സര്‍വീസുകള്‍ റദ്ദാക്കിയും താമസിപ്പിച്ചും ശബരിമല തീര്‍ത്ഥാടകരെ വലച്ച് കെഎസ്ആര്‍ടിസി

Monday 8 December 2014 1:35 am IST

പത്തനാപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാദുരിതം സമ്മാനിച്ച് പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ ഓരോ സീസണ്‍ കഴിയുമ്പോഴും പമ്പ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയാണ്. പത്തനാപുരത്ത് കഴിഞ്ഞ കൊല്ലം സര്‍വീസ് നടത്തിയ ബസുകള്‍ പോലും ഇപ്പോഴില്ല. പട്ടാഴി, പുന്നല എന്നിവിടങ്ങളില്‍ നിന്നാരംഭിച്ചിരുന്ന പമ്പ ബസുകള്‍ സാമ്പത്തികനഷ്ടത്തിന്റെ പേരില്‍ വെട്ടിച്ചുരുക്കി. ഇതോടെ കിഴക്കന്‍മേഖലയില്‍ നിന്നും ദിവസേന എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ദുരിതത്തിലാകുന്നത്. പുനലൂര്‍, ചടയമംഗലം സ്റ്റാന്‍ഡുകളില്‍ നിന്നുമെത്തുന്ന പമ്പ സര്‍വീസുകളാണ് ഇപ്പോള്‍ ഇവര്‍ക്കുള്ള ആശ്രയം. എന്നാല്‍ മറ്റ് ഡിപ്പോകളില്‍ നിന്നുമെത്തുന്ന ബസുകളിലെ തിരക്കുകാരണം പലപ്പോഴും പത്തനാപുരത്തെ തീര്‍ത്ഥാടകര്‍ക്ക് സ്ഥലം ലഭിക്കാറില്ല. സാധാരണസര്‍വീസുകള്‍ വരെ സാമ്പത്തികനഷ്ടത്തിന്റെ പേരില്‍ വെട്ടിച്ചുരുക്കിയ പത്തനാപുരം ഡിപ്പോയുടെ പ്രവര്‍ത്തനത്തില്‍ മുമ്പ് വ്യാപകപരാതി ഉയര്‍ന്നിരുന്നു. ബസുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതും ടയര്‍ക്ഷാമം കാരണം ബസുകള്‍ പലതും കട്ടപ്പുറത്തിരിക്കുന്നതുമാണ് ഇതിനുകാരണമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. ഡീസല്‍ നിറയ്ക്കാനും കേടാകുന്ന ബസുകള്‍ ഡിപ്പോയിലെത്തിക്കാനും മറ്റ് ഡിപ്പോകളിലെ സൗകര്യമാണിപ്പോഴും പത്തനാപുരത്ത് ഉപയോഗിക്കുന്നത്. ശബരിമല തീര്‍ത്ഥാടക സംഘങ്ങള്‍ക്കാവശ്യമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്. മുന്‍കൊല്ലങ്ങളിലെ സര്‍വീസുകള്‍ പുനസ്ഥാപിച്ചാല്‍ തന്നെ ഒരു പരിധിവരെ യാത്രാദുരിതം പരിഹരിക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഡിപ്പോയുടെ വികസനത്തിന് നടപടികള്‍ ആരംഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. കിഴക്കന്‍മേഖലയിലെ പ്രധാന കേന്ദ്രമായതിനാല്‍ തന്നെ നിരവധി തീര്‍ത്ഥാടനസംഘങ്ങളാണ് പത്തനാപുരത്തെ ആശ്രയിക്കുന്നത്.