സത്യാര്‍ഥിയും മലാലയും നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി

Wednesday 10 December 2014 7:44 pm IST

ഒസ്‌ലോ: കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനുള്ള വലിയൊരു അവസരമാണ് നൊബേല്‍ പുരസ്‌കാരം ലഭിച്ചതിലൂടെ തങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്ന് കൈലാഷ് സത്യാര്‍ഥിയും മലാല യൂസഫ്‌സായിയും പറഞ്ഞു. ഒരുകുട്ടി അപകടത്തിലാണെങ്കില്‍ പോലും ലോകം തന്നെ അപകടത്തിലാണ്. നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയതിന് ശേഷം സത്യാര്‍ഥിയും മലാലയും ഒരുമിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ പുരസ്‌കാരം വളരെ പ്രധാനപ്പെട്ടതാണ്. കോടിക്കണക്കിന് കുട്ടികള്‍ക്ക് അവരുടെ ബാല്യം നിഷേധിക്കപ്പെടുന്നു. ബാല്യം നഷ്ടപ്പെടുന്ന ഈ കോടിക്കണക്കിന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായിട്ടുള്ള അവസരമാണിതെന്ന് സത്യാര്‍ഥി പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് കുട്ടികളുടെ സമാധാനത്തിനായി പ്രവര്‍ത്തിക്കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷം മുമ്പ് താലിബാന്റെ ആക്രമണത്തിന് മലാല വിധേയയായി. ഇസ്ലാം സമാധാനത്തിന്റെ മതമാണെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ചിലര്‍ക്ക് ഇസ്ലാം എന്താണെന്ന് അറിയില്ലെന്ന് താലിബാനെ പരോക്ഷമായി വിമര്‍ശിച്ച് അവര്‍ പറഞ്ഞു. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഇന്നലെ നോര്‍വെയിലെ ഹറാള്‍ഡ് അഞ്ചാമന്‍ രാജാവിന്റെയും സോജാ രാജ്ഞിയുടെയും സാന്നിദ്ധ്യത്തില്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ കൈലാഷ് സത്യാര്‍ഥിക്കും മലാല യൂസഫ്‌സായിക്കും സമ്മാനം സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.