കാര്‍ മറിഞ്ഞ്‌ സി.പി.ഐ നേതാവ്‌ മരിച്ചു; രണ്ട് എം.എല്‍.എമാര്‍ക്ക് പരിക്ക്

Monday 17 October 2011 12:00 pm IST

ആലപ്പുഴ: ദേശീയപാതയില്‍ കായംകുളത്തിനടുത്തുവച്ച് സി.പി.ഐ നേതാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് കാറിലുണ്ടായിരുന്ന സി.പി.ഐ സംസ്ഥാനസമിതിയംഗം കൊല്ലം മാവടി പൂവറ്റൂര്‍ ചൈത്രത്തില്‍ എന്‍.വേലപ്പന്‍ (48) മരിച്ചു. ചേര്‍ത്തല എം.എല്‍.എ. പി.തിലോത്തമന്‍, വൈക്കം എം.എല്‍.എ. കെ.അജിത്ത് എന്നിവര്‍ക്കും ഡ്രൈവര്‍ രാജേഷിനും പരിക്കേറ്റു. തിലോത്തമന്റെ പരിക്ക് ഗുരുതരമാണ്. കാര്‍ ദേശീയപാതയില്‍ കൊറ്റുകുളങ്ങരയ്ക്ക്‌ സമീപം ഇടശേരി ജംഗ്ഷനില്‍ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പി. തിലോത്തമനെ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ അടിയന്തര ശസ്‌ത്രക്രിയയ്ക്ക്‌ വിധേയനാക്കി. ഇന്നലെ രാത്രി പതിനൊന്നോടെയാണ്‌ സംഭവം. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക്‌ പോകുകയായിരുന്നു എം. എല്‍. എമാര്‍. ആലപ്പുഴയിലെ എരമല്ലൂര്‍ ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം എം.എല്‍.എ.മാരുടെ കാറില്‍ കൊല്ലത്തേക്കു മടങ്ങുകയായിരുന്നു വേലപ്പന്‍. എ.ഐ.വൈ.എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ഇദ്ദേഹം. കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്ക്‌ യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ കാര്‍ പെട്ടെന്ന്‌ നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. കാര്‍ മൂന്നുതവണ തലകീഴായി മറിഞ്ഞ് വലിയ താഴ്ചയിലുള്ള ചതുപ്പില്‍ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ കായംകുളം താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും വേലപ്പന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.