നാട് യാഗഭൂമിയായി

Friday 5 December 2014 9:42 pm IST

ചക്കുളത്തമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്ന ഭക്തര്‍

തലവടി: ചക്കുളത്തമ്മയ്ക്ക് ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു, നാട് യാഗശാലയായി. ലക്ഷങ്ങളാണ് അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിച്ചേര്‍ന്നത്. ബുധനാഴ്ച മുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു. ഓരോ വര്‍ഷവും പൊങ്കാല അര്‍പ്പിക്കാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

സ്ത്രീകളുടെ ശബരിമലയെന്ന് പ്രസിദ്ധി നേടിയ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പഞ്ചഭൂതങ്ങളെ സാക്ഷിയാക്കിയാണ് വ്രതശുദ്ധിയോടെയാണ് പൊങ്കാല അര്‍പ്പിച്ചത്. ചക്കുളത്തുകാവ് മുതല്‍ തിരുവല്ലാ മുത്തൂര്‍ ജങ്ഷന്‍, മാന്നാര്‍, തകഴി പാലം, ചെങ്ങന്നൂര്‍ വരെയും പൊങ്കാല അടുപ്പുകള്‍ നിരന്നു. പ്രധാന റോഡുകളെ കൂടാതെ എടത്വ-വീയപുരം, എടത്വ-കിടങ്ങറ, എടത്വ-തായംകരി, നീരേറ്റുപുറം-മുട്ടാര്‍-കിടങ്ങറ റോഡുകളിലും പൊങ്കാല ഇടുന്നതിനുള്ള ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായിരുന്നു.

പുലര്‍ച്ചെ 3.30ന് നിര്‍മാല്യ ദര്‍ശനത്തിന് ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയും തുടര്‍ന്ന് പൊങ്കാല ഉദ്ഘാടനവും നടന്നു. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിച്ചു. കൊടിക്കുന്നേല്‍ സുരേഷ് എംപി പൊങ്കാല ഉദ്ഘാടനം ചെയ്തു. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നു. ഭക്തര്‍ തയാറാക്കിയ പൊങ്കാല അഞ്ഞൂറില്‍പ്പരം പുരോഹിതന്മാരുടെ കാര്‍മ്മികത്വത്തില്‍ നേദിച്ചു. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി പൊങ്കാല ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

വൈകിട്ടു സാംസ്‌കാരികസമ്മേളനത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പകര്‍ന്നു. തിന്മയുടെ മേല്‍ നന്മ ആധിപത്യം സ്ഥാപിക്കുന്നുവെന്നതാണ് സങ്കല്‍പം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.