അധികൃതരുടെ ഒത്താശ; ആലുവ നഗരത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ വ്യാപകം

Wednesday 10 December 2014 1:36 am IST

ആലുവ: അധികൃതരുടെ ഒത്താശയോടെ ആലുവ നഗരത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ വ്യാപകം. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഒരു വിഭാഗം രാഷ്ട്രീയക്കാരുടെയും ഉദേ്യാഗസ്ഥരുടെയും മൗനാനുവാദമുണ്ടെന്നാണ് ആക്ഷേപം. സമ്പന്നന്മാരുടെ കയ്യേറ്റവും ചട്ടലംഘനവും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. ആലുവ സ്വകാര്യ ബസ് സ്റ്റാന്റിന് പിന്നില്‍ മെട്രോ റെയിലിന് സ്ഥലം ഏറ്റെടുക്കുന്നതില്‍ നിന്നും കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി ഒഴിവാക്കിയ സ്ഥലത്ത് പത്ത് കടമുറികള്‍ അനധികൃതമായി നിര്‍മ്മിക്കുകയാണ്. മെട്രോയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തെ ഏക കുടുംബമെന്ന പരിഗണനയില്‍ സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വീടും സ്ഥലവും ഏറ്റെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്. ഇവിടെ മുനിസിപ്പാലിറ്റിയുടെ പോലും അംഗീകാരമില്ലാതെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നതെന്നാണ് വിവരം. മെട്രോയെ കബളിപ്പിച്ചതിന് പുറമെ നിയമവിരുദ്ധമായാണ് നിര്‍മ്മാണം പുരോഗമിക്കുന്നതും. റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ തള്ളിവേണം കെട്ടിടം നിര്‍മ്മിക്കാനെന്ന ചട്ടവും പാലിച്ചിട്ടില്ല. ആലുവ പാലസ് റോഡില്‍ മുകുന്ദന്റെ ആശുപത്രിക്ക് എതിര്‍വശമാണ് കയ്യേറ്റവും അനധികൃത നിര്‍മ്മാണവും നടക്കുന്ന മറ്റൊരു കെട്ടിടം. മൂന്നു നില വ്യാപാര സമുച്ചയമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ചട്ടപ്രകാരം റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ ഇറക്കി പണിയണമെന്ന നിര്‍ദ്ദേശം ഇവിടെയും പാലിച്ചിട്ടില്ല. സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫഌറ്റിനെതിരെയും പരാതിയുണ്ട്. ഇവിടെ ചട്ടം ലംഘിച്ച് ഭൂമി കുഴിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. പുളിഞ്ചോട് കവലയില്‍ ആലുവയിലെ ഒരു വന്‍കിട സിമന്റ് വ്യാപാരി നിര്‍മ്മിച്ച കെട്ടിടത്തിന് പരാതിയെ തുടര്‍ന്ന് ഇതുവരെ നഗരസഭ കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.