ഒബാമ സന്ദര്‍ശനം: റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ ലഷ്‌കര്‍ ആക്രമണഭീഷണി

Friday 5 December 2014 11:22 pm IST

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ദ്വിദിന ഭാരത സന്ദര്‍ശനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ ലഷ്‌കറെ തൊയ്ബ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. റിപ്പബ്ലിക് ദിന പരിപാടിയിലെ മുഖ്യാതിഥിയായി ഒബാമ എത്തുന്ന അവസരത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്താനാണ് പദ്ധതിയെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ദല്‍ഹി പോലീസിന് വിവരം കൈമാറി. റിപ്പബ്ലിക് ദിന പരേഡിനു നേരെയും ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണ് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഭീകരര്‍ വന്‍തോതിലുള്ള ആക്രമണത്തിനൊരുങ്ങുന്നതായുള്ള വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ദല്‍ഹി പോലീസ് അടിയന്തര യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ദല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബാസിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം റിപ്പബ്ലിക് ദിന പരേഡിന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി ഒബാമയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് പരേഡ് കാണാനെത്തുന്നവരെ കര്‍ശന നിരീക്ഷണ സംവിധാനങ്ങളിലൂടെ മാത്രം പരേഡ് റോഡിലേക്ക് കടത്തിവിടുക, ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഇപ്പോള്‍ മുതല്‍ പ്രദേശത്ത് വിന്യസിക്കുക എന്നീ തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഹോട്ടലുകളും അനധികൃത താമസ സംവിധാനങ്ങളും പോലീസ് കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളുടെ ശ്രമഫലമായി ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇല്ലാതാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറി ആക്രമണം നടത്തുന്ന ലഷ്‌കറെ തോയ്ബയുടെ പ്രവര്‍ത്തനം തടയുന്നതിനായി കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം ആവശ്യമാണ്. നിലവില്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ മാത്രമാണ് രാജ്യത്ത് ഇപ്പോഴും സജീവമായി ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളികളായുള്ളത്. സിമിയുടെ വിവിധ രൂപങ്ങള്‍ കേരളത്തിലുള്‍പ്പെടെ ഇപ്പോഴും സജീവമാണ്. 2013 ഒക്‌ടോബര്‍ 1ന് മധ്യപ്രദേശിലെ ഖന്ദ്വ ജയിലില്‍ നിന്നും രക്ഷപ്പെട്ട അഞ്ചംഗ സിമി സംഘത്തിനു വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഐഎസ്‌ഐയും ലഷ്‌കറെ തോയ്ബയും സിഖ് തീവ്രവാദ ഗ്രൂപ്പുകളെ സജീവമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ചെറുതായി വിജയിച്ചെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.