കല്പറ്റ: വയനാട്ടിലെ കുഞ്ഞോം വനത്തില്‍ മാവോയിസ്റ്റുകള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കില്ല. വെള്ളമുണ്ട പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരള പോലീസിന്റെ സായുധ വിഭാഗമായ തണ്ടര്‍ബോള്‍ട്ട് പട്രോളിംഗ് നടത്തുന്നതിനിടെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
വനത്തോട് ചേര്‍ന്ന കുഞ്ഞോം ചാപ്പ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്താറുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ കോളനിയും പോലീസ് നിരീക്ഷണത്തിലായിരുന്നു. ചാപ്പകോളനിയ്ക്ക് സമീപം വരെയെത്തുന്ന റിസര്‍വ് വനത്തിന്റെ ഒരതിര്‍ത്തി കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട പകത്രന്തളം ചുരവും വേറൊരു ഭാഗം പേര്യ ചന്ദനത്തോടും മറ്റൊരു അതിര്‍ത്തി കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട നെടുമ്പൊയില്‍ വനവുമാണ്. കുന്നും മലകളും നിറഞ്ഞതാണ് ഈ വനപ്രദേശം. ചാപ്പ കോളനിയില്‍ നിന്ന് അരകിലോമീറ്ററോളം മാറി വനത്തിനുള്ളിലെ വലിയൊരു പാറക്കെട്ടിന് മുകള്‍ ഭാഗത്ത് തണ്ടര്‍ബോള്‍ട്ട് എത്തിയപ്പോഴാണ് താഴെനിന്ന് വെടിവെച്ചത്.
ഇടതൂര്‍ന്ന മരങ്ങളും പുല്‍ക്കാടുകളും ഉള്ളതിനാല്‍ പോലീസിന് മാവോയിസ്റ്റുകളെ കാണാനോ എത്രപേരുണ്ടെന്ന് സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടില്ല. തണ്ടര്‍ബോള്‍ട്ട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഈ വനത്തിന്റെ എല്ലാ അതിര്‍ത്തികളിലും വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. വയനാട് പോലീസ് സൂപ്രണ്ട് പുട്ട വിമലാദിത്യ, മാനന്തവാടി ഡിവൈഎസ്പി ജീവാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഭാഗത്തെ വനാതിര്‍ത്തിയില്‍ പോലീസ് നിരീക്ഷണം. കണ്ണൂര്‍ റേഞ്ച് ഐ ജിയുടെ പ്രത്യേക നിര്‍ദേശപ്രകാരം സായുധ പോലീസും വനാതിര്‍ത്തികളിലേക്ക് എത്തിയിട്ടുണ്ട്.
നെടുമ്പൊയില്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ പതിവായി ക്യാമ്പ് ചെയ്യുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വനാതിര്‍ത്തികളും അതിനോട് ചേര്‍ന്ന ആദിവാസി കോളനികളും പോലീസ് നിരീക്ഷണത്തിലായിരുന്നു. രാത്രി കാലങ്ങളില്‍ വനാന്തര്‍ഭാഗത്ത് നിന്ന് സായുധരായ മാവോയിസ്റ്റുകള്‍ ആദിവാസി കോളനികളില്‍ എത്താറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ മാസം 18ന് ഈ വനത്തിന്റെ തുടര്‍ച്ചയായി കിടക്കുന്ന തിരുനെല്ലിയിലെത്തിയ മാവോയിസ്റ്റ് സംഘം ഒരു സ്വകാര്യ റിസോര്‍ട്ടിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തിരുന്നു. ആദിവാസി ഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിനെതിരെ താക്കീതായി പോസ്റ്ററുകളും പതിച്ചിരുന്നു. പിന്നീട് പാലക്കാട് മാവോയിസ്റ്റുകളുടേതായി പത്രങ്ങള്‍ക്ക് ലഭിച്ച പ്രസ്താവനയില്‍ തിരുനെല്ലിയിലെ റിസോര്‍ട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം സി പി ഐ(എം എല്‍-മാവോയിസ്റ്റ്) എന്ന സംഘടന ഏറ്റെടുത്തിരുന്നു.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച കുഞ്ഞോം ഭാഗത്ത് പോലീസ് രാത്രിയും തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: