കുത്തകവിരുദ്ധ പ്രക്ഷോഭത്തില്‍ ജൂലിയന്‍ അസാഞ്ചും

Sunday 16 October 2011 10:00 pm IST

ലണ്ടന്‍: കോര്‍പ്പറേറ്റുകളുടെ അത്യാഗ്രഹത്തിനെതിരെ ലോകവ്യാപകമായി നടക്കുന്ന മുന്നേറ്റങ്ങളുടെ ഭാഗമായി ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ വിക്കിലീക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്‌ പങ്കെടുത്തു. സെന്റ്‌ പോള്‍സ്‌ പള്ളിയില്‍നിന്ന്‌ ലണ്ടന്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചിലേക്ക്‌ പ്രകടനം നടത്തിയവരെ പോലീസ്‌ തള്ളിനീക്കി. അഞ്ചുപേരെ പോലീസ്‌ അറസ്റ്റുചെയ്തതില്‍ മൂന്നു പേര്‍ പോലീസിനെ ആക്രമിച്ചതിനും രണ്ടുപേര്‍ക്കെതിരെ ശല്യമുണ്ടാക്കിയതിനുമാണ്‌ കേസ്‌ ചാര്‍ജ്‌ ചെയ്തിട്ടുള്ളത്‌. പള്ളിയുടെ നടയില്‍നിന്ന്‌ ജനക്കൂട്ടത്തെ ബോഡിഗാര്‍ഡുകളുടെ നടുവില്‍ നിന്ന്‌ അസാഞ്ച്‌ അഭിസംബോധന ചെയ്തു. കഴിഞ്ഞ ആഗസ്റ്റില്‍ ലഹളകളെ നേരിടുന്നതില്‍ പരാജയപ്പെട്ടതായി ലണ്ടന്‍ പോലീസിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ അവര്‍ ഇത്തവണ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതില്‍ ഒരു വീഴ്ചയും വരുത്തയില്ല. അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ കുത്തകകളുടെ അത്യാര്‍ത്തിക്കെതിരെ നടത്തുന്ന മുന്നേറ്റങ്ങളില്‍ ആവേശഭരിതരായി 82 രാജ്യങ്ങളിലെ 951 നഗരങ്ങളില്‍ ലോക ശനിയാഴ്ചയുടെ ഭാഗമായി പ്രകടനങ്ങള്‍ നടന്നു.