താലൂക്കാശുപത്രി ഏറ്റെടുക്കാന്‍ തയ്യാറെന്ന്‌ ജില്ലാ പഞ്ചായത്ത്‌

Sunday 16 October 2011 10:48 pm IST

താലൂക്കാശുപത്രി ഏറ്റെടുക്കാന്‍ ജില്ലാ പഞ്ചായത്ത്‌ തയ്യാറാണെന്ന്‌ പ്രസി. എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. താലൂക്കാശുപത്രിയുടെ ഭാരം ചുമക്കാന്‍ കഴിയില്ലെന്നും ഇത്‌ എടുത്ത്‌ മാറ്റണമെന്നും ശനിയാഴ്ച ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്റെ ആശുപത്രി സന്ദര്‍ശന വേളയില്‍ നഗരസഭ ചെയര്‍മാന്‍ യു.ആര്‍.ബാബു മന്ത്രിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ജില്ലാ പഞ്ചായത്ത്‌ പുതിയ പ്രഖ്യാപനവുമായി രംഗത്ത്‌ എത്തിയത്‌. ആലുവ താലൂക്കാശുപത്രി പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണെന്നും ആറര കോടി രൂപയുടെ വികസനം നടപ്പിലാക്കികഴിഞ്ഞെന്നും പ്രസിഡന്റ്‌ പറഞ്ഞു. ജില്ലാ തലത്തിലേക്ക്‌ ഉയര്‍ത്തിയ താലൂക്ക്‌ ആശുപത്രി ഏറ്റെടുക്കാനും ഇപ്പോഴത്തെ പോരായ്മ പരിഹരിച്ച്‌ ആശുപത്രിയുടെ പ്രവര്‍ത്തനം സജ്ജമാക്കാനും വേണ്ട ഫണ്ട്‌ വിനിയോഗിക്കാനും പഞ്ചായത്തിന്‌ കഴിയുമെന്നും പ്രസിഡന്റ്‌ പറഞ്ഞു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ആശുപത്രിക്ക്‌ അനുവദിച്ച തുക യു ഡി എഫ്‌ സര്‍ക്കാര്‍ റദ്ദാക്കിയെന്നും ഇതുമൂലം ആശുപത്രിയുടെ വാര്‍ഡ്‌ വികസനം അടക്കമുള്ള പദ്ധതികള്‍ക്ക്‌ അനുവദിച്ച കോടികള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലുമാണ്‌ ചെയര്‍മാന്റെ ഈ പ്രഖ്യാപനം.