ഇന്ത്യ-വിയറ്റ്നാം എണ്ണ പര്യവേഷണ കരാറിനെതിരെ ചൈനീസ്‌ പത്രം

Sunday 16 October 2011 10:01 pm IST

ബീജിങ്ങ്‌: തെക്കന്‍ ചൈന സമുദ്രത്തില്‍നിന്ന്‌ എണ്ണ പര്യവേഷണം നടത്താന്‍ ഇന്ത്യയും വിയറ്റ്നാമും തമ്മിലുണ്ടാക്കിയ കരാര്‍ ചൈനയെ നേരിടാനുള്ള ശ്രമമാണെന്ന്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പത്രം ചൂണ്ടിക്കാട്ടി. തങ്ങളുടെ നിലപാട്‌ അറിയിക്കാന്‍ ഇതിനെതിരെ ചൈനക്ക്‌ നടപടികളെടുക്കേണ്ടി വരുമെന്നും അത്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. കഴിഞ്ഞ ബുധനാഴ്ച ഇന്ത്യയും വിയറ്റ്നാമും തമ്മില്‍ ഒപ്പിട്ട കരാറിനെ വിമര്‍ശിച്ചുകൊണ്ട്‌ ഇത്‌ എങ്ങനെ ചൈനയെ ബാധിക്കുമെന്ന്‌ രണ്ടു രാജ്യങ്ങള്‍ക്കുമറിയാമെന്ന്‌ ഇന്ത്യയെ സ്ഥിരം വിമര്‍ശിക്കാറുള്ള ഗ്ലോബല്‍ ടൈംസ്‌ ചൂണ്ടിക്കാട്ടുന്നു. ഇതിനെ പ്രതിരോധിക്കാനും ഇത്തരം ശ്രമങ്ങളെ തടയാനുമുള്ള നീക്കം ചൈനയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന്‌ ടൈംസ്‌ അറിയിക്കുന്നു. ചൈനയുമായി ഇന്ത്യക്കുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഈ നടപടി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതുപോലെയാണെന്ന്‌ പത്രം വിശേഷിപ്പിക്കുന്നു. സമുദ്ര തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഒരു കരാറില്‍ ചൈനയും വിയറ്റ്നാമും ഒപ്പിട്ട്‌ രണ്ടു ദിവസത്തിനുശേഷമാണ്‌ ഇന്ത്യയുമായുള്ള ഉടമ്പടി ഉണ്ടാക്കിയതെന്ന്‌ ടൈംസ്‌ ചൂണ്ടിക്കാട്ടുന്നു. ഇത്‌ വിയറ്റ്നാമിന്റെ ഇരട്ടത്താപ്പോ, രാജ്യത്ത്‌ തീരുമാനമെടുക്കുന്നവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമോ ആയി കരുതണമെന്നും പത്രം പറയുന്നു. ഇന്ത്യ ഈ പ്രദേശത്തെ നയതന്ത്രപരമായ ഇടപെടലിനാണ്‌ ബാരല്‍ കണക്കിന്‌ എണ്ണയും വാതകവും ലഭിക്കുന്നതിനേക്കാള്‍ വിലമതിക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു.ഇത്തരം പര്യവേഷണ പദ്ധതികള്‍ക്കു പിന്നില്‍ ഉറച്ച രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ചൈനയുടെ താക്കീതുകള്‍ അവഗണിക്കപ്പെടുമെന്നും ആയതിനാല്‍ ചൈന പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നും അത്‌ ഓര്‍മിപ്പിക്കുന്നു. ഇന്ത്യ-വിയറ്റ്നാം ഉടമ്പടിയെ നിയമവിരുദ്ധമെന്ന്‌ ചൈന അപലപിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയും വിയറ്റ്നാമും പര്യവേക്ഷണത്തിനൊരുങ്ങുമ്പോള്‍ അവരുടെ പദ്ധതിക്ക്‌ തടസ്സമുന്നയിക്കാന്‍ ചൈനക്ക്‌ സൈനികമല്ലാത്ത ശക്തികള്‍ ഉപയോഗപ്പെടുത്താം. ഇതുമൂലം വിവാദമോ തടസ്സമോ മൂലം പദ്ധതി തുടരനാകില്ലെന്ന നിര്‍ദ്ദേശവും ഉണ്ട്‌. ഈ പര്യവേഷണം തടയുകവഴി അതുമായി ബന്ധപ്പെട്ട മറ്റു രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനും രാജ്യത്തിനാകും. ഒരു നടപടിയും രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ ഇതുമൂലമുണ്ടാകുന്ന എല്ലാ ഭവിഷ്യത്തുകളും ചൈന ഏറ്റെടുക്കേണ്ടിവരുമെന്നും പത്രം മുന്നറിയിപ്പ്‌ നല്‍കുന്നു. ഇന്ത്യക്ക്‌ ഈ പ്രദേശത്തില്‍ നോട്ടമുണ്ടെങ്കിലും അവര്‍ക്ക്‌ അതിനുള്ള ദേശീയ ശക്തി കുറവാണ്‌. ഇന്ത്യ വേണ്ടാത്ത കാര്യങ്ങളില്‍ തലയിടുകയാണെന്നും ടൈംസ്‌ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമൂഹം ചൈനയുമായി ഈ വിഷയത്തില്‍ ഒരു സംഘര്‍ഷത്തിനു തയ്യാറല്ലെന്നും അത്‌ പറയുന്നു. എന്നാല്‍ ഉയര്‍ന്നുവരുന്ന ചൈന ഒരല്‍പ്പംകൂടി സഹിഷ്ണുത കാട്ടണമെന്നും ഗ്ലോബല്‍ ടൈംസ്‌ ഓര്‍മപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.