ഇന്ത്യ പൊരുതി വീണു

Saturday 6 December 2014 10:57 pm IST

ഭുവനേശ്വര്‍:  ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വിത്തുടക്കം. പൂള്‍ ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അതികായരായ ജര്‍മനി മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി. ഇഞ്ചോടിഞ്ച് പൊരുതിയ ആതിഥേയരെ കളിയുടെ അന്ത്യവേളയില്‍ ഫ്‌ളോറിയന്‍ ഫച്ചസിന്റെ  ഗോള്‍ ചതിക്കുകയായിരുന്നു. ഇതേ പൂളിലെ മറ്റൊരു കളിയില്‍ ഹോളണ്ട് അര്‍ജന്റീനയെ 3-0ത്തിന് മുക്കി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അഞ്ചുതവണ ജേതാക്കളായ ആസ്‌ട്രേലിയയെ ഇംഗ്ലണ്ട് 3-1ന് ഞെട്ടിച്ചു. സാമുവല്‍ വാര്‍ഡിന്റെ ഇരട്ടഗോളുകള്‍ ഇംഗ്ലീഷ് ജയത്തിന്റെ ചാലകശക്തിയായി. അലെസ്റ്റൈര്‍ ബ്രോഗ്ഡണ്‍ ഇംഗ്ലീഷ് സംഘത്തിന്റെ മറ്റൊരു സ്‌കോറര്‍. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ ക്രിസ് സിറിയെല്ലോ ഓസീസിന് ആശ്വാസം നല്‍കി. സൂപ്പര്‍ താരങ്ങളായ  ജാമി ഡയര്‍, മാര്‍ക്ക് നോവല്‍സ്, കെയ്‌റണ്‍ ഗോവെഴ്‌സ്, ജോയല്‍ കരോള്‍ എന്നിവരെ പരിക്കുമൂലം നഷ്ടപ്പെട്ട ആസ്‌ട്രേലിയന്‍ ടീം പതിവ് താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടു. അതു മുതലാക്കിയ ഇംഗ്ലണ്ട് ജയം പിടിച്ചെടുക്കുകയായിരുന്നു. പൂള്‍ എയിലെ മറ്റൊരങ്കത്തില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബെല്‍ജിയം കീഴടക്കി. താംഗുയ് കൊസീന്‍സിലൂടെ പത്താം മിനിറ്റില്‍ മുന്നില്‍ക്കയറി യൂറോപ്യന്‍ ടീമിനെ നായകന്‍ മുഹമ്മദ് ഇമ്രാന്റെ (36-ാം മിനിറ്റ്) പെനാല്‍റ്റി സ്‌ട്രോക്ക് വഴി പാക്കിസ്ഥാന്‍ ഒപ്പംപിടിച്ചു. എന്നാല്‍ 43-ാം മിനിറ്റില്‍ തോമസ് ബ്രയെല്‍സിന്റെ സ്റ്റിക്ക് ബെല്‍ജിയത്തിന് ജയം ഉറപ്പിച്ചുകൊടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.