ഭൂതനാഥോപാഖ്യാനം : ഒന്നാം അദ്ധ്യായം (20)

Monday 8 December 2014 7:47 am IST

കലിയുഗവരദന്റെ മഹിമകളിലൂടെ – 20 പുരാണകഥകള്‍ പറയുന്നതില്‍ പ്രവീണനായ സൂതന്‍ മഹര്‍ഷിമാരോടു ശാസ്താവിന്റെ അപദാന കഥകള്‍ വര്‍ണ്ണിക്കുന്നതാണു ഭൂതനാഥോപാഖ്യാനത്തിന്റെ ഉള്ളടക്കം. ഭഗവാന്റെ മാഹാത്മ്യകഥകള്‍ കേള്‍ക്കാന്‍ ഉത്‌സുകരായി നൈമിഷാരണ്യത്തില്‍ വസിച്ചിരുന്ന മഹര്‍ഷിമാര്‍ ആനന്ദമോടെ വീണ്ടുംവീണ്ടും സൂതനോടു ചോദിച്ചു. കേരളത്തിന്റെ രക്ഷയ്ക്കായി ഭാര്‍ഗ്ഗവരാമന്‍ ആരാധിച്ച താരകബ്രഹ്മത്തിന്റെ മാഹാത്മ്യം അങ്ങ് പറയുകയുണ്ടായില്ല. തരകബ്രഹ്മരൂപം എപ്രകാരമാണു ഉത്ഭവിച്ചത്? എന്തിനായിട്ടാണു ഉത്ഭവിച്ചത്? എവിടെ നിന്നാണു ഉത്ഭവിച്ചത്? ഞങ്ങള്‍ക്ക് ആ കഥ കേള്‍ക്കാന്‍ മോഹമുണ്ട്. ഞങ്ങള്‍ യോഗ്യരെങ്കില്‍ പൂജ്യനായ ഭവാന്‍ അതു വിസ്തരിച്ചു ഉപദേശിച്ചാലും. ഭക്തിയോടെ ഭഗവദ്കഥാശ്രവണത്തിനു ഉത്‌സുകരായിരിക്കുന്ന മുനിമാരുടെ ചോദ്യംകേട്ട് അല്‍പനേരം ധ്യാനിച്ച് ഇരുന്നശേഷം സന്തോഷപൂര്‍വം സൂതന്‍ ഭൂതനാഥചരിതം പറയാന്‍ ആരംഭിച്ചു. സൂതന്‍ മംഗളശ്ലോകം ചൊല്ലി താരകബ്രഹ്മമായ ഭൂതനാഥനെ സ്മരിച്ചു. താരകംഘോരസംസാരസാഗരസ്യതുതാരകം കൈവല്യായാസ്തുയുഷ്മാകംവസ്തുലോകൈകശങ്കരം ഘോരമായ സംസാരസാഗരത്തില്‍ നിന്നും കരകയറുന്നതിനുള്ള താരകമായവനും (വഴികാട്ടിയായ നക്ഷത്രമായവനും) ലോകത്തിനു മംഗളം നല്‍കുന്നവനുമായ ആ താരകബ്രഹ്മമൂര്‍ത്തി കൈവല്യത്തിലേക്കുള്ള(മോക്ഷത്തിലേക്കുള്ള) മാര്‍ഗ്ഗംകാട്ടുന്ന ആ സദ്‌വസ്തു(ഭക്തി)നല്‍കുന്നവനായി എല്ലാവരെയും സംസാരസാഗരത്തില്‍ നിന്നുകരകേറ്റുന്നവനായി ഭവിക്കട്ടെ. ഇപ്രകാരം മംഗളവചനങ്ങള്‍ പറഞ്ഞ ശേഷം സൂതന്‍ മഹര്‍ഷിമാരെ നോക്കി പറഞ്ഞുതുടങ്ങി. സകലചരാചരങ്ങളുടേയും ഉള്ളില്‍ നിറഞ്ഞിരിക്കുന്ന ആ പരമശക്തി തന്നെയാണു താരകബ്രഹ്മം. നിത്യവും, സത്യസ്വരൂപവും, ആധാരമില്ലാത്തതും, നിര്‍ഗ്ഗുണവും, നിരാധാരവും ചിദ്ഘ്നവും ആണ് താരകബ്രഹ്മം. എങ്കിലും എല്ലായിടവും നിറഞ്ഞിരിക്കുന്ന ആ ദിവ്യശക്തിസൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നിര്‍വഹിക്കുന്നതിന് സഗുണസ്വരൂപമായി ഭവിച്ചു. എന്റെ ഗുരുവായവ്യാസന്റെ കാരുണ്യത്താല്‍ ആ സഗുണ സ്വരൂപത്തിന്റെ മഹിമകളെല്ലാം ഞാന്‍ നിങ്ങളോടു പറയാം. ശ്രദ്ധയോടെ ഇതുകേട്ടാല്‍ പാപങ്ങളെല്ലാം അകന്നു എല്ലാവരും മുക്തരാകും. ചണ്ഡികാദേവി പണ്ട് ലോകകണ്ടകനായ മഹിഷാസുരനെ വധിച്ചു. ഈ വാര്‍ത്തയറിഞ്ഞ മഹിഷാസുര സഹോദരിയായ മഹിഷി(കരംഭിക)ദുഃഖിതയായി കരഞ്ഞുകൊണ്ട് അസുരഗുരുവായ ശുക്രാചാര്യരുടെ സമീപത്തു ചെന്നു. ശുക്രാചാര്യര്‍മഹിഷിക്ക് ഒരു മന്ത്രം ഉപദേശിച്ചു നല്‍കി. മന്ത്രം ലഭിച്ച മഹിഷിദേവകളോടു പ്രതികാരം ചെയ്യണം എന്ന ലക്ഷ്യത്തോടെ വിന്ധ്യപര്‍വ്വതത്തില്‍ചെന്നു തപസ്സാരംഭിച്ചു. വലതുകാല്‍ പെരുവിരല്‍ മാത്രം ഭൂമിയിലൂന്നി ലോകബാന്ധവനായ സൂര്യനില്‍ ദൃഷ്ടി പതിപ്പിച്ച് ഏകാഗ്രചിത്തത്തോടെ മഹിഷി ബ്രഹ്മദേവനെ ധ്യാനിച്ചു തപസ്സുചെയ്തു. പലവിധത്തിലുള്ള കഷ്ടതകള്‍ നേരിട്ടും ധൈര്യത്തോടെ വളരെക്കാലം മഹിഷി തപസ്സുചെയ്തു. എന്നിട്ടും ബ്രഹ്മദേവന്‍ പ്രത്യക്ഷനാകാത്തതിനാല്‍ യോഗാഗ്നിയില്‍ തന്റെശരീരം ദഹിപ്പിക്കുവാന്‍ മഹിഷി നിശ്ചയിച്ചു. കഠിനതപസ്സില്‍ പ്രീതനായ ബ്രഹ്മദേവന്‍ മഹിഷിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മരണമില്ലായ്മ(അമരത്വം) ഒഴികെയുള്ള ഏതുവരവും നല്‍കാം എന്ന ബ്രഹ്മദേവന്റെ വാക്കുകേട്ടു മഹിഷിവിധാതാവിനെ വന്ദിച്ചു പറഞ്ഞു.'ലോകത്തിലുള്ള യാതൊന്നുകൊണ്ടും(കല്ല്, മരം, അഗ്നി, ജലം, വായുആയുധം തുടങ്ങിയവകൊണ്ട്)രോഗങ്ങള്‍കൊണ്ടും എന്റെശരീരത്തിന് ഒരുദോഷവും സംഭവിക്കരുത്. ഇന്ദ്രനും ദേവകളും എന്റെകയ്യാല്‍ പരാജിതരാകണം. സ്വര്‍ഗ്ഗലോകത്തില്‍ ഞാന്‍ ദേവിയായിവസിക്കണം. എന്റെ ഓരോ രോമകൂപത്തില്‍ നിന്നും എന്നേപ്പോലുള്ള അനേകം മഹിഷീഗണങ്ങള്‍ ഉത്ഭവിക്കണം. ഹരിയുംഹരനും സംഗമിച്ചുജാതനാകുന്ന പുത്രന്‍ പന്ത്രണ്ടു വര്‍ഷം മനുഷ്യനു ദാസനായി ഭൂമിയില്‍ കഴിയുമെങ്കില്‍ ആ ബാലകനേ എന്നെ വധിക്കാന്‍ കഴിയാവൂ. അല്ലാതെ യാതൊരുവിധത്തിലും എന്റെദേഹം നശിക്കരുത്. അല്ലയോ ദയാനിധിയായ ബ്രഹ്മദേവാ ഈ വരം എനിക്കു നല്‍കിയാലും'. ഭാവികാര്യങ്ങളേക്കുറിച്ച് നന്നായി അറിയാവുന്ന ബ്രഹ്മദേവന്‍ മഹിഷിയുടെ അഭ്യര്‍ത്ഥന കേട്ട് 'അപ്രകാരം തന്നെയാവട്ടെ'എന്നുവരം നല്‍കി അനുഗ്രഹിച്ച് അന്തര്‍ദ്ധാനം ചെയ്തു. മഹിഷിയുടെ രോമകൂപങ്ങളില്‍ നിന്നും അനേകായിരം മഹിഷങ്ങള്‍ ആവിര്‍ഭവിച്ചു. തന്റെ തപശ്ശക്തിയാല്‍ മഹിഷി മഹിഷഗണങ്ങളോടൊരുമിച്ചു സ്വര്‍ഗ്ഗലോകത്തിലെത്തി. മഹിഷിയുടെ വരലബ്ധിയെക്കുറിച്ച് അറിഞ്ഞ മറ്റ് അസുരന്മാരും ആ പടയോടുകൂടിച്ചേര്‍ന്നു. അസുരന്മാരാല്‍ ബഹുമാനിതയായ മഹിഷി നിര്‍ജ്ജരലോകത്തില്‍(സ്വര്‍ഗ്ഗത്തില്‍) ചെന്നു ഗര്‍ജ്ജിച്ച് ഇപ്രകാരം ദേവകളോടു പറഞ്ഞു. 'ഹേ നിര്‍ജ്ജരകീടങ്ങളേ, നിങ്ങള്‍ക്കു സാധിക്കുമെങ്കില്‍ ഈ വന്‍പടയോടുവന്നു യുദ്ധം ചെയ്യുക. നിര്‍ദ്ദയന്മാരായ നിങ്ങള്‍ ചണ്ഡികയെക്കൊണ്ട് എന്റെ സഹോദരനെ മര്‍ദ്ദിച്ചില്ലേ?'. മഹിഷിയും പടയും സ്വര്‍ഗ്ഗലോകത്തിലെ നന്ദനോദ്യാനത്തില്‍ കയറി മന്ദാരവൃക്ഷങ്ങളെ വെട്ടിമുറിച്ചു തുടങ്ങി. ഇതുകണ്ടു കോപിച്ച ഉദ്യാനപാലകരായ ദേവന്മാര്‍ മഹിഷിയോടേറ്റുമുട്ടി. അവര്‍ മഹിഷിയുടെമേല്‍ പ്രയോഗിച്ച അസ്ത്രങ്ങള്‍ മഹിഷിയുടെ പരാക്രമത്താല്‍ ഭസ്മീകരിക്കപ്പെട്ടു. ഭയന്ന ഉദ്യാനപാലകര്‍ദേവേന്ദ്രനെ വിവരം അറിയിച്ചു. കുപിതനായ ഇന്ദ്രനും ദേവകളും മഹിഷിയോടു യുദ്ധം ചെയ്യാനായി ഒരുമ്പെട്ടു. ഈ സമയം ദേവഗുരുവായ ബൃഹസ്പതി ഇന്ദ്രനെ തടഞ്ഞു. ദേവഗുരു പറഞ്ഞു. 'ഹേ ഇന്ദ്രാ, നില്‍ക്കുക. മഹിഷിയോടേറ്റുമുട്ടിയാല്‍ നിങ്ങള്‍ പരാജിതരാകും എന്നതില്‍ സംശയമില്ല. മഹിഷിയുടെ പൂര്‍വ്വവൃത്താന്തം നിങ്ങളെല്ലാവരും കേള്‍ക്കുക. തുടര്‍ന്ന് ബൃഹസ്പതിമഹിഷിയുടെ പൂര്‍വജന്മത്തേക്കുറിച്ചു പറഞ്ഞുതുടങ്ങി. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.