പ്രതികളെ കുടുക്കിയത് വിഎസ് പക്ഷം; സംരക്ഷിക്കാന്‍ വിഎസ്

Monday 8 December 2014 12:28 am IST

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളായ സിപിഎമ്മുകാരെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ അണികളില്‍ പ്രതിഷേധമുയരുന്നു. പ്രതികള്‍ സിപിഎമ്മുകാരല്ലെന്ന് അച്യുതാനന്ദന്‍ ആണയിടുമ്പോഴും പ്രദേശത്തെ വിഎസ് അനുകൂലികള്‍ ഈ നിലപാടിനെതിരാണ്. ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ കൃത്യമായി മൊഴി കൊടുക്കാനും മറ്റും തയാറായതിനാലാണ് അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത സിപിഎമ്മുകാര്‍ പ്രതിപ്പട്ടികയിലുള്‍പ്പെടാന്‍ കാരണം. സ്മാരകം കത്തിച്ചതും പ്രതിമ തകര്‍ത്തതും പാര്‍ട്ടിക്കാരല്ലെന്ന് അച്യുതാനന്ദന്‍ പറയുമ്പോഴും പ്രതികള്‍ക്കെതിരെ 164 വകുപ്പ് പ്രകാരം ചേര്‍ത്തല ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയത് അറിയിപ്പെടുന്ന വിഎസ് പക്ഷക്കാരാണെന്നതും ശ്രദ്ധേയമാണ്. വിഎസ്-ഐസക് പക്ഷ അനുകൂലികളായ മുതിര്‍ന്ന നേതാക്കളായ സി.കെ. ഭാസ്‌ക്കരന്‍, ടി.കെ. പളനി, കൃഷ്ണപിള്ള പാമ്പ് കടിയേറ്റ് മരിച്ച കണ്ണര്‍കാട് ചെല്ലിക്കണ്ടം വീട്ടിലെ പുതുതലമുറക്കാരായ ഷിബു, ജയന്‍ തുടങ്ങിയവരാണ് സിപിഎമ്മുകാരായ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത്. ഇവരില്‍ ഷിബുവും ജയനും അടക്കമുള്ളവരാണ് 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയത്. സിപിഎം പ്രവര്‍ത്തകര്‍ തന്നെ പ്രതികളായ സിപിഎമ്മുകാര്‍ക്കെതിരെ മൊഴി നല്‍കിയിട്ടും അച്യുതാനന്ദന്‍ പ്രതികളെ സംരക്ഷിക്കുന്ന രീതിയില്‍ തുടര്‍ച്ചയായി പ്രസ്താവനയിറക്കുന്നതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മാത്രമല്ല സംഭവത്തില്‍ ഉന്നത നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന് ആരോപണം ശക്തമായ സാഹചര്യത്തില്‍ അച്യുതാനന്ദന്റെ നിലപാടില്‍ ദുരൂഹതയുണ്ട്. സ്മാരകം കത്തിച്ച സംഭവത്തിനു ശേഷം താന്‍ സിപിഎം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവുമായി നിരന്തരം ബന്ധം പുലര്‍ത്താറുണ്ടായിരുന്നുവെന്ന് ഒന്നാംപ്രതി ലതീഷ് ബി. ചന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. മറ്റു ചില ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തുണ്ടായിരുന്നുവെന്ന് അണികള്‍ ആരോപണമുന്നയിക്കുന്നു. സ്മാരകം തകര്‍ത്ത സംഭവം പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഎസ് പക്ഷത്തിനെതിരെയുള്ള പ്രധാന ആയുധമായി ഔദ്യോഗികപക്ഷം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിഷയം ഔദ്യോഗികപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന കാഴ്ചയാണിന്നുള്ളത്. ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ കമ്മറ്റിയംഗവും പങ്കെടുത്ത കണ്ണര്‍കാട് ലോക്കല്‍ സമ്മേളനമാണ് രണ്ടാംപ്രതി സാബുവിനെ ലോക്കല്‍ കമ്മറ്റിയംഗം തെരഞ്ഞെടുത്തത്. ഇതിന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് സാബുവിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റക്കാരാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മൊഴി കൊടുത്തവരെ നേതാക്കള്‍ സംരക്ഷിക്കുന്നതിന് ഇതില്‍പ്പരം മറ്റൊരു തെളിവ് വേണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.