ജ്യേഷ്ഠന്റെ മക്കളെ കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും

Monday 8 December 2014 10:56 pm IST

തൊടുപുഴ : വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് ജ്യേഷ്ഠന്റെ മക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് ഏഴുവര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും. ബൈസണ്‍വാലി പൊട്ടന്‍കാട് വിരലയില്‍ ടി.വി തോമസിനെയാണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശിക്ഷിച്ചത്. ജ്യേഷ്ഠന്റെ മക്കളായ മോന്‍സി, ജോണ്‍സണ്‍ എന്നിവരെയാണ് പ്രതി കൊല്ലാന്‍ ശ്രമിച്ചത്. 2010 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോന്‍സിയുടേയും ജോണ്‍സന്റെയും വീട്ടിലേയ്ക്കുളള വഴിയില്‍ തോമസ് മണ്ണിറക്കി മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. ഇത് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വാക്കത്തിയുമായി എത്തിയ തോമസ് ജോണ്‍സന്റെ കാലിനും കൈക്കും വെട്ടി. വെട്ടുകൊണ്ട് നിലത്തുവീണ ജോണ്‍സനെ താങ്ങിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മോന്‍സിയുടെ കഴുത്തിന് പിന്‍ഭാഗത്തും പ്രതി വെട്ടി. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ ഉടന്‍ തന്നെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം നാടുവിട്ട പ്രതി തൊടുപുഴയിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ ശ്രമം നടത്തി. പിന്നീട് രാജാക്കാട് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. അടിമാലി സി.ഐ ആയിരുന്ന വി.ശ്യാംകുമാറാണ് കേസ് അന്വേഷിച്ചത്. പ്രതി പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബെര്‍ഗ് ജോര്‍ജ് ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.