കയ്യാങ്കളി: വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും

Monday 17 October 2011 1:15 pm IST

തിരുവനന്തപുരം: കൈയ്യാങ്കളിയെ തുടര്‍ന്ന്‌ നിയമസഭയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ രാവിലെ സ്‌പീക്കറുടെ അധ്യക്ഷതയില്‍ ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. പ്രശ്നത്തില്‍ ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ എം.എല്‍.എമാരായാ രാജേഷിനെയും ജെയിംസ് മാത്യുവിനെയും ഒരു ദിവസത്തേയ്ക്ക് സസ്‌പെന്റ് ചെയ്യാനാണ് ഭരണപക്ഷ നീക്കം. വ്യാജ ആരോപണം ഉന്നയിച്ചതിന് മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കും. ഇന്ന് രാവിലെ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തില്‍ ആരോപണ വിധേയരായ രണ്ടംഗങ്ങളും സ്പീക്കറുടെ ഓഫീസില്‍ വച്ച് തെറ്റ് ഏറ്റു പറയണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രസ്താവന സഭയില്‍ നടത്താമെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷം യോഗം ചേര്‍ന്ന്‌ ഇക്കാര്യം തള്ളി. ഖേദം പ്രകടിപ്പിച്ചാല്‍ വനിതാ വാച്ച്‌ ആന്റ്‌ വാര്‍ഡിനെ കയ്യേറ്റം ചെയ്തുവെന്ന ഭരണപക്ഷ ആരോപണം ശരിവക്കുന്നതിന്‌ തുല്യമാകുമെന്ന് പ്രതിപക്ഷം അറിയിച്ചു. പ്രതിപക്ഷം ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ വേണമെന്ന്‌ യു.ഡി.എഫ്‌ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ സഭ തടസ്സപ്പെടുന്നെങ്കില്‍ തടസ്സപ്പെടട്ടെ എന്ന നിലപാടിലാണ്‌ യു.ഡി.എഫ്‌. നിയമസഭാ മന്ദിരത്തിലെ ഒന്നാമത്തെ നിലയിലുള്ള കാര്യോപദേശക സമിതി ഹാളില്‍ രാവിലെ എട്ടുമണിക്കായിരുന്നു സ്‌പീക്കറുടെ നേതൃത്വത്തില്‍ കക്ഷിനേതാക്കളുടെ യോഗം ആരംഭിച്ചത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ തുടങ്ങി എല്ലാ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയാണ്‌ നടന്നത്‌.