എഴുപുന്ന-കുമ്പളങ്ങി പാലം ഉദ്ഘാടനം 19ന്

Wednesday 10 December 2014 9:17 pm IST

ചേര്‍ത്തല: എഴുപുന്ന കുമ്പളങ്ങി പാലത്തിന്റെ ഉദ്ഘാടനം 19ന്. അപ്രോച്ച് റോഡിന്റെ മിനുക്കു പണികള്‍ അന്തിമ ഘട്ടത്തില്‍. 15ന് പാലം ഗതാഗതത്തിനായി തുറന്നു നല്‍കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ 19ലേക്ക് ഉദ്ഘാടനം മാറ്റുകയായിരുന്നു. അപ്രോച്ച് റോഡുകളുടെ ടാറിടല്‍ പൂര്‍ത്തിയാകാറായി. പാലത്തിന്റെ മേല്‍ത്തട്ട് കോണ്‍ക്രീറ്റ് ടൈലുകള്‍ പാകി കഴിഞ്ഞു. റോഡിന്റെ വശങ്ങളിലെ ഫുട്പാത്തും, റോഡില്‍ നിന്ന് താഴേക്കിറങ്ങുവാനുള്ള പടികളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം- ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ പണി നീണ്ടുപോയത് അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ചില തര്‍ക്കങ്ങള്‍ നിലനിന്നതിനാലാണ്. ബിജെപി യുള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകളും നാട്ടുകാരും നിരവധി സമരങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2008 ല്‍ പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ പിന്നെയും വേണ്ടി വന്നു. ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇരു ഭാഗത്തെയും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ ആലപ്പുഴയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ സുഗമമാകും. ജില്ലയില്‍ നിന്ന് പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസുകള്‍ ഉടന്‍ തന്നെ സര്‍വ്വീസ് നടത്തിത്തുടങ്ങും. അതോടെ എഴുപുന്ന നിവാസികള്‍ക്ക് ദേശീയപാതയിലേക്ക് കടക്കാതെ തന്നെ കൊച്ചിയിലേക്ക് പോകുവാന്‍ കഴിയും. 19 ന് 12.30 ന് കുമ്പളങ്ങിക്കരയില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.