ക്ഷീര കര്‍ഷകര്‍ക്ക് പ്രിയം നാടന്‍ പശുക്കളോട്

Monday 8 December 2014 1:55 am IST

കാഞ്ഞങ്ങാട്: ജില്ലയില്‍ നാടന്‍പശുവളര്‍ത്തലില്‍ വന്‍വര്‍ധന. മറ്റ് കൃഷികള്‍ക്കൊപ്പം പശുവളര്‍ത്തലും നടത്താമെന്നതാണ് കര്‍ഷകരെ ക്ഷീര കാര്‍ഷിക രംഗത്തേക്ക് തിരിയാന്‍ പ്രരിപ്പിക്കുന്നത്.  ജില്ലയില്‍ ആകെ 82000 കന്നുകാലികളുള്ളതായാണ് ക്ഷീരവികസന വകുപ്പ് കണക്ക്. ഇതില്‍ 46000  ശങ്കരയിനം  പശുക്കളും 36000 നാടന്‍ പശുക്കളുമാണ്. ഓരോവര്‍ഷവും ക്ഷീരമേഖലയില്‍ കര്‍ഷകരുടെ വന്‍ മുന്നേറ്റമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാടന്‍ പശുക്കളോടുള്ള കര്‍ഷകരുടെ താല്‍പര്യവും വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പാലുല്‍പാദനത്തിന്റെ കാര്യത്തിലും ജില്ലയില്‍  17 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ പാല്‍ സംഭരണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ്  വരുത്തിയ ജില്ലയാണ് കാസര്‍കോട്. 138 ക്ഷീര സംഘങ്ങളില്‍ നിന്നും പ്രതിദിനം 49909 ലിറ്റര്‍ പാലാണ്  ജില്ലയില്‍ ഉത്പ്പാദിപ്പിക്കുന്നത്.  2010-11 ല്‍ ഇത് 35873 ലിറ്ററും 2011-12 ല്‍ ഇത് 40252 ലിറ്ററും 2012-13 ല്‍  42504 ലിറ്ററുമായിരുന്നു.പാലുല്പാദനത്തില്‍ കാസര്‍കോട് ജില്ല 12-ാം സ്ഥാനത്താണെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ശോഭന പറഞ്ഞു. നിലവില്‍ കാസര്‍കോട്. 2010ല്‍ ആറ്-ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ കര്‍ണ്ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നിടത്ത് ഇന്ന് ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് പുറത്ത് നിന്ന് വാങ്ങുന്നതെന്നും അധികൃതര്‍ പറഞ്ഞു. മലബാര്‍ മേഖലയാണ്  എറണാകുളം, തിരുവനന്തപുരം മേഖലകളെ അപേക്ഷിച്ച് പാലുല്പാദനത്തില്‍ മുന്നേറ്റം തുടരുന്നത്. എന്നാല്‍ കാലിത്തീറ്റയുടെ കാര്യത്തില്‍  കേരളത്തിന് സ്വയംപര്യാപ്തത നേടാന്‍ കഴിയാത്തത് പോരായ്മയായി തുടരുന്നു. പലപ്പോഴും ക്ഷീരസംഘങ്ങള്‍ വഴിയും മൃഗാശുപത്രികള്‍ വഴിയും വിതരണം ചെയ്യുന്ന കാലിത്തീറ്റകള്‍ യഥാസമയം കര്‍ഷകര്‍ക്ക് ലഭിക്കാത്തതായും പരാതിയുണ്ട്. മില്‍മ, കേരള ഫീഡ്‌സുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാലിത്തീറ്റകള്‍ അവശ്യത്തിന്റെ നാല്‍പത് ശതമാനം മാത്രമാണ്.  ബാക്കി 60 ശതമാനം  കാലിത്തീറ്റയും സ്വകാര്യ സംരംഭങ്ങളെയാണ് ആശ്രയിക്കുന്നത്. ജില്ലയിലെ ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ വര്‍ധനയുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. കേന്ദ്രം ഇടപെട്ട് തൊഴിലുറപ്പ് ആനുകൂല്യം ക്ഷീരമേഖലയില്‍ ലഭ്യമാക്കാനുളള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.  ഇതിനായുളള ഒന്നാംഘട്ട ചര്‍ച്ച നടന്നു കഴിഞ്ഞു. പുതുവര്‍ഷത്തോടെ ആനുകൂല്യം നല്‍കാനുള്ള നടപടിയുണ്ടാകുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.