'തൃക്കാര്‍ത്തികാ'ച്ചാല്‍ എന്താ അമ്മമ്മേ

Thursday 4 December 2014 9:00 pm IST

വലിയങ്ങാടിയിലെ വഴിവാണിഭക്കാരില്‍നിന്നും ആളുകള്‍ പുതിയ ചിരാതുകള്‍ വാങ്ങുന്ന തിരക്ക്, തിരക്കുകള്‍ക്കിടയില്‍ നിന്നും ചിരാതുകള്‍ വാങ്ങുന്നതുകണ്ട് കൊച്ചു ഗായത്രി ചോദിക്കുന്നു. അമ്മമ്മേ, നമുക്ക് 'വീട്ടിലു'നെറയെ ചിരാതുകള്‍ ഉണ്ടല്ലോ? പിന്നെന്തിനാ പുതിയവ. അതുകേട്ട അമ്മമ്മ:- ''തൃക്കാര്‍ത്തികയല്ലെ മോളെ! പഴയ വിളക്കുകളുടെ കൂടെ പുതിയ കുറച്ചു വിളക്കും വെയ്ക്കണം! നിറഞ്ഞ അലങ്കാരത്തിന് അത് നന്നായിരിക്കും. കൊച്ചു ഗായത്രിക്ക് വീണ്ടും സംശയം. ''തൃക്കാര്‍ത്തികാച്ചാല്‍ എന്താ അമ്മമ്മേ അന്നെന്തിനാ നെറയെ വിളക്ക് വെയ്ക്കുന്നത്?'' അമ്മമ്മ: പാലാഴിമഥനത്തില്‍ മഹാലക്ഷ്മി കയറിവന്നപ്പോള്‍ ഇന്ദ്രാദികള്‍ നിറയെ മണ്‍ചിരാതുകള്‍  വെച്ചാണത്രെ ലക്ഷ്മീദേവിയെ സ്വീകരിച്ചതെന്നു പറയുന്നു. വേറൊരു കഥ: ശ്രീപരമേശ്വരനെ ലഭിക്കാന്‍ ശ്രീപാര്‍വതി തപസ്സു ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ തപസ്സിളക്കാന്‍ കാമദേവന്‍ ശ്രമിച്ചു. അതില്‍ കോപം പൂണ്ട പരമേശ്വരന്‍ തന്റെ (മൂന്നാം)തൃക്കണ്ണുകൊണ്ട് കാമദേവനെ നോക്കി ഭസ്മമാക്കി. അപ്പോള്‍ വായുഭഗവാന്‍ ആ ഭസ്മമെടുത്ത് ശരവണപ്പൊയ്കയിലെ താമരപ്പൂവിന്റെ ഇതളുകളില്‍ വെച്ചു. ആറു ദളങ്ങളില്‍ വച്ച ആ ഭസ്മം ആറുകുട്ടികളായി. കൃത്തികാ ദേവിമാര്‍ ആറുപേരും ശരവണപ്പൊയ്കയുടെ തീരത്തുകൂടി പോകുമ്പോള്‍ താമരയിതളുകളില്‍ കിടന്നു കാലിന്റെ പെരുവിരല്‍ കുടിച്ചു കരയുന്ന ആ കുട്ടികളെ കണ്ടു. അവര്‍ അവരെയെടുത്ത് മുലയൂട്ടി വളര്‍ത്തി. താരകാസുരന്‍ എന്ന അസുരന്‍, തന്നെ വധിക്കാന്‍ ശ്രീപരമേശ്വര പുത്രനു മാത്രമേ സാധിക്കാവൂ എന്ന ഒരു വരം ബ്രഹ്മാവിനെ തപസ്സു ചെയ്ത് പ്രീതിപ്പെടുത്തി നേടിയിരുന്നു. ശ്രീപരമേശ്വരന്‍ സ്ഥാണുനാഥനായി (തൂണുപോലെ നിന്ന്) തപസ്സനുഷ്ഠിക്കയാല്‍ ശ്രീപരമേശ്വരന് മക്കളുണ്ടാവില്ലല്ലോ പിന്നെങ്ങനെയാണ് പരമേശ്വര പുത്രന്‍ തന്നെ വധിക്കുക? എന്നായിരിക്കും താരകാസുരന്‍ കരുതിയിരിക്കുക. പക്ഷേ താരകാസുരന്റെ അതിക്രമങ്ങള്‍ സഹിക്കവയ്യാതായ ഋഷിമാരും ദേവന്മാരും ശ്രീപരമേശ്വരനെ കണ്ട് അഭ്യര്‍ത്ഥിച്ചതിന്‍ പ്രകാരം അദ്ദേഹം പാര്‍വതിയെ വിവാഹം ചെയ്തു. ഒരു ദിവസം കൈലാസത്തിലേയ്ക്കു പോകുന്ന വേളയില്‍ പാര്‍വതി ഈ ആറു കുട്ടികളെക്കണ്ട് 'അതിയായി മോഹിച്ച് തനിക്ക് ഈ കുട്ടികളെ വേണമെന്ന്' പരമേശ്വരനോട് അഭ്യര്‍ത്ഥിച്ചു. വിവാഹം കഴിഞ്ഞ് തന്നോട് ആദ്യമായി ആവശ്യപ്പെട്ട ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ ശ്രീപരമേശ്വരന്‍ സമ്മതിച്ചു. പക്ഷെ ഒരു നിബന്ധന വെച്ചു ''ഒരു കുട്ടിയെ മാത്രമേ എടുക്കാവൂ'' എന്നായിരുന്നു അത്! അതുപ്രകാരം ശ്രീപാര്‍വതി ദേവി ഒരു കുട്ടിയെ എടുക്കാന്‍ ശരവണപ്പൊയ്കയില്‍ ഇറങ്ങി. അതിസുന്ദരന്മാരായ ആറുകുട്ടികളില്‍ ഒരാളെ മാത്രം സ്വീകരിക്കാന്‍ മനസ്സുവരാത്ത ശ്രീപാര്‍വതി അവര്‍ ആറുപേരേയും ഒന്നിച്ചുവാരിയെടുത്തു. അതോടെ ആ ആറുകുട്ടികളും ഒരു ശരീരവും ആറുമുഖവും ആയിത്തീര്‍ന്നു. ശ്രീപരമേശ്വരന്റെ തൃക്കണ്ണാല്‍ ദഹിപ്പിച്ച കാമദേവന്റെ ശരീരഭസ്മത്തില്‍നിന്നുമുണ്ടായതിനാല്‍ ആ കുട്ടി പരമേശ്വര പുത്രനായി. ദേവന്മാര്‍, ആറുമുഖത്തോടുകൂടിയ ശരവണപ്പൊയ്കയില്‍ നിന്നു ലഭിച്ച ശരവണനെ ദേവസേനാനിയാക്കി പിന്നീട് ആ കുട്ടി (സുബ്രഹ്മണ്യന്‍) താരകാസുരനെ വധിക്കുകയും ചെയ്തു. സുബ്രഹ്മണ്യന് ദേവസേനാനിയെന്നും കൃത്തികാദേവിമാര്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായതിനാല്‍ അഴകനെന്ന അര്‍ത്ഥത്തില്‍ മുരുകന്‍ എന്നുമെല്ലാം പറയുന്നു. കൊച്ചുഗായത്രിക്ക് വീണ്ടും സംശയം-ആരാ അമ്മമ്മെ ഈ കൃത്തികാദേവിമാര്‍? പലതും അറിയാത്ത പുതുതലമുറയ്ക്കും കഥകള്‍  ഇഷ്ടമാണല്ലോ. എന്നുതോന്നി അമ്മമ്മ തുടര്‍ന്നു. അമ്മമ്മ: പണ്ടു എന്നെപ്പോലെ ഒരമ്മമ്മ കഥകളില്‍ക്കൂടിയാണ് എല്ലാം എനിക്കും പറഞ്ഞുതന്നിരുന്നത്. സപ്തര്‍ഷിമാര്‍ മരീചി, അത്രി, അംഗിരസ്, പുലഹന്‍, പുലസ്ത്യന്‍, ക്രതു, വസിഷ്ഠന്‍ എന്നീ ഏഴുപേരാണ്. അവരില്‍ വസിഷ്ഠ മഹര്‍ഷിയുടെ ഭാര്യ അരുന്ധതീ ദേവിയാണ്. മറ്റ് ആറു ഋഷിമാരുടെ ഭാര്യമാരാണ് കൃത്തികാദേവിമാര്‍ എന്ന് അറിയപ്പെടുന്നത്. കാമദേവന്‍ ലക്ഷ്മീദേവിയുടെ പുത്രനാണെന്നും പറയപ്പെടുന്നു. തന്റെ പുത്രനെ വളര്‍ത്തിയ കൃത്തികാദേവിമാരെ വിളക്കുവെച്ച് ആഘോഷിക്കുമ്പോള്‍ അവരില്‍ ലക്ഷ്മീദേവിയും പ്രസാദിക്കും! അതിനാല്‍ വൃശ്ചികമാസത്തിലെ വെളുത്തവാവും കാര്‍ത്തിക നക്ഷത്രവും കൂടി വരുന്ന ദിവസം സന്ധ്യാസമയത്ത് ലക്ഷ്മീപ്രീതിക്കുവേണ്ടി ചിരാതുകളും വിളക്കുകളും വെച്ച് വീടും പരിസരവും നാം ശോഭനമാക്കുന്നു. കാര്‍ത്യായനീദേവിയെ പൂജിച്ചാണ് ഗോപസ്ത്രീകള്‍ക്ക് ഭഗവാനെ (ശ്രീകൃഷ്ണനെ)ലഭിച്ചത് എന്നുംപറയുന്നു. ദുര്‍ഗയും ലക്ഷ്മിയും ശ്രീപാര്‍വതിയും എല്ലാം ഒന്നുതന്നെ! ജ്യോതിഷമനുസരിച്ച് കാര്‍ത്തിക ആറുതാരകള്‍ (നക്ഷത്രങ്ങള്‍) ചേര്‍ന്നതാണ്. അത് കൈവട്ടകയുടെ രൂപത്തിലാണെന്നും പറയുന്നു. കാര്‍ത്യായന മഹര്‍ഷിയുടെ ആശ്രമത്തില്‍ അദ്ദേഹത്തിന്റെ തപസ്സിനു വിഘ്‌നം വരാതിരിക്കാന്‍ എല്ലാം സഹായിക്കാന്‍ ദേവി താമസിച്ചതിനാല്‍ ദേവിക്ക് കാര്‍ത്യായനി എന്നും പേര്‍ വന്നും. ആസുരശക്തികളെ നശിപ്പിച്ച് ജ്ഞാനമാകുന്ന പ്രകാശം അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിനാണ് വിളക്കുകള്‍ കൊളുത്തിവെച്ച് വീടും പരിസരങ്ങളും ശോഭനമാക്കുന്നത്. ഓരോ ഋതുക്കള്‍ മാറുമ്പോഴും സാംക്രമിക രോഗങ്ങള്‍ വരാതിരിക്കാനുള്ള ഓരോ ഉപാധികള്‍ കൂടിയാണ് ഈ വക ആചാരങ്ങള്‍. വൃശ്ചികമാസം സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കുന്ന കാലമായതിനാല്‍ വീടും പരിസരവും വൃത്തിയാക്കി ദീപങ്ങള്‍ കൊളുത്തിവെയ്ക്കുന്നു. വൃശ്ചികമാസം (കാര്‍ത്തികമാസം)ഒന്നാം തീയതി മുതല്‍ തന്നെ പണ്ടുകാലങ്ങളില്‍ ദീപങ്ങള്‍ കൊളുത്തിവെച്ചു വീടും പരിസരവും ശോഭനമാക്കുമായിരുന്നു. സംസ്‌കൃതത്തില്‍ വൃശ്ചികമാസത്തിന് കാര്‍ത്തിക (കൃത്തിക) എന്നുപറയുന്നു. ''എന്നാല്‍ നമുക്കും ഈ തൃക്കാര്‍ത്തിക വിളക്കുകള്‍ കൊളുത്താമല്ലെ?'' എന്നു ചോദിച്ചുകൊണ്ട് കൊച്ചുഗായത്രിയും നിറയെ വിളക്കുകള്‍ കൊളുത്തി. മറ്റൊരു ചിരാതുപോലെ നിന്നു ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.