പഠനം വേണ്ട മീനച്ചില്‍ പദ്ധതി

Sunday 16 October 2011 9:56 pm IST

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്‌ അവതരിപ്പിച്ച ഒരു ബജറ്റിലും കോട്ടയം- പാല എന്നീ പേരുകള്‍ പരാമര്‍ശിക്കാത്തതിന്റെ കുറവ്‌ നികത്താനായി ധനകാര്യമന്ത്രി ഈ സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ്‌ മൂവാറ്റുപുഴ- മീനച്ചില്‍ നദീ സംയോജനം. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ്‌ പലകോണുകളില്‍ നിന്നും പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ച്‌ ചര്‍ച്ച വന്നത്‌. ഈ സാഹചര്യത്തില്‍ ധനമന്ത്രി പദ്ധതിയെക്കുറിച്ച്‌ പഠിക്കുവാനായി കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്‌. വെറും 50 ലക്ഷം രൂപയില്‍ കൂടുതല്‍ മുതല്‍മുടക്കുള്ള ഏതൊരു പദ്ധതി നടപ്പാക്കുന്നതിന്‌ മുമ്പും പരിസ്ഥിതി ആഘാതപഠനവും, പബ്ലിക്‌ ഹിയറിംഗും നിയമാനുസരണം അനിവാര്യഘടകങ്ങളാണ്‌. അഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രെ 2011-12 സാമ്പത്തിക വര്‍ഷം മീനച്ചില്‍ നദീതട പദ്ധതി നടപ്പിലാക്കാന്‍ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്‌ ശേഷം വന്ന എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഈ പദ്ധതിയുടെ സാധ്യത വിലയിരുത്തുവാന്‍ നിയോഗിച്ച വിദഗ്ധ സമിതി പദ്ധതി അപ്രായോഗികമെന്ന കാരണത്താല്‍ തള്ളുകയാണുണ്ടായത്‌. വിദഗ്ധസമിതിയില്‍ ജല അതോറിറ്റി ചീഫ്‌ എന്‍ജിനീയര്‍, വൈദ്യുതി ബോര്‍ഡ്‌ ചീഫ്‌ എന്‍ജിനിയര്‍, ജലസേചന വിഭാഗം റിട്ട. ചീഫ്‌ എന്‍ജിനീയര്‍, സെന്റര്‍ ഫോര്‍ എര്‍ത്ത്സയന്‍സ്‌ ഡയറക്ടര്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍, നബാര്‍ഡ്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട്‌ സൂപ്രണ്ടിംഗ്‌ എന്‍ജിനിയര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. അഞ്ചുവര്‍ഷം മുമ്പ്‌ നടന്ന പഠനത്തിന്റെ വെളിച്ചതില്‍ 197 കോടി രൂപ അടങ്കല്‍ ചിലവ്‌ പ്രതീക്ഷിക്കുന്ന ഒരു പദ്ധതി നടപ്പിലാക്കുന്നതിന്‌ മുന്നോടിയായിട്ടുള്ള ബജറ്റ്‌ അലോക്കേഷനാണ്‌ നിയമസഭയില്‍ നടന്നത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂവാറ്റുപുഴയാറില്‍ നടന്ന പദ്ധതികളെക്കുറിച്ചോ, മൂവാറ്റുപുഴയാറിലെ വേനല്‍ക്കാലനീരൊക്കിനെക്കുറിച്ചോ യാതൊരു പഠനവും നടത്താതിരുന്നതും, ഇത്രയും ബൃഹത്തായ ഒരു പദ്ധതി നടപ്പിലാക്കുന്നതിന്‌ മുമ്പ്‌ നിയമം അനുശാസിക്കുന്ന പരിസ്ഥിതി ആഘാത പഠനമോ, പബ്ലിക്‌ ഹിയറിംഗോ നടത്താതെ നിയമസഭയെ നിയമലംഘനത്തിന്‌ കൂട്ടുനിര്‍ത്തുന്ന ഒരു നടപടിയാണ്‌ ഈ പദ്ധതിക്കായി ഇരുപത്തഞ്ചു കോടി രൂപ ബജറ്റ്‌ വിഹിതം മാറ്റിവച്ചിരിക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടനയും കേരള നിയമസഭ പാസ്സാക്കുന്ന നിയമങ്ങളും നടപ്പാക്കി മാതൃക കാണിക്കേണ്ട ഒരു സര്‍ക്കാരാണ്‌ ശാസ്ത്രീയമായോ, നിയമപ്രകാരമായോ നിലനില്‍ക്കാത്ത ഒരു പദ്ധതിക്കായി ബജറ്റില്‍ വക ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഒരു പക്ഷേ ധനമന്ത്രിക്കും അതേപാര്‍ട്ടിക്കാരനായ ജല വിഭവവകുപ്പ്‌ മന്ത്രിയ്ക്കും പദ്ധതിയില്‍ താല്‍പര്യമുണ്ടായിരിക്കാം. കോട്ടയം ജില്ലയ്ക്ക്‌ വേണ്ടി ഈ പദ്ധതി വേണമെന്ന്‌ ഇവര്‍ ശഠിക്കുമ്പോള്‍ കുടിവെള്ളവും, കൃഷിയ്ക്കാവശ്യമായ ശുദ്ധജലവും നഷ്ടപ്പെടുന്നത്‌ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ജനങ്ങള്‍ക്കാണ്‌. മൂവാറ്റുപുഴയില്‍നിന്നും പ്രവൃത്തിയ്ക്കുന്ന കുടിവെള്ള പമ്പിംഗും, ജലസേനവുമാണ്‌ അവതാളത്തിലാകുവാന്‍ പോകുന്നത്‌. മന്ത്രിമാര്‍ സ്വന്തം താല്‍പര്യപ്രകാരം സംസ്ഥാനത്തെ മറ്റു ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കപ്പെടാതെ പദ്ധതികള്‍ ആസൂത്രണം ചെയ്ത്‌ നടപ്പാക്കുന്നത്‌ സത്യപ്രതിജ്ഞാലംഘനമായി മാത്രമെ കണാക്കാക്കപ്പെടുകയുള്ളൂ. പദ്ധതിയോടനുബന്ധിച്ച്‌ മലങ്കര ഡാമിന്‌ മുകള്‍ ഭാഗത്ത്‌ അറക്കുള്ളതിനടുത്ത്‌ മുന്നങ്കവയലില്‍ തടയണ കെട്ടേണ്ടതായും, അവിടെ നിന്നും 6.5 കിമീറ്റര്‍ രണ്ടുമലകളെ തുരന്ന്‌ 3.8 മീറ്റര്‍ വ്യാസമുള്ള തുരങ്കം നിര്‍മിക്കുന്നതുമെല്ലാം വനമേഖലകളിലാണ്‌. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ രണ്ടാട്ടുമുണ്ടിയില്‍ മിനിഡാം, ഉപകനാലുകള്‍ , കനാലുകള്‍ എന്നിവ നിര്‍മിക്കപ്പെടാനുണ്ട്‌. 118.5 കിമീ കനാലുകള്‍ക്കും ഉപകനാലുകള്‍ക്കും പുറമെ തടയണകള്‍, ഡാമുകള്‍ എന്നിവ നിര്‍മിക്കുന്ന പദ്ധതിയ്ക്കായി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും പരിസ്ഥിതി ആഘാത പഠനവും അത്യന്താപേഷിതമാണ്‌. മൂവാറ്റുപുഴ, മീനച്ചില്‍ ലിങ്ക്‌ പദ്ധതിയ്ക്കായി ഇത്തരത്തിലുള്ള ഒരു പഠനവും നടന്നിട്ടില്ല. ധനമന്ത്രി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്ന പഠനം വെറും സാധ്യതാപഠനം മാത്രമാണ്‌. ആലപ്പുഴ, എറണാകുളം ജില്ലകളിലെ ജനങ്ങളുടെ കുടിവെള്ളത്തേയും, കൃഷിയേയും മൂവാറ്റുപുഴയില്‍നിന്നും മീനച്ചിലിലേയ്ക്ക്‌ ജലം തിരിച്ചു വിടുമ്പോള്‍ സാരമായി ബാധിക്കുമെന്നതിനാല്‍ കുറഞ്ഞത്‌ രണ്ട്‌ വര്‍ഷമെങ്കിലും എടുത്തുള്ള പരിസ്ഥി ആഘാത പഠനമാണ്‌ നടക്കേണ്ടത്‌. മഴക്കാലത്തോ മഴമാറിയ സമയത്തോ മൂവാറ്റുപുഴയിലൂടെയുള്ള ഒഴുക്കിന്റെ അളവ്‌ പരിശോധിച്ച്‌ അതിന്റെ ഒരു ചെറിയ ഭാഗംമാത്രമാണ്‌ മീനച്ചിലാറിലേക്ക്‌ തിരിച്ചുവിടുന്നുള്ളൂ എന്ന്‌ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്‌ അശാസ്ത്രീയവും ജനങ്ങളെ കബിളിപ്പിക്കലുമാണ്‌. മൂവാറ്റുപുഴയിലെ വേനല്‍ക്കാലനീരൊഴുക്കും മൂവാറ്റുപുഴ വെള്ളത്തില്‍ നടപ്പാക്കിയിരിക്കുന്ന പദ്ധതികളുടെ വേനല്‍ക്കാല ആവശ്യങ്ങളും കണക്കിലെടുക്കാതെ മഴക്കാല ജലമൊഴുക്കിന്റെ കണക്കില്‍ ജലം തിരിച്ചുവിടുന്നത്‌ ബാധിക്കുക ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയെയും, എറണാകുളം ജില്ലയിലെ കൊച്ചിനഗരത്തെയും ആയിരിക്കും. മുവാറ്റുപുഴയാറില്‍ ഇരുപതോളം ശുദ്ധജല വിതരണ പദ്ധതികളും, ജപ്പാന്‍ കുടിവെള്ള പദ്ധതിയും, കൊച്ചി നഗരത്തിനുവേണ്ടിയുള്ള ജനറം പദ്ധതിയും ചേര്‍ത്തല, വൈക്കം താലൂക്കുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയും നിലവിലുണ്ട്‌. ആയിരക്കണക്കിന്‌ ഹെക്ടര്‍ പ്രദേശത്താണ്‌ മൂവാറ്റുപുഴയാറില്‍നിന്നും ജലമെടുത്ത്‌ വിവിധയിനം കൃഷികള്‍ നടത്തിവരുന്നത്‌. മൂവാറ്റുപുഴയാറില്‍ പണി പൂര്‍ത്തിയാക്കേണ്ട എംവിഐപി നിലവിലുണ്ട്‌. കൂടാതെ പിറവം പാഴൂര്‍ പടിപ്പുരയില്‍ നിന്നും ജനറം പദ്ധതിപ്രകാരം എറണാകുളം ജില്ലയിലെ മരട്‌, കുമ്പളം, ചെല്ലാനം, കുബളങ്ങി എന്നീ സ്ഥലങ്ങളിലേക്കും, കൊച്ചി നഗരത്തിലെ കോന്തുരുത്തി, തേവര തുടങ്ങിയ ഡിവിഷനുകളിലേയ്ക്കും കുടിവെള്ളത്തിനായുള്ള പദ്ധതിയുടെ പണി പൂര്‍ത്തിയായിവരികയാണ്‌. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല മുന്‍സിപാലിറ്റി, തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത്‌ എന്നീ സ്ഥലങ്ങളിലേയ്ക്ക്‌ മൂവാറ്റുപുഴയിലെ പിറവത്തെ കളമ്പൂക്കാവില്‍ നിന്നും ജലമെടുത്തുള്ള കുടിവെള്ള പദ്ധതികള്‍ ഭാഗികമായിട്ടെങ്കിലും നടന്നുവരികയാണ്‌. ആലപ്പുഴ ജില്ലയിലെ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ കിണറുകള്‍ കുഴിച്ചാല്‍ ഉപ്പുവെള്ളമാണ്‌ ലഭ്യമാവുകയെന്ന കാര്യം കൂടി കണക്കിലെടുത്താല്‍ മീനച്ചില്‍ താലൂക്കിനേക്കാള്‍ എന്തുകൊണ്ടും ജലദൗര്‍ലഭ്യം കൂടുതല്‍ അനുഭവപ്പെടുന്ന പ്രദേശങ്ങളാണിവ. പദ്ധതിനടപ്പാക്കുമ്പോള്‍ നിലവിലുള്ളതും വിഭാവനം ചെയ്തിട്ടുള്ളതുമായ മൂവാറ്റുപുഴയിലെ പദ്ധതികള്‍ മീനച്ചില്‍ ലിങ്ക്‌ പദ്ധതിവരുമ്പോള്‍ നിന്നുപോകരുതെന്നും പഠനം നടത്തണമെന്നു ആവശ്യം ഉയര്‍ന്നപ്പോള്‍ ധനമന്ത്രി പറയുന്നത്‌ വിവാദങ്ങള്‍ ആടിനെ പട്ടിയാക്കുന്നതിന്‌ തുല്യമാണെന്നും, ഈപദ്ധതി പൊന്‍ മുട്ട ഇടുന്ന പദ്ധതിയാണെന്നുമാണ്‌. തീര്‍ച്ചയായും ഈ പദ്ധതി ആര്‍ക്കൊക്കെയോ പെന്‍മുട്ടയിടുന്ന പദ്ധതി തന്നെയാണ്‌. കാരണം പദ്ധതിയ്ക്കുവേണ്ടത്‌ 197.34 കോടിയാണല്ലോ. 75 കോടിരൂപമാത്രം ചിലവു പ്രതീക്ഷിച്ച്‌ 1977ല്‍ തുടങ്ങിയ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട്‌ 600 കോടി ചിലവഴിച്ചിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും കൂടി ഇതോടൊപ്പം കൂട്ടിവായിക്കണം. വനത്തിനും, പരിസ്ഥിതിയ്ക്കും, ജനങ്ങള്‍ക്കും വളരെയേറെ ദോഷം ഉണ്ടായേക്കാവുന്ന മൂവാറ്റുപുഴ, മീനച്ചില്‍ ലിങ്ക്‌ പദ്ധതിയെ കുറിച്ച്‌ ഈ മഴക്കാലത്ത്‌ പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാന്‍ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ടെന്നാണ്‌ ധനമന്ത്രി പറയുന്നത്‌. ഇത്രയേറെ കോടികള്‍ ചിലവഴിക്കുന്ന ഈ പദ്ധതിയ്ക്ക്‌ ഇഐഎയാണ്‌ നടക്കേണ്ടത്‌. സാധ്യതാപഠനമല്ല. പദ്ധതിയുടെ ചിലവും പരിസ്ഥിതി നാശം സംഭവിക്കുന്നതുകൊണ്ടുള്ള നഷ്ടവും കണക്കിലെടുത്തും പുതിയ പദ്ധതിവരുമ്പോള്‍ എത്ര ഏക്കര്‍ കൃഷി നശിക്കുമെന്നും എത്രപേര്‍ക്ക്‌ കുടിവെള്ളം മുട്ടുമെന്നും ശാസ്ത്രീയമായി പഠിക്കേണ്ടതില്ലേ? അതിനാല്‍ സാങ്കേതിക വിദഗ്ധരെമാത്രം ചുമതലപ്പെടുത്തിയാല്‍ മതിയോ? ശാസ്ത്രീയമായി അപഗ്രഥിക്കേണ്ട കാര്യങ്ങള്‍ സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തിയാല്‍ സത്യസന്ധമാവുമോ എന്നു കുടി ചിന്തിക്കേണ്ടതുണ്ട്‌. എങ്ങിനെയും ഒരു പദ്ധതി നടപ്പാക്കുകയെന്നതല്ലല്ലോ വികസനം, അതുകൊണ്ട്‌ നാടിന്‌ കൃത്യമായ ഗുണം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടതും സര്‍ക്കാരിന്റെ ചുമതലയല്ലേ? പെരിയാറില്‍നിന്നും വൈദ്യുതി ഉല്‍പാദനത്തിനായി മൂലമറ്റം പവര്‍ഹൗസിലേയ്ക്ക്‌ തിരിച്ചുവിട്ട ജലം മൂവാറ്റുപുഴയാറിലേയ്ക്കാണ്‌ ഒഴുകുന്നത്‌. ഇതുമൂലം കായലില്‍നിന്നും കടലില്‍നിന്നും വേലിയേറ്റ സമയത്തും വേനല്‍ക്കാലങ്ങളിലും അതിരൂക്ഷമായ ഉപ്പുവെള്ളക്കയറ്റമാണ്‌ ഇന്ന്‌ അനുഭവപ്പെടുന്നത്‌. ഇതുകൂടാതെ വ്യാവസായിക മലിനീകരണം രൂക്ഷമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇനി മുവാറ്റുപുഴയാറിലെ ജലം മീനച്ചിലാറിലേയ്ക്ക്‌ തുരങ്കം വഴി എത്തിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ മനസ്സിലാക്കേണ്ടതുണ്ട്‌. അങ്ങിനെ വേണമെന്ന്‌ പറയുന്നവരെ അധിക്ഷേപിക്കുന്നതിന്‌ മുമ്പ്‌ ശാസ്ത്രീയമായ പഠനങ്ങള്‍ നടക്കട്ടെ, ലാഭനഷ്ടങ്ങള്‍ വിലയിരുത്തപ്പെടട്ടെ. എന്നിട്ടുമതി മൂവാറ്റുപുഴയില്‍ നിന്ന്‌ മീനച്ചിലാറിലേക്കുള്ള ജലം ചോര്‍ത്തല്‍. കോട്ടയവും എറണാകുളവും ആലപ്പുഴയും കേരളത്തിലെ ജില്ലകള്‍ തന്നെ. എല്ലാവര്‍ക്കും തുല്യനീതി കുടിവെള്ളത്തിന്റെ കാര്യത്തിലെങ്കിലും ലഭ്യമാക്കുവാന്‍ ഭരണകൂടത്തിന്‌ കടമയില്ലേ? സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ കുടിവെള്ളം ലഭിക്കുവാന്‍ ചില പ്രത്യേക വിഭാഗത്തില്‍നിന്നും ചില പ്രത്യേക നാട്ടില്‍നിന്നും ഭരണകര്‍ത്താക്കള്‍ വേണമെന്ന്‌ ജനങ്ങള്‍ക്ക്‌ ആശങ്ക ഉണ്ടാകുന്നത്‌ ആര്‍ക്കും നല്ലതല്ല. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പദ്ധതികള്‍ ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കുമ്പോള്‍ പാലിക്കപ്പെടണം. മൂവാറ്റുപുഴ മീനച്ചില്‍ സംയോജന പദ്ധതിയുടെ കാര്യത്തിലും ഇതുണ്ടാകണം. ഡോ.സി.എം.ജോയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.