മിന്നല്‍ ജ്യോതി; ജെറ്റ് ജിസ്‌ന

Wednesday 10 December 2014 1:56 am IST

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ വേഗതയേറിയ താരങ്ങളുടെ പട്ടം ജ്യോതിപ്രസാദിനും ജിസ്‌ന മാത്യുവിനും സ്വന്തം. ട്രാക്കില്‍ തീ പടര്‍ത്തിയ 100 മീറ്ററിലെ പല വിഭാഗങ്ങളിലും ഫോട്ടോ ഫിനിഷിലാണ് വിജയികളെ തീരുമാനിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ നെയ്മര്‍മൂല ടിഐഎച്ച്എസ്എസിലെ ജ്യോതിപ്രസാദ് 11.02 സെക്കന്റില്‍ ഫിനിഷ് ചെയ്ത്  പൊന്നണിയുകയായിരുന്നു. ജ്യോതി മിന്നലായപ്പോള്‍ കഴിഞ്ഞ തവണത്തെ ജേതാവായ രാഗില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ജിസ്‌ന മാത്യു വേഗതയുടെ തമ്പുരാട്ടിയായി. പി.ടി. ഉഷയുടെ ശിഷ്യയായ ജിസ്‌ന അവിശ്വസനീയ വേഗം കൈവരിച്ചപ്പോള്‍ (12.57 സെക്കന്റ്) സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ഡൈബി സെബാസ്റ്റിയന്റെ സമയത്തിന്റെ മാറ്റുകുറഞ്ഞുപോയി. ആദ്യദിനം 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ജിസ്‌ന ഇതോടെ ഡബിളും തികച്ചു. പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച്എസിലെ അഞ്ജലി ജോണ്‍സണ്‍ (12.93 സെക്കന്റ്) വെള്ളിയും മലപ്പുറം തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ഫാത്തിമ പി. (12.99 സെക്കന്റ്) വെങ്കലവും കരസ്ഥമാക്കി. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ തൃശൂര്‍ ഗവ. ഫിഷറീസ് എച്ച്എസ്എസിലെ അഞ്ജലി പി.ഡി. 13.12 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം സ്വന്തമാക്കി. ഈയിനത്തില്‍ വെള്ളിയും വെങ്കലവും കോഴിക്കോട് ജില്ലക്കാണ്. 13.31 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പൂവമ്പായി എഎംഎച്ച്എസിലെ സൂര്യമോള്‍ ടി. വെള്ളിയും പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ അപര്‍ണ റോയി (13.50) വെങ്കലവും കഴുത്തിലണിഞ്ഞു. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ പോരാട്ടത്തില്‍ തിരുവനന്തപുരം സായിയുടെ അഭിനവ് സി. (12.15 സെക്കന്റ്) കനകം കൊയ്തപ്പോള്‍ എറണാകുളം ആലങ്ങാട് കെഇഎംഎച്ച്എസിലെ പ്രണവ് എസ്. വെള്ളിമെഡല്‍ ഉറപ്പിച്ചു, 12.50 സെക്കന്റ്. 12.51 സെക്കന്റില്‍ ഫിനിഷ് ചെയ്ത പാലക്കാട്  മുണ്ടൂര്‍ എച്ച്എസിലെ അഖില്‍. പി.എസിനാണ് വെങ്കലം. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ ജൂനിയര്‍ ആണ്‍കുട്ടികളുടെ അങ്കത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ഓംകാര്‍ നാഥ് (11.51 സെക്കന്റ്) ഒന്നാമനായി. 11.54 സെക്കന്റില്‍ ഫിനിഷ് ചെയ്ത തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ സനീഷ് പി.എസ.് വെള്ളിയും പാലക്കാട് പറളി എച്ച്എസിലെ അമല്‍. ടി.പി. (11.62 സെക്കന്റ്) വെങ്കലവും കൈക്കലാക്കി. സീനിയര്‍ പെണ്‍കുട്ടികളില്‍ ഡൈബി സെബാസ്റ്റിയനും ഷഹര്‍ബാന സിദ്ദിക്കും 12.90 സെക്കന്റില്‍  ഓട്ടം പൂര്‍ത്തിയാക്കിയെങ്കിലും ഫോട്ടോ ഫിനിഷില്‍ ഡൈബി വിജയിയായി. കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസിലെ സൗമ്യവര്‍ഗീസ് (13.05) വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളിലെ വെള്ളി മെഡല്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ പ്രണവ് കെ.എസിന്റെ പോക്കറ്റിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.