വികസനം മുരടിച്ച് കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോ

Tuesday 9 December 2014 9:46 pm IST

പൊന്‍കുന്നം: പൊന്‍കു ന്നം കെഎസ്ആര്‍ടിസി ഡിപ്പോ അവഗണനയില്‍. ജില്ലയിലെ കിഴക്കന്‍ മേഖലയിലെ പ്രധാനപ്പെട്ട ഡിപ്പോയാണിത്. ടൗണിന്റെ ഹൃദയഭാഗത്ത് ഒരേക്കര്‍ നാല്‍പ്പത്തിമൂന്ന് സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ടെങ്കിലും ഡിപ്പോയില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ക്ക് താല്‍പര്യമില്ല. അന്തരിച്ച പ്രൊഫ. കെ. നാരായണക്കുറുപ്പ് ഗതാഗതമന്ത്രിയായിരിക്കെ 1979ല്‍ ആരംഭിച്ച ഡിപ്പോ ആണിത്. പിന്നീട് ഇതോടനുബന്ധിച്ച് വര്‍ക്ക്‌ഷോപ്പ് നിലവില്‍ വന്നു. ആദ്യകാലങ്ങളില്‍ ഇവിടെനിന്ന് വൈകുന്നേരം മലബാര്‍ മേഖലയിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ ഈ സര്‍വ്വീസുകള്‍ ഇല്ലാതായി. നിലവില്‍ 284 ജീവനക്കാരാണ് ഡിപ്പോയ്ക്കുള്ളത്. 114 ഡ്രൈവര്‍മാരും 103 കണ്ടക്ടര്‍മാരും 23 മെക്കാനിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെയാണിത്. 35 വര്‍ഷം പിന്നിടുമ്പോഴും വേണ്ട വളര്‍ച്ച നേടുവാന്‍ ഈ ഡിപ്പോയിക്ക് സാധിച്ചിട്ടില്ലെന്നതാണ് സത്യം. അടുത്തകാലത്ത് വെള്ളരിക്കുണ്ടിലേക്ക് സൂപ്പര്‍ എക്‌സ്പ്രസ് ബസ് സര്‍വ്വീസ് ആരംഭിച്ചു. എന്നാല്‍ ഇതിനായി അനുവദിച്ചിട്ടുള്ളത് പഴയ ബസാണെന്ന് ആക്ഷേ പം ഉയര്‍ന്നിട്ടുണ്ട്. ബസുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ വേണ്ട സ്‌പെയര്‍പാര്‍ട്‌സിന്റെ അഭാവം സര്‍വ്വീസുകളെ ബാധിക്കുന്നു. ഇതുമൂലം സര്‍വ്വീസുകള്‍ മുടങ്ങുന്നത് പതിവായിരിക്കുന്നു. 6.40ന് ആരംഭിക്കുന്ന ചേനപ്പാടി സര്‍വ്വീസ് മാസങ്ങളായിട്ട് നിലച്ചു. 6.20ന്റെ പാലാ, 7.05ന്റെ എറണാകുളം, 7.20ന്റെ തെക്കേമല തുടങ്ങിയ സര്‍വ്വീസുകളും സ്‌പെയര്‍പാര്‍ട്‌സിന്റെ അഭാവത്തില്‍ മുടങ്ങിയിരിക്കുന്നു. ഇവ നല്ല രീതിയില്‍ കളക്ഷന്‍ ലഭിക്കുന്ന സര്‍വ്വീസുകളായിരുന്നു. ആവശ്യത്തിന് മെക്കാനിക്കല്‍ ജീവനക്കാര്‍ ഇല്ലാത്തതും യഥാസമയം പണി തീര്‍ക്കാന്‍ സാധിക്കുന്നില്ല. നിലവില്‍ 42 ബസുകളും 40 ഷെഡ്യൂളുകളുമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ ഏക സൂപ്പര്‍ ഫാസ്റ്റും ഒമ്പത് ഫാസ്റ്റ് സര്‍വീസുകളും ഉള്‍പ്പെടും. ഡിപ്പോയിലേക്ക് കുടിവെള്ളം വരുന്ന പൈപ്പ് ലൈന്‍ പൊട്ടി ജലം പാഴാകുന്നത് പതിവ് സംഭവമാണ്. ആളൊഴിഞ്ഞ നിലയിലാണ് എപ്പോഴും ഡിപ്പോയുടെ പരിസരം. ബസില്‍ കയറാന്‍ യാത്രക്കാര്‍ ആരും ഇവിടെ എത്താറില്ല. സ്വകാര്യ സ്റ്റാന്‍ഡില്‍ നിന്ന് കാത്തുനിന്ന് കയറുകയാണ് പതിവ്. പൊന്‍കുന്നം വഴി കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഡിപ്പോയില്‍ കയറുന്നതിന് അവസരമൊരുക്കിയാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ സാധിക്കും. ഇവിടെ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി ഡിപ്പോയെ സംരക്ഷിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.