി നല്‍കി. താന്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന്‌ രാമകൃഷ്ണന്‍ മറുപടിയില്‍ വ്യക്തമാക്കി. സുധാകരനോട്‌ വിശദീകരണം ആവശ്യപ്പെടണമെന്നും രാമകൃഷ്ണന്റെ കത്തിലുണ്ട്‌. കൂത്തുപറമ്പ്‌ വെടിവയ്പ്പുമായി ബന്ധപ്പെട്ട പ്രസ്‌താവനയെ തുടര്‍ന്നാണ് രാമകൃഷ്ണന് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയത്. മാധ്യമങ്ങള്‍ തന്റെ പ്രസ്‌താവന വളച്ചൊടിക്കുകയായിരുന്നുവെന്നാണ്‌ രാമകൃഷ്‌ണന്റെ വിശദീകരണം. കോണ്‍ഗ്രസിന്റെ ചരിത്രം മറന്നുകൊണ്ട്‌ കെ.സുധാകരന്‍ നടത്തിയ പ്രസംഗത്തിനുള്ള മറുപടിയാണ് താന്‍ നല്‍കിയത്. അത്‌ ഡി.സി.സി പ്രസിഡന്റായിരുന്ന തന്റെ കടമയാണ്‌. പാര്‍ട്ടിയുടെ അന്തസും അഭിമാനവും വിലയിടിച്ചു കാണിക്കാന്‍ ശ്രമിച്ചാല്‍ ഇനിയും എതിര്‍ക്കുമെന്നും രാമകൃഷ്ണന്‍ മറുപടി കത്തില്‍ പറയുന്നു. പ്രസ്താവനയുടെ പേരില്‍ തനിക്ക്‌ മാത്രം നോട്ടീസ്‌ നല്‍കുന്നത്‌ ശരിയല്ല. കെ.സുധാകരന്‍ നടത്തുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടിലെന്ന്‌ നടിക്കരുത്‌. തന്നോടെന്ന പോലെ കെ.സുധാകരനോടും വിശദീകരണം ചോദിക്കണമെന്നും പി.രാമകൃഷ്‌ണന്‍ ആവശ്യപ്പെടുന്നു. സ്വാര്‍ത്ഥതയില്ലാതെയാണ്‌ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ചത്‌. കോണ്‍ഗ്രസുകാരനായി മരിക്കണമെന്നാണ്‌ ആഗ്രഹം. അതിനാരുടെയും ഔദാര്യം ആവശ്യമില്ലെന്നും രാമകൃഷ്‌ണന്‍ വ്യക്തമാക്കുന്നു. തന്റെ ഭാഗം ന്യീയകരിച്ചുകൊണ്ടും കെ.സുധാകരനെ വിമര്‍ശിച്ചു കൊണ്ടും ശക്തമായ മറുപടി നല്‍കിയ രാമകൃഷ്‌ണന്‍ പാര്‍ട്ടിയോടുള്ള കൂറ്‌ ശക്തമായി പ്രഖ്യാപിച്ചുകൊണ്ടാണ്‌ മറുപടി നല്‍കിയിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.