സംസ്കൃതസര്‍വകലാശാല പഠനകേന്ദ്രങ്ങളുടെ പുനഃസ്ഥാപനം മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി

Sunday 16 October 2011 10:50 pm IST

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ്‌ നിശ്ചയപ്രകാരം നവോത്ഥാന നായകന്മാരുടെ ആറ്‌ പ്രത്യേക പഠന കേന്ദ്രങ്ങളും ഇന്റര്‍ റിലിജിയസ്‌ പഠനകേന്ദ്രവും പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സനാതന ധര്‍മ സുഹൃദ്‌ വേദി ഭാരവാഹികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ നിവേദനം നല്‍കി. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്നാണ്‌ നിവേദനം നല്‍കിയത്‌. എക്സൈസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബുവിന്റെ സാന്നിദ്ധ്യത്തിലാണ്‌ നിവേദനം നല്‍കിയത്‌. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനും അന്നത്തെ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി എം.എ.ബേബിക്കും നിവേദനം നല്‍കിയിരുന്നു. പഠന കേന്ദ്രങ്ങള്‍ക്കു വേണ്ടിയുള്ള സമരം രണ്ടേക്കാല്‍ വര്‍ഷവും 17 ഘട്ടവും പിന്നിട്ട സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കിയത്‌. പ്രോ ചാന്‍സലറായ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ.അബ്ദുറബ്ബ്‌, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, പുതിയ സിന്‍ഡിക്കേറ്റ്‌ മെമ്പര്‍ ടി.ശിവദാസന്‍നായര്‍ എംഎല്‍എ തുടങ്ങിയവര്‍ക്കും നിവേദനം നല്‍കി. നേരത്തെ ചാന്‍സലറായ ഗവര്‍ണര്‍ക്കും 140 എംഎല്‍എ മാര്‍ക്കും നിവേദനം നല്‍കിയിരുന്നു. സനാതന ധര്‍മ സുഹൃദ്‌ വേദി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പ്രൊഫ. കെ.എസ്‌.ആര്‍.പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ പ്രൊഫ.പി.വി.പീതാംബരന്‍, എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ.സിബി, കോതമംഗലം കര്‍മ സമിതി വൈസ്‌ ചെയര്‍മാന്‍ എന്‍.കെ.അശോകന്‍ എന്നിവരാണ്‌ നിവേദക സംഘത്തിലുണ്ടായത്‌.