പരോളിലിറങ്ങി മുങ്ങിയത് 58 തടവുകാര്‍

Wednesday 10 December 2014 8:20 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പരോളില്‍ ഇറങ്ങി തിരിച്ചെത്താത്ത 58 തടവുകാരുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 12 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. മന്ത്രി പി.ജെ ജോസഫിനെതിരെ മൂന്ന് അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പതിനഞ്ച് എംഡി മാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് 3.49 ലക്ഷം ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 180 കൊലപാതകങ്ങള്‍, 7880 സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, 2872 ഗാര്‍ഹിക പീഡനകേസുകള്‍ ഉണ്ടായി. 2013 ല്‍ 372 കൊലപാതകങ്ങള്‍, 5.83 ലക്ഷം ക്രിമിനല്‍ കേസുകളും 13738 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഉണ്ടായി. 10 കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കസ്റ്റഡി മരണം തടയുന്നതിനുള്ള നടപടികളെപ്പറ്റി വിശദമാക്കാന്‍ സുപ്രീംകോടതിയില്‍ നിന്ന് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതുമാസത്തിനിടെ 981 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒന്നു മുതല്‍ പതിനേഴ് വയസ്സുള്ളവര്‍വരെ ഉള്‍പ്പെട്ട 555 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 675 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 223 കേസുകളുണ്ട്. ജയിലുകളില്‍ തടവുകാരുണ്ടാക്കുന്ന ചപ്പാത്തി, കോഴിക്കറി വില്‍പ്പനയിലൂടെ ഇതുവരെ 10.48 കോടി രൂപ ലാഭമുണ്ടാക്കി. ജയിലുകളിലെ വരുമാനത്തില്‍ 2011 മുതല്‍ ഇതുവരെ 52,61,30,162 രൂപ ലഭിച്ചു. ഭക്ഷ്യസാധന വിലയിലൂടെയാണ് ഇത്രയും തുക ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.