മീരയുടെ കുഞ്ഞന്‍ പശുക്കള്‍

Tuesday 9 December 2014 8:53 pm IST

ലോകത്തിലെ ഏറ്റവും ചെറിയ പശുക്കളെ ഓമനിച്ചു വളര്‍ത്തുകയാണ് മീര. നാഴിയുരിപ്പാലിന്റെ പുണ്യം പകര്‍ന്ന് വെച്ചൂര്‍ പശുക്കളും, കപിലയും, കാസര്‍കോഡ് ഡ്വാര്‍ഫുമൊക്കെ മീരയുടെ തൊഴുത്തില്‍ ഇടം നേടിയിരിക്കുന്നു. നാടന്‍ പശുക്കളുടെ നന്മയാണ് തന്റെ ഐശ്വര്യമെന്ന് ഈ ക്ഷീരകര്‍ഷക പറയുന്നു. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്നും  അല്പം അകലെ പൂജപ്പുര സരസ്വതി മണ്ഡപത്തിനടുത്ത് ശ്രീഭവനില്‍ മീരാനായര്‍ക്ക് വളര്‍ത്തുമൃഗങ്ങളും  മക്കളെപോലെതന്നെ. കുട്ടിക്കാലത്ത് കളിക്കോപ്പുകളും സമപ്രായക്കാരും ആയിരുന്നില്ല മീരയുടെ ചങ്ങാതിമാര്‍. വീടിനു പിന്നിലെ തൊഴുത്തില്‍ അച്ഛന്‍ വളര്‍ത്തുന്ന പശുക്കളായിരുന്നു. മീരയുടെ അച്ഛനെ മലയാളികള്‍ നന്നായറിയും. അക്രമികള്‍ക്കുനേരെ മിന്നല്‍ പിണര്‍പോലെ പാഞ്ഞെത്തി തലസ്ഥാനത്തെ കുറ്റവാളികളെ വിറപ്പിച്ചിരുന്ന  പഴയ പോലീസ് ഇന്‍സ്‌പെക്ടര്‍  സാക്ഷാല്‍ മിന്നല്‍ പരമേശ്വരന്‍  നായര്‍. അച്ഛനിലൂടെയാണ് മീര വളര്‍ത്തുമൃഗങ്ങളുമായുള്ള ചങ്ങാത്തം കടംകൊണ്ടത്. ജോലിത്തിരക്കുകള്‍ക്കിടയിലും വീട്ടിലെത്തിയാല്‍ പശുക്കള്‍ക്കൊപ്പം കൂടുന്ന, രാത്രി എത്ര വൈകിയെത്തിയാലും തൊഴുത്തിലെത്തി പശുക്കളെ ഓമനിക്കുന്ന അച്ഛന്‍ മീരയ്ക്ക് എന്നും ആരാധനാപാത്രമായിരുന്നു. ഒരു വര്‍ഷം മുമ്പ് മരിക്കുന്നതുവരെ അച്ഛന്റെ പിന്തുണയുമുണ്ടായിരുന്നു മീരയ്ക്ക്. പത്തുവര്‍ഷം മുമ്പ് തോന്നിയ ഒരിഷ്ടമാണ് മീരയെ വെച്ചൂര്‍ പശുക്കളിലേക്ക് അടുപ്പിച്ചത്. കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്തുള്ള ഒരു ഗ്രാമമാണ് വെച്ചൂര്‍. കേരളത്തിന്റെ തനതു പശുവര്‍ഗ്ഗം ഇവിടെ ലഭിക്കുമെന്നറിഞ്ഞ മീര അവിടേക്ക് തിരിച്ചു. വെച്ചൂരില്‍ നിന്ന് മോഹവില നല്‍കി രണ്ട് വെച്ചൂര്‍ പശുക്കളെയും ഒരു വെച്ചൂര്‍ കാളയെയും മീരവാങ്ങി. വംശനാശ ഭീഷണി നേരിടുന്ന നമ്മുടെ തനി നാടന്‍ പശുക്കളോടുള്ള പ്രിയമോ കുട്ടിക്കാലം മുതലുള്ള ഗോമാതൃസ്‌നേഹമോ കൊണ്ടാകാം  ഇന്ന് മീരയുടെ കൊച്ചുതൊഴുത്തില്‍ ഏഴ് വെച്ചൂര്‍ കുഞ്ഞന്‍മാരും, മൂന്നു കപിലവര്‍ഗ്ഗത്തില്‍പ്പെട്ടവയും മൂന്നു കാസര്‍കോഡ് ഡ്വാര്‍ഫുകളും തുള്ളിച്ചാടി രസിക്കുന്നുണ്ട്. മീരയുടെ പ്രിയപ്പെട്ട കുഞ്ഞന്‍ പശുക്കള്‍ക്ക് ഓമനത്തമുള്ള പേരുകള്‍ മീര തന്നെ ചാര്‍ത്തിക്കൊടുക്കും. പാറു, ലക്ഷ്മി, ഗൗരി, വേലു അങ്ങനെ നീളും ശ്രീഭവനിലെ അരുമകളുടെ പേരുകള്‍. പശുക്കള്‍ പ്രസവിക്കുന്ന കാളക്കുട്ടികളെ പുറത്താര്‍ക്കും മീര വില്‍ക്കാറില്ല. മാംസത്തിനുവേണ്ടി ഇവയെ കൊല്ലുന്നത് മീരയ്ക്ക് സഹിക്കാനാവില്ല. അതുകൊണ്ട് കാളക്കുട്ടികളെ ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന് കിട്ടുന്ന വിലയ്ക്ക് നല്‍കും. അവര്‍ ബീജോത്പാദനത്തിനാണ് വാങ്ങുന്നതെന്നതിനാല്‍ തെല്ലും വിഷമമില്ലാതെ മീര നല്‍കും. ശരീരഘടന, വലിപ്പക്കുറവ്, ഒതുക്കം, തീറ്റയില്‍ പാലിക്കുന്ന മിതത്വം ഇവയൊക്കെ വെച്ചൂര്‍ പശുക്കളുടെ സവിശേഷതയാണ്. മിനുസമാര്‍ന്ന മേനിയും ബലമുള്ള കാലുകളുമാണ് കുഞ്ഞന്മാരുടെ മറ്റൊരു പ്രത്യേകത. എന്നാല്‍ ഭയം ഇവയെ വേട്ടയാടപ്പെടുന്നുണ്ട്. ചെറിയ ശബ്ദങ്ങള്‍ പോലും ഇവയ്ക്ക് പേടിയുളവാക്കുമെങ്കിലും പൊതുവെ ശാന്ത സ്വഭാവക്കാരാണ് വെച്ചൂരിന്റെ സുന്ദരി പൈക്കള്‍. പരമാവധി മൂന്നടിയില്‍ കൂടുതല്‍ പൊക്കം വയ്ക്കാത്ത വെച്ചൂര്‍ പശുക്കള്‍ക്ക് കുഞ്ഞ് കൊമ്പുകളാണുണ്ടാവുക. സാധാരണയായി ഒറ്റ നിറത്തിലാണ് വെച്ചൂര്‍ കുഞ്ഞന്മാര്‍ കാണപ്പെടുന്നത്. ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ് ഇക്കൂട്ടരുടെ സ്ഥായിയായ നിറമെങ്കിലും അപൂര്‍വ്വമായി മറ്റു നിറങ്ങളിലും കാണപ്പെടുന്നുണ്ട്. ഒരു ദിവസം രണ്ടു നേരങ്ങളിലായി രണ്ടുലിറ്ററില്‍ താഴെ പാല്‍മാത്രമേ ചുരത്താറുള്ളൂവെങ്കിലും ഔഷധഗുണം ഏറെയുള്ളതാണ്  വെച്ചൂര്‍ പശുക്കളുടെ പാല്‍. ചാണകം, ഗോമൂത്രം എന്നിവ ഔഷധ നിര്‍മാണത്തിനും പഞ്ചഗവ്യത്തിനുമായി ആളുകള്‍ കൊണ്ടുപോകും. പൂജപ്പുര പഞ്ചകര്‍മ്മ  ആയുര്‍വേദാശുപത്രിയില്‍ ശിരോധാരയ്ക്ക് മീരയുടെ വെച്ചൂര്‍, കപില പശുക്കളുടെ ഗോമൂത്രമാണ് രോഗികള്‍ ശേഖരിച്ചുകൊണ്ടുപോകുന്നത്. ആരില്‍ നിന്നും ഇവയ്‌ക്കൊന്നും മീര പണം ഈടാക്കാറില്ല. തെക്കന്‍ കര്‍ണ്ണാടകത്തിലെ മലനാട് പ്രദേശത്തു നിന്നാണ് മീരയ്ക്ക് കപില വര്‍ഗ്ഗത്തില്‍പ്പെട്ട പശുക്കളെ കിട്ടിയത്. കേരളത്തില്‍ കപില ഇനത്തില്‍പ്പെട്ട പശുക്കള്‍ തീരെ ഇല്ലെന്നു തന്നെ പറയാം. കപിലയെ കൈമാറ്റം ചെയ്താല്‍ വീടിന്റെ ഐശ്വര്യം കൂടി ഒപ്പം പോകുമെന്ന പഴമക്കാരുടെ വാക്കുകള്‍ ധിക്കരിച്ച് ഇവയെ ആരും വില്‍ക്കാറില്ല. തുളു ബ്രാഹ്മണ മഠങ്ങളിലാണ് കപില പശുക്കള്‍ കാണാറുള്ളത്. വെച്ചൂരിനെപോലെ തന്നെ കുഞ്ഞനാണ് കപിലയും. ആരെയും ഉപദ്രവിക്കാറില്ല. നീണ്ട ചെറിയ തലയും ചെറിയ  കൊമ്പുകളും, ചെറിയ അകിടും മുലക്കാമ്പും കപിലയുടെ കല്‍പിത ലക്ഷണങ്ങളാണ്. ഇളം ചുവപ്പുമേനിയും പൂച്ചക്കണ്ണുകളും വെള്ള നിറത്തില്‍ നാവും വായയുടെ മുകളില്‍ വെളുപ്പും കലര്‍പ്പില്ലാത്ത കപിലയില്‍ കാണാമെന്ന് മീര പറയുന്നു. സപ്തര്‍ഷികളില്‍പ്പെട്ട കപില മഹര്‍ഷിയുടെ കുംഭ(കമണ്ഡലം) യിലെ പാല്‍ യാഗവേളയില്‍ അസുരന്മാര്‍ തട്ടിത്തെറിപ്പിച്ചപ്പോള്‍ മഹാമുനി ദിവ്യശക്തിയാല്‍ സൃഷ്ടിച്ച പശുവാണ് കപില എന്നതാണ് ഐതിഹ്യം. മറ്റൊരു പ്രത്യേകത കൂടി കപിലയ്ക്കു സ്വന്തമായുണ്ട്. കപിലയിനത്തില്‍പ്പെട്ട പശുക്കളുടെ വയറിനുള്ളില്‍ അപൂര്‍വ്വ ഔഷധഗുണമുള്ളതും സുഗന്ധപൂരിതവുമായ ഗോരോചനം ശേഖരിച്ചുവയ്ക്കുന്നുണ്ടെന്ന് മൃഗസംരക്ഷണമേഖലയിലെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. കാസര്‍കോഡ് ഡ്വാര്‍ഫിന്റെ മറ്റൊരു വകഭേദമാണിതെന്ന് മീര പറയുന്നു. ലോകത്തെ ഏറ്റവും ചെറിയ ഇനങ്ങളാണെങ്കിലും വിലയുടെ കാര്യത്തില്‍ ഈ കുഞ്ഞന്മാര്‍ സങ്കര ഇനം പശുക്കളെ കടത്തിവെട്ടും. അന്‍പതിനായിരം മുതല്‍ രണ്ടുലക്ഷം വരെ മോഹവില നല്‍കിയാലും അപൂര്‍വ്വങ്ങളായ ഈ നാടന്‍ ജനുസുകളെ കിട്ടാന്‍ പ്രയാസമാണത്രേ. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന പ്രകൃതമായതിനാലും പ്രതിരോധ ശക്തി കൂടുതലായതിനാലും സാധാരണഗതിയില്‍ വെച്ചൂര്‍ , കപില, ഡ്വാര്‍ഫ് ഇനങ്ങളില്‍പ്പെട്ട പശുക്കള്‍ക്ക് രോഗങ്ങള്‍ വരാറില്ല. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും വിഷമയമായ അന്തരീക്ഷ വായുവും കുഞ്ഞന്മാര്‍ക്കു രോഗം വിതയ്ക്കാറുണ്ടെന്ന് മീര പറയുന്നു. നാടന്‍ പശുക്കളുടെ പരിപാലനത്തിന് ധാരാളം സഹായങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും തനിക്ക് ഇന്നുവരെ യാതൊരു സഹായങ്ങളും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. മൃഗസംരക്ഷണ വകുപ്പിലെ ഡോ.രമേഷ്, ഡോ.വേണുഗോപാല്‍  തുടങ്ങിയവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും തനിക്ക് വളരെ സഹായകരമാണെന്ന് മീര പറയുന്നു. സ്വാഭാവിക ഇണചേരലാലും സങ്കര പ്രജനനം വര്‍ദ്ധിച്ചതിനാലും കുഞ്ഞന്മാര്‍ക്ക് വംശനാശ ഭീഷണി നേരിടുകയാണ്. ആകെയുള്ളവയെ സംരക്ഷിക്കുകയെന്നത് സാധാരണ കര്‍ഷകന് അപ്രാപ്യവുമാണ്. ഉയര്‍ന്ന വില നല്‍കി വാങ്ങി വളര്‍ത്തിയാല്‍ അതിനനുസരിച്ചുള്ള പാല്‍ വെച്ചൂര്‍ പശുക്കളില്‍ നിന്നും കിട്ടുന്നില്ലെന്നതാണ് കര്‍ഷകരുടെ പരാതി. എന്നാല്‍ ലാഭക്കണ്ണിലൂടെയല്ലാതെ നിത്യേന കണികണ്ടുണരുന്ന കുഞ്ഞന്മാര്‍ ഐശ്വര്യമാണെന്നു കരുതുന്ന മീരമാരെ പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുവാനും കൃഷിവകുപ്പ് തയ്യാറാകുന്നില്ല. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുരളീയ ഗ്രൂപ്പിന്റെ ഇന്ത്യന്‍ പ്രോജക്ട് ഡയറക്ടര്‍ ജലറാം ആണ് മീരയുടെ ഭര്‍ത്താവ്. ഇതേ കമ്പനിയിലെ പ്രൊജക്ട് എഞ്ചിനീയര്‍ അരുണ്‍ ഏകമകനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.