പ്രതിഷേധം: കോട്ടയം നഗരസഭയിലെ സിനിമാ ചിത്രീകരണം മുടങ്ങി

Monday 8 December 2014 10:10 pm IST

കോട്ടയം: നഗരസഭയില്‍ സിനിമാ ഷൂട്ടിംഗിനെ ചൊല്ലി തര്‍ക്കം, ഷൂട്ടിങ് മുടങ്ങി. സിനിമാ ചിത്രീകരണ നടപടികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് ജോലികള്‍ അവസാനിപ്പിച്ച് മടങ്ങിയത്. ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപി എന്ന സിനിമയുടെ ഷൂട്ടിങ് ആയിരുന്നു നഗരസഭയില്‍ നടത്തിയത്. സ്‌കൂള്‍ മാനേജരായ ജയറാം കെട്ടിട നിര്‍മാണത്തിനുള്ള അനുമതി വാങ്ങാന്‍ ഓഫീസില്‍ എത്തി. എന്നാല്‍ നഗരസഭാ എഇ അനുമതി നല്‍കിയില്ല. ആവശ്യമായ രേഖകള്‍ ഇല്ലാതെ അനുമതി നല്‍കാനാവില്ലെന്ന് എഇ അറിയിച്ചതോടെ ജയറാം മടങ്ങുന്നതായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. രാവിലെ ഏഴ് മുതല്‍ പത്തുവരെയാണു ഷൂട്ടിംഗിന് അണിയറ പ്രവര്‍ത്തകര്‍ അനുമതി വാങ്ങിച്ചിരുന്നത്. പത്തു കഴിഞ്ഞിട്ടും ഷൂട്ടിംഗ് നീണ്ടതിനെ തുടര്‍ന്നാണു പ്രതിഷേധം ഉയര്‍ന്നത്. സ്‌കൂളിന്റെ കെട്ടിട നിര്‍മാണത്തിന് അനുമതി ചോദിക്കുന്ന രംഗമാണ് നഗരസഭാ ചെയര്‍മാന്റെ ഓഫീസില്‍ ചിത്രീകരിച്ചത്. നഗരസഭാ പ്രവര്‍ത്തി സമയത്ത് ഷൂട്ടിംഗ് നീണ്ടുപോകുന്നതു നഗരസഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തുടര്‍ന്നു നഗരസഭാ അധികൃതരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ രീതിയില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നു ജയറാം ഉള്‍പ്പെടെയുള്ളവര്‍ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. കോട്ടയം, കാവാലം തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ ജയറാമിനൊപ്പം വിജയരാഘവന്‍ അടക്കം പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. നഗരസഭാ ചെയര്‍മാന്റെ ചേംബറിനുള്ളില്‍ ഷൂട്ടിംഗ് നടത്താന്‍ പാടില്ലെന്നും ഇതിനായി കൗണ്‍സിലിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഷൂട്ടിംഗ് സെറ്റിലേക്ക് പ്രകടനം നടത്തിയത്. ചെയര്‍മാന്റെ ചേംബറിലെത്തിയ പ്രവര്‍ത്തകര്‍ നടന്‍ ജയറാമിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. അനുമതി വാങ്ങിയില്ലെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നു പറഞ്ഞ ജയറാം ക്ഷമാപണം നടത്തി പുറത്തേക്ക് പോകുകയായിരുന്നു. ഷൂട്ടിംഗ് മുടങ്ങിയതോടെ ജയറാമിന് പിന്നാലെ മറ്റു താരങ്ങളും പുറത്തേക്കിറങ്ങി. ഇതിന് പിന്നാലെ പ്രതിഷേധക്കാരും പിരിഞ്ഞു. നഗരസഭാ ചെയര്‍മാന്‍ രാജിവച്ചതിനെ തുടര്‍ന്ന് ചുമതല വഹിക്കുന്ന വൈസ് ചെയര്‍പേഴ്‌സന്റെ നിര്‍ദേശ പ്രകാരമാണ് ഷൂട്ടിംഗിന് അനുമതി നല്‍കിയതെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.