തീര്‍ത്ഥാടകര്‍ക്ക് ദുരിതപര്‍വ്വം

Monday 8 December 2014 10:12 pm IST

പ്രസാദടിക്കറ്റിനായി തീര്‍ത്ഥാടകര്‍ നെട്ടോട്ടമോടുന്നു എരുമേലി: ശബരിമലയില്‍ നിന്നും പ്രസാദം വാങ്ങാനുള്ള ടിക്കറ്റിനായി തീര്‍ത്ഥാടകര്‍ എരുമേലിയില്‍ നെട്ടോട്ടമോടുമ്പോള്‍ ധനലക്ഷ്മി ബാങ്ക് ജീവനക്കാര്‍ സംഘംചേര്‍ന്ന് കാഴ്ചകള്‍ കാണആന്‍ ചുറ്റുകയാണെന്ന് പരാതി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ താത്കാലികമായി തുടങ്ങി ധനലക്ഷ്മി ബാങ്കിന്റെ ശാഖയ്‌ക്കെതിരെയാണ് തീര്‍ത്ഥാടകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ശബരിമലയിലെ തിക്കും തിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രധാന വഴിപാടുകളായ അപ്പം, അരവണ എന്നിവയുടെ ടിക്കറ്റുകള്‍ ധനലക്ഷ്മി ബാങ്ക് വഴി എരുമേലിയില്‍ തീര്‍ത്ഥാടകര്‍ക്ക് വില്‍ക്കുന്നത്. എന്നാല്‍ ബാങ്കുകളുടെ സാധാരണ പ്രവര്‍ത്തനസമയം മാത്രം കണക്കാക്കി ബാങ്ക് തുറക്കുകയും അടയ്ക്കുകയുമാണ് ഇപ്പോഴത്തെ ജീവനക്കാര്‍ ചെയ്യുന്നതെന്നും നാട്ടുകാരും ദേവസ്വം അധികൃതരും പറയുന്നു. മൂന്നുപേരുള്ള ബാങ്കില്‍ ഒരാളെയെങ്കിലും ഇരുത്തി ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രസാദത്തിനുള്ള ടിക്കറ്റ് നല്‍കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അന്യസംസ്ഥാനത്തുനിന്നുമാത്രം നൂരുകണക്കിനു തീര്‍ത്ഥാടകര്‍ ടിക്കറ്റിനായി എത്തുമ്പോള്‍ സന്ധ്യകഴിഞ്ഞാല്‍ ബാങ്ക് അടഞ്ഞുകിടക്കുന്ന കാഴ്ചയാണുള്ളതെന്നും പറയുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തുടങ്ങിയ ബാങ്കിന്റെ പ്രവര്‍ത്തനം തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കാനുള്ള ശ്രമം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കണ്ണിമല മഠംപടിയില്‍ മുളകൊണ്ട് സുരക്ഷാവേലി എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ സ്ഥിരമായി അപകടപ്പെടുന്ന കണ്ണിമല മഠംപടിയില്‍ മുളകൊണ്ട് നാട്ടുകാര്‍ സ്ഥാപിച്ച സുരക്ഷാവേലിയാണ് തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമായിരിക്കുന്നത്. കഴിഞ്ഞമാസം മഠം പടിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് തീര്‍ത്ഥാടക ബസ് അപകടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ മുന്‍കയ്യെടുത്ത് അപകടമുന്നറിപ്പ് നല്‍കിയുള്ള സുരക്ഷാ വേലി സ്ഥാപിച്ചത്. അപകടത്തെത്തുടര്‍ന്ന് ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തീര്‍ത്ഥാടന സമയത്തും അല്ലാതെയും വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന മഠം പടിയില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന് കുറേക്കാലമായി നാട്ടുകാരും ആവശ്യപ്പെടുന്നു. കൊരട്ടിയിലെ സ്വാഗതകമാനം: ദേവസ്വംബോര്‍ഡ് നടപടി തുടങ്ങി എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായഎരുമേലി കൊരട്ടി വലിയ പാലത്തില്‍ തീര്‍ത്ഥാടക സ്വാഗതകമാനം നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയ്യപ്പന്മാരെത്തുന്ന എരുമേലി പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ ഒരു കമാനം ഇല്ലാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടന അവലോകനയോഗത്തില്‍ കമാനം നിര്‍മ്മിക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ യാതൊരു വിധ തുടര്‍നടപടികളുമായില്ല. ഇതേത്തുടര്‍ന്ന് ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ ഇടപെട്ട് കമാനം ദേവസ്വം ബോര്‍ഡ് നിര്‍മ്മിക്കാന്‍ തീരുമാനമായത്. എരുമേലി പഞ്ചായത്തതിര്‍ത്തിയില്‍ ദേവസ്വം ബോര്‍ഡ് പമ്പുഹൗസിനോടു ചേര്‍ന്ന ഭാഗമായി കമാനം സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതായും ദേവസ്വം അസി. എക്‌സി. എഞ്ചിനീയര്‍ എ. അജിത്കുമാര്‍ പറഞ്ഞു. ആറുമീറ്റര്‍ ഉയരത്തില്‍ 7.15 മീറ്റര്‍ വീതിയിലായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സ്വാഗതം എന്നെഴുതിയ കമാനം നിര്‍മ്മിക്കാന്‍ മൂന്നരലക്ഷം രൂപ നീക്കിവച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേവസ്വം എരുമേലി എഇ ഷാജി, ഓവര്‍സീയര്‍ എന്നിവരുടെ നേതൃത്വത്തില്‍ അസി. എക്‌സി. എഞ്ചിനീയര്‍ എ. അജിത്കുമാര്‍ ഉള്‍പ്പെടെ ഇന്നലെ കൊരട്ടിയിലെത്തി കമാനം സ്ഥാപിക്കുന്നതു സംബന്ധിച്ച് കരാറുകാര്‍ക്ക് മതിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അഴുതയില്‍ തീര്‍ത്ഥാടകനെ കുരങ്ങു കടിച്ചുപരിക്കേല്പിച്ചു കാളകെട്ടി: ശബരിമല തീര്‍ത്ഥാടനത്തിനായി എത്തിയ അയ്യപ്പഭക്തനെ പരമ്പരാഗത കാനനപാതയായ അഴുതയില്‍ കുരങ്ങ് കടിച്ചുപരിക്കേല്‍പ്പിച്ചു. വടക്കാഞ്ചേരി സ്വദേശി കരിമറ്റത്തില്‍ വേണുഗോപാലി (36)നാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് റവന്യൂ ഓഫീസിലെ ചാര്‍ജ് ഓഫീസര്‍ ജേക്കബ് ടി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പരിക്ക് ഉള്ളതിനാല്‍ കൂടുതല്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് കുത്തിവയ്പ് എടുത്തശേഷം വേണുഗോപാലിനെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നതിന് വിട്ടയച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം തീര്‍ത്ഥാടകനെ കുരങ്ങ് കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.