സ്വര്‍ണ്ണം പണയം വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌

Sunday 16 October 2011 9:56 pm IST

കൊച്ചി: പണം പെട്ടെന്ന്‌ കിട്ടുമെന്നതിനാല്‍ വ്യക്തിഗത വായ്പയേക്കാളും സ്വര്‍ണം പണയം വയ്ക്കുന്നതിനാണ്‌ ഇന്ന്‌ എല്ലാവര്‍ക്കും താല്‍പ്പര്യം. പണ്ട്‌ സ്വര്‍ണം ബാങ്കില്‍ വെയ്ക്കുന്നത്‌ നാണക്കേടായിരുന്നെങ്കില്‍ ഇന്നത്‌ ഒരു സാധാരണ സംഭവമായി മാറി. പൊതുമേഖല ബാങ്കുകളെ അപേക്ഷിച്ച്‌ പലിശനിരക്കില്‍ വന്‍ വ്യത്യാസം ഉണ്ടെങ്കില്‍പ്പോലും കൂടുതല്‍ പേരും അധിക പണം ലഭിക്കാന്‍ സ്വകാര്യ ബാങ്കുകളെയാണ്‌ ആശ്രയിക്കുന്നത്‌. ഏത്‌ ബാങ്കിലായാലും പണയം വയ്ക്കുന്ന കാലാവധി നിര്‍ണായകമാണ്‌. ഇത്‌ കഴിഞ്ഞാല്‍ പലിശയും പിഴ പലിശ കൂടും. അതുകൊണ്ട്‌ പണയം വയ്ക്കുമ്പോള്‍ കാലാവധി, പലിശ, പിഴ പലിശ, പ്രോസസിങ്‌ ഫീ, അപ്രൈസര്‍ ചാര്‍ജ്‌ ഇവ അഞ്ചും ചോദിച്ചു മനസ്സിലാക്കണം. പലിശ അടയ്ക്കേണ്ട തീയതികള്‍ കൃത്യമായി മനസ്സിലാക്കുകയും സൂക്ഷിച്ചുവയ്ക്കുകയും വേണമെന്ന്‌ ചുരുക്കം. എപ്പോഴും കുറഞ്ഞ പലിശയും ദീര്‍ഘകാല വായ്പയും നല്‍കുന്ന ബാങ്കുകളെ ആശ്രയിക്കുന്നതാണ്‌ നല്ലത്‌. കയ്യില്‍ ആവശ്യത്തിനു സ്വര്‍ണമുണ്ടെങ്കില്‍ കുറച്ചുവച്ച്‌ കൂടുതല്‍ പണം എടുക്കാതിരിക്കുന്നതാണ്‌ ബുദ്ധി. കുറഞ്ഞ സ്വര്‍ണത്തില്‍ കൂടിയ തുക കടമെടുത്താല്‍ സ്ഥാപനം സ്വര്‍ണം എളുപ്പം വിറ്റഴിക്കാനുള്ള സാധ്യത കൂടുതലാണ്‌. വായ്പയുടെ കാലാവധി കഴിഞ്ഞ്‌ മൂന്നുമാസത്തിനുള്ളില്‍ ക്ലോസ്‌ ചെയ്തില്ലെങ്കില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്ഥാപനത്തിനുണ്ട്‌. കാലാവധി കഴിയുന്ന മുറയ്ക്ക്‌ സ്വര്‍ണം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്‌ പുതുക്കി വയ്ക്കണം.