മലബാര്‍ ദേവസ്വം ബോര്‍ഡ് ഗ്രാന്റ് വിതരണം തടസപ്പെട്ടേക്കും

Saturday 6 December 2014 8:52 pm IST

കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഗ്രാന്റ് വിതരണം ഇൗവര്‍ഷം തടസപ്പെട്ടേക്കും. ഡെപ്യൂട്ടേഷനില്‍ തുടരുന്ന കമ്മീഷണറുടെ കാലാവധി ഡിസംബര്‍ 15ന് അവസാനിക്കും. കാലാവധി നീട്ടിയേക്കുമെന്നും സൂചനയുണ്ട്. അന്തിമ തീരുമാനമെടുക്കുന്നത് മന്ത്രിയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. കമ്മീഷണറുടേതിനു പുറമേ ബോര്‍ഡിന്റെ കാലാവധി മാര്‍ച്ച് മാസം അവസാനിക്കുകയാണ്. നേരത്തെയുള്ള ഗ്രാന്റ് വിതരണം തന്നെ യഥാസമയം പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ ഇത്തവണ എന്താകുമെന്ന ആശങ്ക ക്ഷേത്രഭാരവാഹികള്‍ക്കിടയിലുണ്ട്. മാത്രമല്ല ഇതുമൂലം മിക്ക ക്ഷേത്രങ്ങളിലും വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. പലതും അപൂര്‍ണ നിലയിലാണ്. ഗ്രാന്റിനുള്ള അപേക്ഷ നല്‍കേണ്ട അവസാനതീയതി ഡിസംബര്‍ 15 ആണ്. ഒരു ജില്ലക്ക് ഒരു കോടി രൂപയെങ്കിലും അനുവദിച്ചാലേ അര്‍ഹമായ ക്ഷേത്രങ്ങള്‍ക്ക് ഒരു നിശ്ചിത തുകയെങ്കിലും നല്‍കാന്‍ കഴിയൂ. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ അതിന് സാധ്യത കുറവാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കണമെങ്കില്‍ കമ്മീഷണര്‍ ഉണ്ടായേ പറ്റൂ. എസ്റ്റാബ്ലിഷ്‌മെന്റ് കമ്മറ്റിയില്‍ നൂറുകണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇവക്ക് പരിഹാരം കാണുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു താല്‍പര്യവുമില്ല. ബോര്‍ഡിലുണ്ടായ പടലപ്പിണക്കത്തെ മുതലെടുക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ ദേവസ്വം സെക്രട്ടറിയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ഇവര്‍ കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.