സീറ്റ് വിവാദം: പന്ന്യനെ ചോദ്യം ചെയ്യാമെന്ന് ലോകായുക്ത

Monday 8 December 2014 11:48 pm IST

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ പേമെന്റ് സീറ്റ്  വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍രവീന്ദ്രനും പാര്‍ട്ടിക്കുമെതിരെ അന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്ന് ലോകായുക്തയുടെ  ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പന്ന്യനെ ചോദ്യം ചെയ്യാനും അനുവാദം നല്‍കിയിട്ടുണ്ട്. സീറ്റു വിവാദവുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളുടെ പാര്‍ട്ടി മിനിട്ട്‌സ് പിടിച്ചെടുക്കണമെന്ന് ലോകായുക്ത നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ്  മരവിപ്പിക്കുകയും ചെയ്തു. കേസിനെതിരെ സിപിഐ നല്‍കിയ ഹര്‍ജി തള്ളിയാണ് പുതിയ ഉത്തരവ്. ചിറയിന്‍കീഴ് സ്വദേശി ഷംനാദാണ് പരാതിക്കാരന്‍. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് നല്‍കിയതില്‍ സിപിഐ നേതാക്കള്‍ കോഴവാങ്ങി എന്നായിരുന്നു പരാതി. സീറ്റ് ചര്‍ച്ച സംബന്ധിച്ച ചര്‍ച്ചകളുടെ രേഖകള്‍ പിടിച്ചെടുക്കാന്‍ നേരത്തെ ലോകായുക്ത അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സിപിഐ നല്‍കിയ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ ലോകായുക്ത താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ലോകായുക്തയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെയും നിയമിച്ചു. പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി സി. ദിവാകരന്‍, ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ അഡ്വ. പി. രാമചന്ദ്രന്‍ നായര്‍, സ്ഥാനാര്‍ത്ഥിയായ ഡോ. ബെനറ്റ് എബ്രഹാം എന്നിവരാണ് എതിര്‍കക്ഷികള്‍. ഐജി സുരേഷ് രാജ് പുരോഹിതിനാണ് അന്വേഷണ ചുമതല. ലോകായുക്തയുടെ പുതിയ വിധി നേതാക്കളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. സീറ്റു വിവാദത്തില്‍ മൂന്നു നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ ധീരത കാട്ടിയ  പാര്‍ട്ടിയാണ് സിപിഐയെന്ന് കവലപ്രസംഗത്തില്‍ വിളിച്ചു പറയുമ്പോഴും അണിയറയില്‍ നടന്ന കോടിക്കോഴ കണക്കുകള്‍ എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടി സെക്രട്ടറിയെ കോഴക്കേസില്‍ ചോദ്യം ചെയ്യുകയോ  മിനിട്‌സുകള്‍ പിടിച്ചെടുക്കുകയോ ചെയ്താല്‍ പിന്നെ സിപിഐ ഉണ്ടാകുമോയെന്നതു സംശയം. കോടികള്‍ കോഴവാങ്ങി  സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന്റെ പേരില്‍ സിപിഐ ഓഫീസില്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ പോലീസ് കയറിയാല്‍ പാര്‍ട്ടി അണികള്‍ക്ക് പാര്‍ട്ടിയിലും നേതാക്കളിലുമുള്ള വിശ്വാസം നഷ്ടമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.