ചെങ്കണ്ണ് പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല

Saturday 6 December 2014 11:17 pm IST

ചാത്തന്നൂര്‍: വേനല്‍ക്കാല രോഗമായ ചെങ്കണ്ണ് പടര്‍ന്നു പിടിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് നേത്രപടലങ്ങളില്‍ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. മഴയും പകല്‍നേരത്തെ ചൂടുമാണ് രോഗം പടരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ് പടര്‍ന്നുപിടിക്കാറെങ്കിലും ഈ അടുത്ത കാലത്തായി വൈറസ് ബാധയും രോഗം വരുത്തുന്നു. രോഗം മാറണമെങ്കില്‍ നാലുമുതല്‍ ഏഴു ദിവസം വേണ്ടിവരും. ചാത്തന്നൂര്‍ മേഖലയില്‍ ഇതുവരെ രണ്ടായിരത്തോളം പേര്‍ ചെങ്കണ്ണ് ബാധിച്ച് ചികിത്സ തേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചെങ്കണ്ണ് ബാധ സ്‌കൂളുകളിലെ ഹാജര്‍ നിലയിലും കുറവ് വരുത്തിയുട്ടുണ്ട് എന്ന് അധ്യാപകര്‍ പറയുന്നു. ചെങ്കണ്ണ് മറ്റുള്ള കുട്ടികള്‍ക്ക് പകരുമെന്ന കാരണത്താല്‍ പല കുട്ടികളോടും സ്‌കൂളില്‍ അസുഖം ഭേദമായിട്ട് എത്തിയാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നു. ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും അധികം വൈകാതെ മറ്റേ കണ്ണിനെയും ബാധിക്കും. വൈറസിനെ തുടര്‍ന്നുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രമേ ബാധിക്കുകയുളളു. പീളകെട്ടലും കുറവാകും. കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം നീണ്ടുനില്‍ക്കും. ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ കണ്ണിന് കടുത്ത ചുവപ്പു നിറം ഉണ്ടാകും മണ്‍തരികള്‍ കണ്ണില്‍പോയതുപോലെയുള്ള അസ്വസ്ഥത രാവിലെ എഴുന്നേല്‍ക്കുമ്പോഴും അല്ലാതെയും പീളകെട്ടല്‍ കണ്ണിന് ചൊറിച്ചില്‍, വേദന, കണ്ണില്‍ നിന്ന് വെള്ളം വരുക, കണ്‍പോളകളില്‍ നീര് എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം വന്നാല്‍ നേത്രരോഗ വിദഗ്ധന്റെ നിര്‍ദ്ദേശാനുസരണം മരുന്നുകള്‍ ഉപയോഗിക്കണം. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് മറ്റുളളവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കുകയും അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. കണ്ണിന് പരിപൂര്‍ണ വിശ്രമം ആവശ്യമാണ്. വായന ഒഴിവാക്കണം. കമ്പ്യൂട്ടര്‍ ഉപയോഗവും ടി.വി കാണലും ഉപേക്ഷിക്കണം. വെയില്‍ കൊള്ളുന്നതും അടുപ്പില്‍ നിന്നും മറ്റുമുള്ള ചൂടേല്‍ക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. രോഗം ബാധിച്ചവരുമായി അടുത്തിടപഴകാതിരിക്കുകയാണ് രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, രോഗികളുടെ സ്പര്‍ശനമേറ്റ വസ്തുക്കള്‍ വഴിയാണ് രോഗം പകരുന്നത്. രോഗി ഉപയോഗിച്ച ടവല്‍, കണ്ണട, കമ്പ്യൂട്ടര്‍ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വാഷ്‌ബേസിനിലെ ടാപ്പ്, സോപ്പ്, തോര്‍ത്ത്, റിമോട്ട് കണ്‍ട്രോള്‍, പുസ്തകം, പേന തുടങ്ങിയവയിലൂടെ രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരുന്നു. രോഗിയുടെ കണ്ണുകളിലേക്ക് നോക്കുന്നതിലൂടെ ഒരിക്കലും രോഗം പകരില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണ് രോഗം ബാധിച്ചു ചെന്നാല്‍ മരുന്നില്ലാത്ത അവസ്ഥയാണ്. കൂടുതല്‍ ഡോക്ടര്‍മാരും വെളിയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ കുറിച്ച് കൊടുക്കാന്‍ പറയുന്നതിനാല്‍ പാവപ്പെട്ട രോഗികള്‍ വലയുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനും രോഗത്തിന് മരുന്നും കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.