പയ്യന്നൂരില്‍ സിപിഎം ബോംബേറ്, അക്രമം

Monday 8 December 2014 1:01 am IST

പയ്യന്നൂര്‍ (കണ്ണൂര്‍):പയ്യന്നൂരില്‍ വീണ്ടും സിപിഎം ആക്രമണം. ആര്‍എസ്എസ് ജില്ലാ കാര്യവാഹക് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്നിവരുടേതുള്‍പ്പെടെ ഏഴ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. അക്രമികള്‍ വാഹനങ്ങള്‍ കത്തിച്ചു. ഏതാനും നാളുകളായി സിപിഎം പയ്യന്നൂര്‍ മേഖലയില്‍ സംഘപരിവാര്‍ അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വീടുകള്‍ക്കുംനേരെ വളരെ ആസൂത്രിതമായി ആക്രമണം നടത്തിവരികയായിരുന്നു. ഏകപക്ഷീയമായ ഈ ആക്രമണങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ശനിയാഴ്ച രാത്രിയില്‍നടന്ന അക്രമങ്ങള്‍. അക്രമികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിനേതാക്കള്‍ പയ്യന്നൂര്‍ പോലീസ് സിഐ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു. നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് കെ. രാജേഷിന്റെ കാരയിലുള്ള വീടിനുനേരെയാണ് ആദ്യം ബോംബെറിഞ്ഞത്. തുടര്‍ന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.പി. അരുണ്‍ കുമാറിന്റെ വെള്ളൂരിലുള്ള വീടിനുനേരെയും ബിജെപി പ്രവര്‍ത്തകനായ അമ്പലംറോഡിലെ ദിനേശന്റെ വീടിന് നേരെയും ബോംബെറിഞ്ഞു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ കത്തിച്ചു. ദിനേശന്‍ അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ബൈക്കുകളില്‍നിന്നുളള തീ വീട്ടിലേക്ക് പടര്‍ന്നുപിടിച്ചു. പയ്യന്നൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പയ്യന്നൂരിലെ പ്രമുഖ ആയുര്‍വേദ വ്യാപാരിയായ തായിനേരിയിലെ എസ്. ശിവപ്രസാദ് ഷേണായിയുടെ വീടിനുനേരെയും സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളും പൂര്‍ണമായും തകര്‍ത്തു. ബിജെപി ജില്ലാ കമ്മറ്റിയംഗം കാങ്കോലിലെ എ.കെ. രാജഗോപാലന്‍ മാസ്റ്ററുടെ വീടിനും അക്രമിസംഘം ബോംബെറിഞ്ഞു. കക്കന്‍പാറയിലെ ബിജെപി പ്രവര്‍ത്തകന്‍ പി. ബിജുവിന്റെ വീടിനും കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി നാരായണന്റെ ചിറ്റടിയിലെ വീടിനും ബോംബേറുണ്ടായി. ബോംബേറില്‍ മിക്കവീടുകള്‍ക്കും വലിയ കേടുപാടുകളുണ്ട്. നാലോളം ബൈക്കുകളിലെത്തിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് വീട്ടുകാര്‍ പറഞ്ഞു. പയ്യന്നൂര്‍ പോലീസ് ആറ് സിപിഎമ്മുകാരുടെ പേരില്‍ സംഭവത്തില്‍ കേസെടുത്തു. പ്രശോഭ് ചീറ്റ, ലിജിത്ത് പെരള, സുര,രഹനേജ്,രാഹുല്‍, അന്നൂരിലെ നന്ദന്‍ എന്നിവരുടെ പേരിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.