ഗണേഷിന്റെ ആരോപണം കേന്ദ്രഏജന്‍സി അന്വേഷിക്കണം: ബിജെപി

Wednesday 10 December 2014 8:12 pm IST

ആലപ്പുഴ:പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ ഭരണകക്ഷി എംഎല്‍എ കെ.ബി. ഗണേഷ്‌കുമാര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിവിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്നത് പതിവായിരിക്കുകയാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തിലും സത്യാവസ്ഥ പുറത്തുവരാതിരിക്കാന്‍ ഇരുപക്ഷവും ഒന്നിക്കും. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂ. ഭരണപക്ഷത്തിന്റെ ബി ടീമായി പ്രതിപക്ഷം മാറിയെന്നതാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ പൂര്‍ണമായും അഴിമതിയില്‍ മുങ്ങിക്കുളിച്ച കാലം ഇതിനുമുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ചുംബനസമരത്തെ അനുകൂലിച്ച് ചുംബിലാബ് വിളിച്ചവര്‍ ഇപ്പോള്‍ നയംമാറ്റിയത് പൊതുജനം ഇത്തരം ആഭാസങ്ങള്‍ക്ക് എതിരാണെന്നു തിരിച്ചറിഞ്ഞതിനാലാണെന്ന് ബിജെപി മെഗാ മെമ്പര്‍ഷിപ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തിലും നിലപാടില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. ഇതിന്റെ ഉദാഹരണമാണ് ചുംബന സമരം. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതികരിക്കാതെ ഒത്തുകളിച്ച സിപിഎം, അണികളുടെയും പൊതുജനത്തിന്റെയും ശ്രദ്ധതിരിച്ചുവിടാനാണ് ചുംബന സമരത്തിന്റെ പിന്നാലെ പോയത്. ആ നീക്കം ഗുണകരമല്ലെന്നുകണ്ടാണ് പിണറായി ഇപ്പോള്‍ ചുംബനസമരത്തെ തള്ളിപ്പറഞ്ഞതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്നു അണികള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുകയാണ്.നേതൃത്വത്തിന്റെ നിലപാടുകളില്‍ നിരാശരായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഏക പ്രതീക്ഷ ബിജെപിയിലാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലമായ മെമ്പര്‍ഷിപ് ക്യാമ്പയിനാണ് ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്. മുഴുവന്‍ പാര്‍ട്ടിപ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും മുരളീധരന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.