ഗായത്രിയും താന്ത്രിക സാധനയും

Sunday 16 October 2011 9:47 pm IST

വസ്തുക്കളുടെ സൃഷ്ടിയും രൂപാന്തരവും യാതൊരു ഉപകരണങ്ങളുടെയോ യന്ത്രങ്ങളുടെയോ സഹായമില്ലാതെ തന്ത്രവിദ്യകൊണ്ട്‌ നിര്‍വ്വഹിക്കാന്‍ കഴിയുന്ന ശാസ്ത്രശാഖയാണ്‌ തന്ത്രശാസ്ത്രം. പ്രാചീനകാലത്ത്‌ ഭാരതത്തിലെ വൈജ്ഞാനികാചാര്യന്മാര്‍ പല ആവശ്യഓങ്ങള്‍ക്കും തന്ത്രശാസ്ത്രം ഉപയോഗപ്പെടുത്തിയിരുന്നു. യാതൊരു യന്ത്രഉപയോഗവും കൂടാതെ തന്നെ പല അത്ഭുതകരമായ ജോലികളും നിര്‍വ്വഹിച്ചിരുന്നു. ഇന്ന്‌ യന്ത്രങ്ങളുടെ സഹായം ഉണ്ടായിരുന്നിട്ടുകൂടി അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. കടുത്ത മഴ പെയ്യിക്കാന്‍ കഴിവുള്ള വരുണാസ്ത്രം, അഗ്നിജ്വാലകള്‍ സൃഷ്ടിക്കുന്ന ആഗ്നേയാസ്ത്രം, ശത്രുവിനെ ബോധം കെടുത്തുന്ന മോഹാസ്ത്രം, ശരീരത്തെ തളര്‍ത്താന്‍ കഴിവുള്ള നാഗപാശം തുടങ്ങിയവ ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ക്ക്‌ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആവിയുടെയോ എണ്ണയുടെയോ സഹായമില്ലാതെ ഭൂമിയിലും വെള്ളത്തിലും ആകാശത്തും ഓടിക്കാന്‍ കഴിഞ്ഞിരുന്ന രഥങ്ങള്‍ പഴയകാലത്തുണ്ടായിരുന്നു. പുഷ്പകവിമാനം ഏറെ പ്രസിദ്ധമാണല്ലോ? മാരീചനെ പോലെ മനുഷ്യന്‍ മൃഗമായി മാറുക, സുരസയെപ്പോലെ മലപോലെയുള്ള ശരീരമാവുക, നിസാര പ്രാണിയായി മാറുക, ഹനുമാനെപ്പോലെ മലയുമേന്തി പറന്ന്‌ സമുദ്രം കടക്കുക, കടലില്‍ പാലം കെട്ടുക തുടങ്ങിയ വിദ്യകള്‍ ഇന്ന്‌ ആധുനിക കാലത്ത്‌ പോലും സാധിക്കുമോ? ചൈതന്യ ശക്തികളെ ഉണര്‍ത്തി, വശീകരിച്ച്‌ അവയെ ആജ്ഞാപാലനത്തിനായി നിയന്ത്രിക്കുന്ന വിദ്യയാണ്‌ താന്ത്രിക കര്‍മ്മങ്ങളിലൂടെ ചെയ്യുന്നത്‌. തന്ത്രശാസ്ത്രത്തില്‍ അനേകം മന്ത്രങ്ങളുണ്ട്‌. അവയുടെ ഉദ്ദേശം നിറവേറ്റാന്‍ ഗായത്രി മന്ത്രത്തിന്‌ കഴിയും. ഭക്തിയില്ലാത്തവര്‍ക്ക്‌ ഈ മന്ത്രം കൊടുക്കരുത്‌. ഇതിന്റെ അഭ്യാസം ഭക്തിയുക്തനായ ശിഷ്യനുമാത്രമേ നല്‍കാവൂ, അല്ലെങ്കില്‍ മരണത്തിന്‌ വരെ ഇടവരുമെന്നാണ്‌ ശാസ്ത്രങ്ങള്‍ പറയുന്നത്‌. പ്രകൃതിശക്തികളോട്‌ പൊരുതി അതിന്റെ ശക്തികളുടെ മേല്‍ വിജയം നേടുകയെന്നതാണ്‌ തന്ത്രം. ഇതിലേക്ക്‌ അസാധാരണമായ പ്രയത്നം വേണം. വാള്‍മുനയിലുള്ള നടത്തം പോലെ കഠിനമായ സാധനയാണ്‌ തന്ത്രവിദ്യ. ഇതിലേക്ക്‌ സാധകന്‌ വേണ്ടത്ര സഹനം, മനോദാര്‍ഢ്യം, ക്ഷമ എന്നിവയെല്ലാം വേണം. യോഗ്യനും, അനുഭവ പരിചയവുമുള്ള ഒരു ഗുരുവിന്റെ കീഴില്‍ ഭക്തിയോടും സമചിത്തഭാവത്തോടും സാധനനടത്തിയാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.