ആന്ധ്രയില്‍ ബന്ദ് ; 26 വരെ നിരോധനാജ്ഞ

Monday 17 October 2011 10:38 am IST

ഹൈദരാബാദ്‌: തെലുങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ആന്ധ്രയില്‍ സംസ്ഥാന വ്യാപകമായി ബന്ദിന്‌ തെലുങ്കാനാ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌തു. സമരം ടയുന്നതിന്റെ ഭാഗമായി ഹൈദരബാദില്‍ 26 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രക്ഷോഭത്തിന്റെ ഭാഗമായി രണ്ടാം ദിവസവും ട്രെയിന്‍ തടയല്‍ സമരം തുടരുകയാണ്‌. ടി.ആര്‍.എസ്‌. എം.പി വിജയശാന്തി ഉള്‍പ്പെടെയുള്ളവര്‍ കരുതല്‍ തടങ്കലിലാണ്‌. ഒട്ടേറെ നേതാക്കളെ ഇതിനകം അറസ്റ്റു ചെയ്‌തെങ്കിലും തെലുങ്കാനാ രാഷ്‌ട്ര സമിതി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിനെയും ജോയിന്റ്‌ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കോതണ്ഡ രാമിനെതിരെയും റെയില്‍വെ സംരക്ഷണ നിയമപ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റു ചെയ്‌തിട്ടില്ല. രാജ്യസഭാ അംഗം കെ.കേശവറാവു ഉള്‍പ്പെടെ ഏഴു കോണ്‍ഗ്രസ്‌ എം.പിമാരും കരുതല്‍ തടങ്കലിലാണ്‌. ഇതിനിടെ അറസ്റ്റിലായ ചന്ദ്രശേഖരറാവുവിന്റെ മക്കളായ കെ.ടി.രാമറാവു എം.എല്‍.എയെയും കവിതയെയും ജാമ്യത്തില്‍ വിട്ടയച്ചു. നാളെ മുതല്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും അല്ലാത്ത പക്ഷം സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. റെയില്‍ ഉപരോധത്തിന്റെ ഭാഗമായി തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കണമെന്ന്‌ തെലുങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം.പിമാര്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്‌ഡിയോട്‌ അഭ്യര്‍ത്ഥിച്ചു. അതേ സമയം സംസ്ഥാന റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ കഴിഞ്ഞ 27 ദിവസമായി നടത്തി വന്ന സമരം താത്കാലികമായി പിന്‍വലിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.