കൗമാരം കുതിക്കും.. പറക്കും... പുതിയ ദൂരം തേടും; ഉയരവും

Saturday 6 December 2014 11:01 pm IST

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ അനന്തപുരിയില്‍ കൊടിയേറ്റ്. തുടര്‍ന്നുള്ള നാല് ദിനങ്ങള്‍ പുതിയ വേഗവും ഉയരവും ദൂരവും കണ്ടെത്താനായി രണ്ടായിരത്തിഅഞ്ഞൂറിലേറെ കൗമാര പ്രതിഭകള്‍ മീറ്റില്‍ മാറ്റുരയ്ക്കും. അടുത്തവര്‍ഷം ജനുവരിയില്‍ നടക്കുന്ന ദേശീയ ഗെയിംസിനായി യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം അണിഞ്ഞൊരുങ്ങുന്നതിനാല്‍ കാര്യവട്ടം എല്‍എന്‍സിപിയിലാണ് മീറ്റ് അരങ്ങേറുന്നത്. കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന കായികമേള ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവെച്ചത്. എങ്കിലും മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ സംസ്ഥാന കായികമേളക്കുമേല്‍ നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങുകയായിരുന്നു. ഈ മീറ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനുവരി 19 മുതല്‍ 23 വരെ റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മീറ്റില്‍ പോരാട്ടം നടക്കുന്നത്.  1350 ആണ്‍കുട്ടികളും 1207 പെണ്‍കുട്ടികളും അടക്കം 2557 കായികതാരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കാനെത്തും. നാളെ രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എല്‍. രാജന്‍ പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. വൈകിട്ട് 3.30ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. സമാപനദിവസമായ 11ന് വൈകിട്ട് നാലിന് നടക്കുന്നചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. ആയിരം വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, നഗരത്തിലെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള മാര്‍ച്ച് പാസ്റ്റ്, സൂര്യകാന്തി പുഷ്പം, താമര, മലയാളി മങ്കകള്‍ തുടങ്ങി വേഷധാരികളായ പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകും. അന്‍പത്തിയെട്ട് നിറത്തിലുള്ള ബലൂണുകള്‍ ആകാശത്ത് ഉയര്‍ത്തുന്നതോടെ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം കുറിക്കും. വിവിധ ജില്ലകളില്‍ നിന്നും ട്രയിന്‍ മാര്‍ഗം എത്തുന്ന ടീമുകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 10 മുതല്‍ എസ്എംവി ഹൈസ്‌കൂളില്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കായിക മേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കായിക താരങ്ങള്‍ക്ക് 750, 625, 500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് രണ്ട് ഗ്രാം വരുന്ന സ്വര്‍ണ്ണ മെഡലും സംസ്ഥാന റെക്കോര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 2000രൂപയും ദേശീയ റെക്കോര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 5000 രൂപയും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന മൂന്നു വിദ്യാലയങ്ങള്‍ക്ക് പോയിന്റിന്റെ അടിസ്ഥാനത്തില്‍ 110000, 82500, 55000 എന്നീ നിരക്കില്‍ ക്യാഷ് അവാര്‍ഡും വിദ്യാഭ്യാസ വകുപ്പ് നല്‍കും. കൂടാതെ 57-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയുമായും കഴിഞ്ഞ ജനുവരിയില്‍ റാഞ്ചിയില്‍  നടന്ന ദേശീയ സ്‌കൂള്‍ കായികമേളയുമായി ബന്ധപ്പെട്ടിട്ടുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ സമാപന സമ്മേളനത്തില്‍വച്ച് നല്‍കും. സംസ്ഥാന കായിക മേളയില്‍,   ആര്‍. രഞ്ജിത് (ദേശാഭിമാനി മികച്ച പത്രറിപ്പോര്‍ട്ടര്‍), റസാഖ് താഴത്തങ്ങാടി (മാധ്യമം, മികച്ചവാര്‍ത്താചിത്രം), മലയാള മനോരമ (അച്ചടി മാധ്യമത്തില്‍ സമഗ്ര കവറേജ്), ജോബി ജോര്‍ജ് (ഏഷ്യാനെറ്റ്, മികച്ച ടിവി റിപ്പോര്‍ട്ടര്‍) മഹേഷ് പോലൂര്‍ (ജയ്ഹിന്ദ്, മികച്ച ഛായാഗ്രഹണം) ഏഷ്യാനെറ്റ് ന്യൂസ് (സമഗ്ര ദൃശ്യമാധ്യമ കവറേജ്) എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറും. ദേശീയ കായികമേളയിലെ മികച്ച പത്ര റിപ്പോര്‍ട്ടര്‍മാരായി തോമസ് വര്‍ഗ്ഗീസിനെയും ( ദീപിക), ആര്‍. ഗിരീഷ്‌കുമാറിനെയും  (മാതൃഭൂമി), മികച്ച  ടിവി റിപ്പോര്‍ട്ടറായി ജയ് ഹിന്ദിലെ ജോയ് നായരെയും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.