കാഞ്ഞങ്ങാട്‌ ശാശ്വത സമാധാനം വേണം

Sunday 16 October 2011 9:50 pm IST

ഒട്ടും ആശാസ്യമായ വാര്‍ത്തകളല്ല കാസര്‍കോട്‌ ജില്ലയില്‍ നിന്നും കേട്ടു കൊണ്ടിരിക്കുന്നത്‌. ബഹുസ്വര സമുദായ സംഗമ ഭൂമിയായ കാസര്‍കോട്ടെ ജനങ്ങള്‍ പൊതുവെ സാത്വികരുമായിരുന്നു. ഇടയ്ക്ക്‌ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക്‌ കീഴ്പ്പെടുന്നു എന്ന പേരുദോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിമിഷം കൊണ്ട്‌ വര്‍ഗീയ സംഘട്ടനങ്ങളായി മാറുന്ന അവസ്ഥയാണ്‌ സമീപകാലങ്ങളില്‍ കാണാനാകുന്നത്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കാഞ്ഞങ്ങാട്‌ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്‌. ലീഗ്‌-സിപിഎം സംഘട്ടനങ്ങള്‍ ഇടയ്ക്കിടയ്ക്ക്‌ കാഞ്ഞങ്ങാടിന്റെ സ്വൈര്യം കെടുത്താറുണ്ടായിരുന്നു. കാഞ്ഞങ്ങാടിന്റെ ചില ഭാഗങ്ങളില്‍ മുസ്ലീം തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാണ്‌. കള്ളപ്പണം ഇവര്‍ക്ക്‌ ആവശ്യാനുസരണം ലഭിക്കുന്നു. പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ലാത്ത അന്യസംസ്ഥാനക്കാരായ അപരിചിതര്‍ കാഞ്ഞങ്ങാടും സമീപത്തും വീടുകള്‍ വാടകയ്ക്കെടുത്ത്‌ താമസിച്ചു വരുന്നത്‌ സംശയാസ്പദമാണ്‌. പോലീസിന്‌ ഇത്‌ നന്നായി അറിയാവുന്നതാണ്‌. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്‌ സന്ദര്‍ശിച്ച ഡിജിപി ജേക്കബ്‌ പുന്നൂസും അപകടകരമായ പ്രവണതകള്‍ ഈ ഭാഗത്തുണ്ടെന്ന്‌ സമ്മതിച്ചിരിക്കുകയാണ്‌. അക്രമങ്ങള്‍ക്ക്‌ ആസൂത്രിത സ്വഭാവമുണ്ട്‌. സ്വാഭാവിക സംഘട്ടനമായി ഇതിനെ കാണാന്‍ കഴിയില്ലെന്നാണ്‌ ഡിജിപി പ്രസ്താവിച്ചത്‌. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞങ്ങാടും പരിസരത്തും അക്രമികള്‍ അഴിഞ്ഞാടുക തന്നെ ചെയ്തു. മുറിയനാവി, മഡിയന്‍, ചാമുണ്ഡിക്കുന്ന്‌, ആറങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിച്ചായിരുന്നു അക്രമികള്‍ വീടുകളും വാഹനങ്ങളും നശിപ്പിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തത്‌. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ നിത്യാനന്ദ പോളിടെക്നിക്കിലെത്തിയ നൂറില്‍പരം അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു. കാഞ്ഞങ്ങാട്‌, ബേക്കല്‍, അമ്പലത്തറ, പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നു. നഗരത്തില്‍ കടകള്‍ക്ക്‌ നേരെ നിരന്തരം നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട്‌ യൂണിറ്റിന്‌ അനിശ്ചിത കാലത്തേക്ക്‌ കടകള്‍ അടച്ചിടാന്‍ പോലും തീരുമാനിക്കേണ്ടി വന്നു. മഡിയന്‍ കൂലോം ക്ഷേത്രത്തിന്റെ കമാനത്തിന്‌ നേരെയും ആക്രമണമുണ്ടായി. മഡിയനില്‍ ഏതാനും വീടുകള്‍ക്ക്‌ നേരെയും ആക്രമണം അഴിച്ചു വിട്ടു. കോട്ടച്ചേരി ട്രാഫിക്‌ സര്‍ക്കിളിനടുത്ത്‌ ജനക്കൂട്ടത്തിനെതിരെ ഗ്രനേഡ്‌ പ്രയോഗിച്ചിട്ടും സംഘര്‍ഷത്തിന്‌ അയവുണ്ടാക്കാനായില്ല. സംഘര്‍ഷം രൂക്ഷമായതോടെ കാഞ്ഞങ്ങാട്‌ നഗരത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥ വന്നു. ആറങ്ങാടിയില്‍ അക്രമികള്‍ റോഡുകള്‍ ഉപരോധിച്ചു. പുല്ലൂരിലും കാഞ്ഞങ്ങാട്‌ സൗത്തിലും വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണമുണ്ടായി. വാഹനങ്ങള്‍ക്ക്‌ നേരെ അക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന്‌ കെഎസ്‌ആര്‍ടിസി സര്‍വ്വീസ്‌ പൂര്‍ണമായും നിലച്ചു. കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ്‌ പരാജയപ്പെട്ടുവെന്നും അക്രമികള്‍ ആക്രമണങ്ങള്‍ സ്വയം നിര്‍ത്തിയ ശേഷമാണ്‌ സമാധാന ശ്രമങ്ങള്‍ ഉണ്ടായതെന്നും പരക്കെ ആരോപണമുണ്ട്‌. ഒരു പ്രതിരോധവുമില്ലാതെ സമാധാനപരമായ അന്തരീക്ഷത്തിലാണ്‌ അക്രമങ്ങള്‍ മുഴുവന്‍ അരങ്ങേറിയത്‌. മുസ്ലീം തീവ്രവാദികളുടെ ആസൂത്രണം ഇതിന്‌ പിന്നിലുണ്ട്‌. അക്രമങ്ങളെല്ലാം സമാനതയുള്ളതാണ്‌. മുഖം മൂടി ധരിച്ചാണ്‌ എല്ലാ അക്രമണങ്ങളും നടന്നത്‌. ആയുധധാരികളാണ്‌ എല്ലാ ആക്രമങ്ങളും നടത്തിയത്‌. കാസര്‍കോട്‌ രണ്ടുപേരുടെ മരണത്തിനിടയായ സംഘര്‍ഷത്തിന്റെ സമാനസ്വഭാവം തന്നെയാണ്‌ കാഞ്ഞങ്ങാടും ഉണ്ടായത്‌. കുറെ സ്ഥലങ്ങളില്‍ ഒരേ സമയം മിന്നലാക്രമണം നടത്തുക. വാഹനങ്ങളും കടകമ്പോളങ്ങളും കൊള്ളയടിച്ച ശേഷം അടിച്ചു തകര്‍ക്കുക. കാസര്‍കോട്‌ അന്വേഷണ കമ്മീഷന്‍ പിരിച്ചു വിടുകയും അക്രമികളെ രക്ഷിക്കാന്‍ ശ്രമിച്ചതുമെല്ലാം കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ക്ക്‌ പ്രേരകമായിട്ടുണ്ടാകാം. ബോലോ തക്ക്ബീര്‍, അള്ളാഹു അക്ബര്‍ എന്നീ വിളികളോടെയാണ്‌ അക്രമങ്ങള്‍ നടന്നത്‌. അക്രമങ്ങള്‍ നടത്തിയത്‌ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌. മുസ്ലീം ലീഗിനെ മറയാക്കി തീവ്രവാദി സംഘടനകളാണ്‌ ഇത്‌ ആസൂത്രണം ചെയ്തത്‌ എന്ന്‌ വ്യക്തമാണ്‌. അതു കൊണ്ടു തന്നെ മുസ്ലീംലീഗുകാര്‍ക്ക്‌ കൂടുതല്‍ ഉത്തരവാദിത്വവും ചുമതലയുമുണ്ട്‌. അക്രമങ്ങളോട്‌ അമര്‍ഷം പ്രകടിപ്പിക്കുമ്പോഴും അക്രമികളെ തള്ളിപ്പറയാനോ നിയമത്തിനു മുന്നിലെത്തിക്കാനോ ലീഗുകാരില്‍ നിന്നും ആത്മാര്‍ഥ ശ്രമം നടക്കുന്നില്ലെന്ന ആക്ഷേപം അവഗണിക്കപ്പെടേണ്ടതല്ല. ലീഗ്‌ സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന കക്ഷിയാണ്‌. അതുകൊണ്ടു തന്നെ അണികളില്‍ ആക്രമണോത്സുകതയുള്ളവരെ കുറഞ്ഞപക്ഷം തള്ളിപ്പറയാനെങ്കിലും തയ്യാറാകണം. മുസ്ലീം ലീഗില്‍ നുഴഞ്ഞുകയറിയ തീവ്രവാദികളാണ്‌ അക്രമങ്ങളെല്ലാം നടത്തിയതെന്നതിനാല്‍ കോണ്‍ഗ്രസ്സിന്റെ തീവ്രവാദ വിരുദ്ധ നിലപാട്‌ വെറും നാടകം മാത്രമായി മാറിയിരിക്കുന്നു. സമാധാന ശ്രമങ്ങളുടെ ഭാഗമായി മൂന്ന്‌ യോഗങ്ങള്‍ ഇതിനകം നടന്നു. വിവിധ കക്ഷി നേതാക്കള്‍ അണിനിരന്ന സമാധാനയാത്രയും നടന്നു. എന്നാല്‍ തീവ്രവാദികളോടുള്ള സര്‍ക്കാര്‍ നിലപാടിനെക്കുറിച്ച്‌ യോഗത്തില്‍ പങ്കെടുത്ത മന്ത്രി ഒന്നും പറഞ്ഞില്ല. സമാധാന ശ്രമങ്ങള്‍ പ്രഹസനമാകുകയാണ്‌. അക്രമികളോട്‌ വിട്ടുവീഴ്ച ചെയ്യുന്ന സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. നിരപരാധികളായ പാവപ്പെട്ട ഒട്ടേറെ പേര്‍ ഇന്നും ഭീതിയില്‍ കഴിയുകയാണ്‌. അവരുടെ ജീവനോപാധികള്‍ മുഴുവന്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക്‌ അടിയന്തരമായി സഹായം നല്‍കുന്നതോടൊപ്പം കാസര്‍കോട്‌ ജില്ലയില്‍ പ്രത്യേകിച്ച്‌ കാഞ്ഞങ്ങാട്‌ ശാശ്വത സമാധാനമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.