നിലം പൊത്താറായി നെടുങ്കണ്ടം കെഎസ്ഇബി ഓഫീസ്

Sunday 7 December 2014 9:54 am IST

ഇടുക്കി : തകര്‍ന്ന ആസ്ബസ്റ്റോസ് ഷീറ്റുകള്‍.... പൊട്ടിപ്പൊളിഞ്ഞ തറ..... രൂക്ഷമായ പൊടിശല്യം ഇല്ലായ്മകളുടെ നേര്‍ക്കാഴ്ചയാണ് നെടുങ്കണ്ടം കെഎസ്ഇബി സെക്ഷന്‍ ഓഫീസ്. എ.ഇ ഉള്‍പ്പെടെ 41 ജീവനക്കാര്‍ ജോലിചെയ്യുന്ന ഓഫീസ് കാലിത്തൊഴുത്തിന് സമാനമാണ്. 1960-ല്‍ കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാമിന്റെയും ടണലിന്റെയും നിര്‍മാണത്തിന് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സാണ് പിന്നീട് നെടുങ്കണ്ടം ഇലക്ട്രിക് സെക്ഷന്‍ ഓഫീസായത്. എ.ഇ, രണ്ട് സബ് എന്‍ജിനീയര്‍മാര്‍, ആറു ഓവര്‍സീയര്‍മാര്‍, അഞ്ച് മീറ്റര്‍ റീഡര്‍മാര്‍ ഉള്‍പ്പടെ 41 ജീവനക്കാരാണ് നിന്നുതിരിയാന്‍ ഇടമില്ലാത്ത ഓഫീസില്‍ ജോലി ചെയ്യുന്നത്. രാവിലെ ഹാജര്‍ രേഖപെടുത്താന്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ് ജീവനക്കാര്‍. കട്ടപ്പന ഡിവിഷന്‍ പരിധിയിലുള്ള ഒന്‍പത് സെക്ഷന്‍ ഓഫീസുകളില്‍ ഏറ്റവും പരാധീനതകള്‍ നിറഞ്ഞ ഓഫീസാണ് നെടുങ്കണ്ടത്തേത്. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളും നിലംപൊത്താറായ നിലയിലാണ്. ഇവയാകെ കാടുമൂടികിടക്കുകയുമാണ്. രാത്രിയില്‍ ഇഴജന്തുക്കളെ പേടിച്ചാണ് ജീവനക്കാര്‍ കഴിയുന്നത്. മീറ്റര്‍ റീഡര്‍മാര്‍ക്ക് ഇരുന്ന് എഴുതാനോ വിശ്രമിക്കുവാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനോ സൗകര്യങ്ങളില്ല. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, പാമ്പാടുംപാറ, കൊന്നത്തടി, സേനാപതി പഞ്ചായത്തുകളാണ് സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്നത്. 25000 ഓളം കണക്ഷന്റെ എല്ലാ ജോലികളും ചെയ്യേണ്ടത് ഇവിടെയാണ്. നിലവിലുള്ള ഓഫീസ് റോഡില്‍നിന്നും മാറിയായതിനാല്‍ പ്രായമായവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വാഹനങ്ങള്‍ താഴേക്ക് സബ്‌സ്റ്റേഷന്‍ അധികൃതര്‍ കയറ്റിവിടാത്തതിനാല്‍ പ്രായമായവര്‍ നടന്നുചെല്ലണം. സബ്‌സ്റ്റേഷന്‍ ഉദ്ഘാടനംചെയ്ത മന്ത്രി ഈ കെട്ടിടത്തിന് മുകള്‍നില പണിത് സെക്ഷന്‍ ഓഫീസിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുപിന്നീട് ഒരു നീക്കവും നടന്നില്ല. സബ്‌സ്റ്റേഷനില്‍ തന്നെ സെക്ഷന്‍ ഓഫീസിന് സജ്ജീകരണമൊരുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.